ദശരഥം വീണ്ടും കാണുമ്പോൾ

ജഗത് ജയറാം

"ആനി മോനേ സ്നേഹിക്കുന്ന പോലെ മാഗിക്കെന്നെ സ്നേഹിക്കാമോ "-രാജീവ് മേനോൻ(ദശരഥം)

ദശരഥം ഒന്നു കൂടി കാണുകയായിരുന്നു.
ക്ലൈമാക്സിലെ ലാലിന്റെ ഒരു നിമിഷത്തിൽ മിന്നി മറയുന്ന അത്യുഗ്രൻ ഭാവപ്രകടനങ്ങൾ കണ്ട് അമ്പരന്നു പോകുന്നത്/മനസ്സിൽ തറഞ്ഞു കയറുന്നത് ആ കഥാപാത്രം വെറുതെ വേദനിക്കുന്നവനായത് കൊണ്ടല്ല, ചിരി കൊണ്ട് അയാൾ അനുഭവിച്ച ആത്മസംഘർഷത്തെ/വേദനയെ പൊതിയാൻ ശ്രമിക്കുന്നത് കൊണ്ടാണ് എന്നാണ് തോന്നുന്നത്.
ഈ ഒരു സംഭാഷണം ദശരഥത്തിന്റെ ക്ലൈമാക്സിൽ ലാലിന്റെ കഥാപാത്രം പറയുന്നത് ശ്രദ്ധിച്ചു നോക്കിയാൽ മനസ്സിലാവുന്ന ഒന്നുണ്ട്. " മാഗിക്ക് " എന്ന് പറഞ്ഞു തുടങ്ങാനായിരുന്നു രാജീവ് ആദ്യം ശ്രമിച്ചത്. " മാഗിക്ക് എന്നെ സ്നേഹിക്കാമോ " എന്ന് മാത്രം .പക്ഷേ ആനിയെക്കൂടി ചേർത്ത് പറഞ്ഞാലെ അതിന് വ്യക്തത വരൂ. അയാൾ മാഗിയിൽ ( സുകുമാരി ) നിന്ന് ആഗ്രഹിക്കുന്നത് ( വെറുതെയാണെങ്കിലും ) കിട്ടാതെ പോയ സ്നേഹത്തിന്റെ ,മാതൃത്വത്തിന്റെ അംശങ്ങളാണല്ലോ. ഉള്ളിൽ നിന്ന് ആദ്യം തികട്ടി വന്നത് നിയന്ത്രിച്ചു കൊണ്ട് രാജീവ് അത് മാറ്റി പറഞ്ഞാലാണല്ലോ "മാഗിക്കും" കണ്ടു കൊണ്ടിരിക്കുന്ന പ്രേക്ഷകർക്കും അയാൾ അനുഭവിച്ച ആത്മസംഘർഷവും വേദനയും കിട്ടാതെ പോയ സ്നേഹ പരിലാളനങ്ങളും അത് കിട്ടാൻ കൊതിക്കുന്ന മനസ്സും അതിന്റെ പൂർണ്ണതയിലും വ്യക്തതയിലും മനസ്സിലാക്കാൻ സാധിക്കുമായിരുന്നുള്ളൂ എന്നതിനാലാകണം തിരക്കഥാകൃത്ത് ലോഹിതദാസ് ബോധപൂർവ്വം അങ്ങനെ തന്നെ സംഭാഷണമെഴുതി ഫലിപ്പിക്കാൻ കാരണം. കാരണം ആ ഒരു സിറ്റുവേഷനിൽ വേറൊരു സംഭാഷണവും അത്രത്തോളം അനുയോജ്യമാവില്ല എന്നത് തന്നെ. ലോഹിതദാസ് ഒരു കഥാപാത്രത്തെ എഴുതി അവതരിപ്പിക്കുമ്പോൾ ആ കഥാപാത്രത്തിന്റെ തീവ്രമായ വേദനകൾ/സംഘർഷങ്ങൾ അതേ പോലെ കണ്ടുകൊണ്ടിരിക്കുന്ന പ്രേക്ഷകരുടേത് കൂടിയാകുന്നു. എപ്പോഴും വളരെ ഡീറ്റയില്ഡ് ആണ് കഥാപാത്രനിർമ്മിതി. സൂക്ഷിച്ച് നോക്കിയാൽ മനസ്സിലാകുന്നതാണ്.