അമ്പിളിക്കലചൂടും

അമ്പിളിക്കലചൂടും അൻപൊളിക്കതിർ തൂകും
വമ്പാർന്നു വാഴുന്ന തമ്പുരാനേ
ഇണ്ടലിൻ അലനീക്കി വിണ്ടലപദം നല്കും
ശ്രീകണ്ഠനേ നിത്യം കൈതൊഴുന്നേൻ, ഞാൻ
മുക്കാൽ വലം വെച്ചു കുമ്പിടുന്നേൻ


തിരുനടയിൽ നീ വാണരുളുന്നൂ
തവപരിവാര സമേതം
പരിദേവനം ചൊല്ലി പ്രണമിച്ചു നില്ക്കുന്നു
പരിജന സന്ദോഹം
പാഹി പാഹി പരമേശ്വര പാവന
പാഹി പാഹി ശിവശങ്കരഭോ
പാഹി പാഹി ശ്രീപാർവ്വതി വല്ലഭ
തവ ചരണം അനവരതം മമശരണം


പഞ്ചാക്ഷരിമന്ത്രം ഉരുവിട്ടു നീങ്ങുന്നൂ
പ്രദക്ഷിണ വീഥിയിലൂടെ
പലവുരു ഗീതികൾ പാടിനിൻ തൃപ്പാദം
പണിയുന്നു നിർവൃതിയോടെ
പാഹി പാഹി ശ്രീകണ്ഠമഹേശ്വര
പാഹി പാഹി ഹര രുദ്ര വിഭോ
പാഹി പാഹി മദനാന്തക സുന്ദര
തവ ചരണം അനവരതം മമശരണം