വി സാംബശിവൻ

V Sambashivan
Date of Birth: 
Thursday, 4 July, 1929
Date of Death: 
Sunday, 21 April, 1996
സാംബശിവൻ
കഥ: 1

കൊല്ലം തെക്കുംഭാഗം നടുവത്തുചേരി മേലൂട്ട് വേലായുധന്റെയും ശാരദയുടെയും മകനായി ജനിച്ചു. ചവറ സൗത്ത്ഗവണ്മെന്റ് യു.പി.സ്കൂളിലും ഗുഹാനന്ദപുരം സംസ്കൃത സ്കൂളിലും ചവറ ശങ്കരമംഗലം സ്കൂളിലുമായിരുന്നു സാംബശിവന്റെ പ്രാഥമിക വിദ്യാഭ്യാസം. കൊല്ലം ശ്രീനാരായണ കോളജ് ബി.എ ഒന്നാം ക്ലാസ്സിൽ പാസ്സായി. 1957 -ൽ ഗുഹാനന്ദപുരം ഹൈസ്കൂളിൽ അദ്ധ്യാപകനായി. 

1949 -ലെ ഓണക്കാലത്ത് ഗുഹാനന്ദപുരം ക്ഷേത്ര സന്നിധിയിലായിരുന്നു സാംബശിവന്റെ ആദ്യ കഥാപ്രസംഗ അവതരണം. ദേവത എന്ന കഥയായിരുന്നു അദ്ധേഹം അവതരിപ്പിച്ചത്. കഥ ആസ്വാദകരുടെ മനസ്സിൽ പതിഞ്ഞു. തുടർന്ന് ആയിരക്കണക്കിനു വേദികൾ അദ്ദേഹത്തെ തേടി എത്തി. പഠിക്കുന്ന കാലത്തും തിരക്കുള്ള കാഥികനായി കഥ പറഞ്ഞ് കേരളത്തിലാകെ മുന്നേറി. ദേവതക്കു ശേഷം കൊച്ചുസീത, മഗ്ദലനമറിയം, വാഴക്കുല ,ആയിഷ,റാണി, പട്ടുനൂലും വാഴനാരും ,പ്രേമശിൽപ്പി, പുള്ളിമാൻ എന്നീ കഥകൾ സാംബശിവനെ പ്രശസ്ഥ കാഥികനാക്കി. 1963 -ൽ കഥാപ്രസംഗവേദിയിൽ ഒരു വഴിത്തിരിവ് സൃഷ്ടിച്ചുകൊണ്ട് വിശ്വസാഹിത്യകാരനായ ലിയോ ടോൾസ്റ്റോയിയുടെ 'ദ പവർ ഓഫ് ഡാർക്നെസ്' (തമശ്ശക്തി) എന്ന നാടകം ‘അനീസ്യ’ എന്ന പേരിൽ കഥാപ്രസംഗമായി അദ്ദേഹം അവതരിപ്പിച്ചു. കഥാപ്രസംഗമായി മാറിയ ആദ്യ വിശ്വസാഹിത്യകൃതിയായിരുന്നു ഇത്.

‘ഒഥല്ലോ ദി മൂർ ഒഫ് വെനീസ്’ എന്ന വിഖ്യാത ഷേക്സ്പീരിയൻ ദുരന്തനാടകം 1964 -ൽ സാംബശിവൻ കഥാപ്രസംഗവേദികളിൽ എത്തിച്ചു. ഷേക്സ്പിയർ നാടകങ്ങൾ ഉന്നത വിദ്യാഭ്യാസത്തിന് സൗഭാഗ്യം സിദ്ധിച്ചവർ മാത്രം പരിചയപ്പെട്ട കൃതികളായിരുന്നു അന്ന് കേരളത്തിൽ. കഥാപ്രസംഗം ആക്കുന്നതു വഴി കലാശാലകളിൽ പഠിക്കുവാൻ ഭാഗ്യമില്ലാത്ത സാധാരണക്കാരന് അത് പകർന്ന് കൊടുക്കുക എന്നതായിരുന്നു സാംബശിവന്റെ ലക്ഷ്യം. കഥാപ്രസംഗ രംഗത്തെ പ്രശസ്തി സാംബശിവന് ചലച്ചിത്ര മേഖലയിൽ അവസരമൊരുക്കി. 1983 -ൽ പല്ലാങ്കുഴി എന്ന സിനിമയിൽ നായകനായിക്കൊണ്ട് സാംബശിവൻ സിനിമാഭിനയ രംഗത്ത് തുടക്കം കുറിച്ചു. അതിനുശേഷം 1991 -ൽ ആദ്യമായി എന്ന സിനിമയിലും ഒരു വേഷം ചെയ്തു. 2016 -ൽ ഇറങ്ങിയ അനീസ്യ എന്ന സിനിമയുടെ കഥാരചന സാംബശിവനായിരുന്നു.