പ്രത്യേകിച്ചും ഇതിൽ രാജീവ് മറ്റുള്ളവരോട് ഇടപെടുന്ന രീതി, സംസാരിക്കുന്ന രീതി, സംസാരം, ആംഗ്യ വിക്ഷേപങ്ങൾ ഒക്കെ .ഉദാഹരണത്തിന് സുകുമാരിയുടെ കഥാപാത്രത്തോട് (മാഗി) മൂഷിക സ്ത്രീ വീണ്ടും മൂഷിക സ്ത്രീയായ കഥ പറയുമ്പോൾ ഇങ്ങനെ ഒരു സംഭാഷണം ഉണ്ട് " ഒരു മകൻ ഉണ്ടാവണമെന്ന് ഒരു വട്ട് തോന്നി. അത് കഴിഞ്ഞു.ഇനി ചെയ്ഞ്ചുള്ള മറ്റെന്തെങ്കിലും വട്ടുണ്ടോ?" ഈ സീനിൽ രാജീവിന്റെ എക്സ്പ്രഷൻ നന്നായി വന്നിട്ടുണ്ട്. അതുപോലെ കരമന ജനാർദ്ദനന്റെ മാനേജർ കഥാപാത്രവും ലാലും തമ്മിലുള്ള ഒരു സീനുണ്ട്. 
മാനേജർ: "ഈ കുട്ടികൾ ഒക്കെയുള്ള തിന്റെ ഒരു രസം ഇപ്പൊ മനസ്സിലായോ?"
രാജീവ്: "ആ മനസ്സിലായി. നല്ല രസമുണ്ട്. ടോട്ടലി ഒരു ഡിഫറന്റ് എക്സ്പീരിയൻസ് "
ഈ സീനിലും ലാലിന്റെ ആംഗ്യ വിക്ഷേപങ്ങൾ ഒരു രക്ഷയുമില്ലാത്തതാണ്.രാജീവ് രക്തബന്ധങ്ങളുടെ വില അറിയാതെ വളർന്നത് കൊണ്ട് എങ്ങനെ ആളുകളോട് സംസാരിക്കണമെന്നറിയില്ല. ഒരിക്കൽ രാജീവ് ബാറിൽ വച്ച് കറിയാച്ചന്റെ (നെടുമുടി വേണു )കുഞ്ഞിനെ ആവശ്യപ്പെട്ടതിലും അത്ഭുതപ്പെടാനില്ല. നെടുമുടി വേണുവിന്റെ കഥാപാത്രം (കറിയാച്ചൻ ) കുടിച്ചിട്ടാണെങ്കിലും " തന്നെപ്പറഞ്ഞിട്ട് കാര്യമില്ല.തനിക്കത് പറഞ്ഞാൽ മനസ്സിലാവില്ല. ബന്ധങ്ങളുടെ വില എന്താണെന്ന് തനിക്കറിയില്ല. തന്റെ കുറ്റമല്ല " എന്ന് തിരിച്ചു പറയുന്നുണ്ട്. കുറെ പണം കൊടുത്തോ എറിഞ്ഞോ അല്ലാതെയൊ നിസ്സാരമായി വാങ്ങാവുന്നതാണ് എല്ലാം എന്നൊരു കാഴ്ചപ്പാടാണ് രാജീവിന് ഉള്ളത്. അയാൾക്ക് അച്ഛനും മകനും തമ്മിലുള്ള സ്നേഹ ബന്ധത്തിന്റെ തീവ്രതയറിയില്ല. അറിയുമായിരുന്നുവെങ്കിൽ അങ്ങനെ ചോദിക്കുമായിരുന്നില്ലല്ലോ. ഇത്തരം കഥാപാത്ര നിർമ്മിതിയൊക്കെ "അപൂർവ്വങ്ങളിൽ അപൂർവ്വം " മാത്രം സംഭവിക്കുന്ന ഒന്നാണ്.അത് കൊണ്ട് തന്നെയായിരിക്കണം ഒരു എഴുത്തുകാരൻ എന്ന നിലയ്ക്ക് മലയാളത്തിലെ ഏറ്റവും മികച്ച തിരക്കഥാകൃത്തുക്കളിൽ ഒരാൾ എന്ന് ആദ്യം തന്നെ ലോഹിതദാസിനെ വിശേഷിപ്പിക്കാൻ തോന്നുന്നത്. അത് തീർത്തും എഴുത്തുകാരന്റെ ഗുണമാണ്. അയാളുടെ ജീവിതവീക്ഷണത്തിന്റെയും കാഴ്ചപ്പാടിന്റെയും ഗുണമാണ്.ഒരു പക്ഷേ ലോഹിതദാസ് തന്റെ തന്നെ ജീവിതത്തിൽ നിന്ന് തന്നെ അടർത്തിയെടുത്തതാണോ/പകർത്തിയെഴുതിയതാണോ ഈ കഥാപാത്രം എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഉണ്ടാക്കപ്പെടുന്ന കഥാപാത്രങ്ങളിൽ എവിടെയൊക്കെയോ എഴുത്തുകാരന്റെ/അയാൾ റിയൽ ലൈഫിൽ കണ്ട ആൾക്കാരുടെ തന്നെ മറ്റൊരു വേർഷൻ പല തരത്തിൽ കടന്ന് വരും എന്ന് തന്നെ വിശ്വസിക്കുന്നു. ലോഹിതദാസിനെപ്പോലൊരു പ്രതിഭയ്ക്ക് അങ്ങനെ സ്വയം പ്രതിഫലിപ്പിക്കാതെ ഇത്തരം കഥാപാത്രങ്ങൾ സ്ക്രീനിൽ കാണിക്കുവാൻ കഴിയുമെന്ന് തോന്നുന്നില്ല.
ക്ലൈമാക്സിലെ സംഭാഷണം ശ്രദ്ധിക്കുക. അമ്മയുടെ സ്നേഹവും പരിചരണവും കിട്ടാതെ പോയ ഒരു മകന്റെ വായിൽ നിന്ന് സംഭാഷണം അങ്ങനെയല്ലേ വരാൻ പാടുള്ളൂ. അയാൾക്ക് അമ്മമാരെക്കുറിച്ച് വലിയ ധാരണയില്ല.
രാജീവ് :-" എല്ലാ അമ്മമാരും ആനിയെ പോലാണോ?"
മാഗി :-"അതെ കുഞ്ഞേ. മനസ്സിലുള്ളത് എനിക്കറിയാം. കുഞ്ഞിന്റെ അമ്മയെക്കുറിച്ചല്ലേ ഓർത്തത്? ഞാനും കേട്ടിട്ടുണ്ട്. ആ സ്ത്രീയ്ക്ക് ഒരിക്കലും സുഖം കിട്ടിയിട്ടുണ്ടാവില്ല. ജീവിതം മുഴുവൻ നീറി നീറി കഴിഞ്ഞിട്ടുണ്ടാകും"
അമ്മയുടെ സ്നേഹ പരിലാളനങ്ങൾ കിട്ടാതെ വളർന്ന രാജീവിന് തനിക്ക് കിട്ടാതെ പോലെ സ്നേഹവാത്സ്യല്യങ്ങൾ വേറൊരാളുടെ / തന്റെ തന്നെ രക്തത്തിൽ പിറന്ന കുട്ടിക്ക് പകർന്ന് കൊടുക്കാൻ തോന്നിയതിൽ യാതൊരു അസ്വാഭാവികതയുമില്ല.അങ്ങനെ തോന്നിയില്ലങ്കിലേ അത്ഭുതമുളളൂ. അതു കൊണ്ടാണ് തന്റെ വീട്ടിൽ കുറച്ച് ദിവസം കളിയും ചിരിയുമായി വന്ന കറിയാച്ചന്റെ കുട്ടികളെ കണ്ടപ്പോൾ ഒരു കുട്ടിയെ വളർത്തിയാൽ കൊള്ളാം എന്ന പ്രചോദനം കിട്ടുന്നത്. ഒരു ഘട്ടത്തിൽ ആനിയുടെ കുട്ടിയെ തിരിച്ചു കിട്ടില്ല എന്ന ഘട്ടത്തിൽ അവളുടെ വീട്ടിൽ രാജീവ് ചെന്ന് അപേക്ഷിക്കുന്നതിങ്ങനെയാണ്.
"മനുഷ്യത്വത്തിന്റെ പേരിൽ ഒരിക്കൽ കൂടി അപേക്ഷിക്കുകയാണ്.ബന്ധുവെന്ന് പറയാൻ ഇവൻ മാത്രമേയുള്ളൂ. ആർക്കും സ്നേഹം കൊടുത്തിട്ടില്ല. കിട്ടിയിട്ടുമില്ല. ഇത് വരെ ഒരു ഒഴുക്കായിരുന്നു ലൈഫ്. എങ്ങോട്ടോ ഒഴുകിപ്പോകുന്നു. എന്റെ മകൻ ഉണ്ടായതിന് ശേഷം പുതുതായി പലതും, പല കണക്കു കൂട്ടലുകളും, പുതിയൊരു ജീവിതം തന്നെ തുടങ്ങുകയായിരുന്നു. ഇതു വരെ കരുതി വെച്ചിരുന്ന സ്നേഹം മുഴുവൻ ഞാനിവന് കൊടുത്തു. അതെല്ലാം നഷ്ടമാവുമ്പൊ എനിക്ക് സഹിക്കാൻ കഴിയുന്നില്ല. അതു കൊണ്ട് എനിക്കുള്ളതെല്ലാം എടുത്ത് എന്റെ മകനെ മാത്രം എനിക്ക് തന്നു കൂടെ?"ഇവിടെയൊക്കെ രാജീവിന്റെ ക്യാരക്ടർ വളരെ കൃത്യമായി വ്യക്തമാക്കപ്പെടുന്നുണ്ട്. ഒരു തരത്തിൽ ആനിയാൽ തിരിച്ചറിവുകൾ ഉണ്ടാകുകയാണ് രാജീവിന്. 
" ആനീ എനിക്ക് സന്തോഷമേയുള്ളൂ, എന്റെ മകൻ മിടുക്കനായി വളരും, നിന്നിലൂടെ ഞാൻ പലതും പഠിക്കാൻ തുടങ്ങുകയാണ് "

ഈ സിനിമയുടെ പിറവിക്ക് കാരണമായ ഒരു സംഭവത്തെപ്പറ്റി ലോഹി പറഞ്ഞിട്ടുണ്ട്.കേരളത്തിലെ പ്രശസ്തയായ ഒരു ഗൈനക്കോളജിസ്റ്റിന്റെ കീഴിൽ കൃത്രിമ ബീജസങ്കലന രീതിയുടെ ഭാഗമായി പുരുഷ ബീജങ്ങൾ ആവശ്യമുണ്ടായിരുന്നു. ഈ ഒരു അവസരത്തിൽ ലോഹിതദാസും ബീജദാനം നടത്തുകയായിരുന്നു. ഈ ഒരു അവസരത്തിലാണ് ഇത്തരമൊരു പ്രമേയത്തിന്റെ സാധ്യത ലോഹിയുടെ മനസ്സിൽ നാമ്പിട്ടത് എന്ന് അദ്ദേഹം തന്നെ പറയുകയുണ്ടായി. എന്തു തന്നെയായാലും സ്ത്രീത്വത്തിന്റെയും മാതൃത്വത്തിന്റെയും മഹത്വം അടയാളപ്പെടുത്തിയ മനസ്സിറങ്ങി പോകാത്ത വൈകാരികാനുഭവം തന്നെയാണ് "ദശരഥം"

ദശരഥം വിശദവിവരങ്ങൾ.