ഭരതൻ ചിത്രങ്ങളിലെ ഹിന്ദോള രാഗങ്ങൾ

അരുൺ ദിവാകരൻ

ഭരതന്‍ ചിത്രങ്ങളിലെ പ്രത്യേകതകളില്‍ ഏറ്റവും എടുത്തു പറയേണ്ടത് അതിലെ സംഗീതം ആണ്. ഹിന്ദോളം എന്ന കര്‍ണ്ണാടക സംഗീതത്തിലെ ഒരു രാഗം ഭരതൻ ചിത്രങ്ങളിലെ ഗാനങ്ങളില്‍ വളരെ പ്രാധാന്യമുള്ളതായി കണ്ടുവരാറുണ്ട് . മധ്യമാവതി , ഹിന്ദോളം എന്നിവ ഭരതന്റെ പ്രിയരാഗങ്ങള്‍ ആയിരുന്നു. എന്നാലും അതിൽ ഹിന്ദോളം പലപ്പോഴും പല സന്ദര്‍ഭങ്ങളിലും അദ്ദേഹത്തിന്റെ ഒട്ടേറെ ചിത്രങ്ങളില്‍ പശ്ചാതലമായിട്ടുണ്ട് .മലയാള സിനിമയിലെ പല പ്രഗത്ഭരായ സംഗീത സംവിധായകരും വളരെ വ്യത്യസ്തമായ രീതിയിൽ ആണ് ഈ രാഗത്തെ സ്വന്തം സൃഷ്ടികളിൽ ഭരതന്‍ ചിത്രങ്ങളില്‍ കൊണ്ട് വന്നിട്ടുള്ളത്‌.

പ്രണയത്തിനു രതിക്കും പ്രാധാന്യം നൽകുന്നത് പോലെ സംഗീതത്തിനും വളരെയേറെ പ്രാധാന്യമുണ്ട് ഭരതൻ ചിത്രങ്ങളിൽ. ഭരതൻ ചിത്രങ്ങളിലെ ഗാനങ്ങളിൽ പെന്റാട്ടോണിക്‌ സ്കെയിൽ ( 5 സ്വരങ്ങൾ ) ആണ് കൂടുതലും കണ്ടുവരുന്നത്. മോഹനം , മാധ്യമാവതി, ഹിന്ദോളം, ശുദ്ധ ധന്യാസി എന്നീ പെന്റാട്ടോണിക്‌ രാഗങ്ങൾ ഒക്കെ അദ്ദേഹത്തിന്റെ ചിത്രങ്ങളിൽ പൊതുവേ കടന്നു വരുന്നത് സ്വാഭാവികമാണ്. 

ഭരതന്‍ ചിത്രങ്ങളില്‍ ഹിന്ദോള രാഗം വരുന്ന ഗാനങ്ങളിലൂടെ ഒരു യാത്ര.

പ്രണാമം - പ്രകൃതിപോലും തലകുനിക്കുന്ന പവിത്രമായ ബന്ധമാണ് ഒരു അമ്മയും മകനും തമ്മിലുള്ളത്. പ്രണാമം എന്നാ ചിത്രത്തിലെ താളം മറന്ന താരാട്ടു കേട്ടെൻ തേങ്ങും മനസ്സിന്നൊരാന്ദോളനം. ഈ ഗാന ചിത്രീകരണതിലും ഭരതന്‍, അമ്മയും മകനും തമ്മിലുള്ള സ്നേഹ ബന്ധത്തിനെ ആഴം വളരെ തീവ്രമായാണ് ചിത്രീകരിച്ചിരിക്കുന്നത്. ഹിന്ദോള രാഗത്തില്‍ ഔസേപ്പച്ചന്റെ അതിമനോഹരമായൊരു സൃഷ്ടി. എം ജി ശ്രീകുമാറിന്റെ മനോഹരാലാപനമാന് ഈ ഗാനത്തിന്റെ മറ്റൊരു പ്രത്യേകത.

വൈശാലി - മഹാഭാരതത്തിലെ ചെറിയൊരു ഉപകഥ മാത്രമാണ് വൈശാലി എന്ന ഭരതന്‍ ചിത്രം. പലപ്പോഴും ഈ ചിത്രം കാണുമ്പോള്‍ ആ കാലഘട്ടത്തില്‍ ചിത്രീകരിച്ചതാണോ എന്ന് തോന്നിപ്പോകും .അത്രമാത്രം ഗംഭീരം ആണ് ഈ ചിത്രത്തിലെ കലാസംവിധാനം. ബോംബെ രവി ഈണമിട്ട രണ്ട് ഗാനങ്ങളാണ് ഹിന്ദോള രാഗത്തില്‍ ഈ ചിത്രത്തില്‍ ഉള്ളത്. ഋഷ്യശ്രിംഗന്‍ സ്ത്രീ ശരീരം കാണുന്നതും അത് ആസ്വദിക്കുന്നതുമായാണ് ഗാനചിത്രീകരണം. ഒരു ചിത്രത്തില്‍ തന്നെ ഒരേ രാഗത്തില്‍ പലഗാനങ്ങള്‍ ചെയ്യുന്നത് ശ്രീ ബോംബെ രവിയുടെ ഒരു പ്രത്യേകതയാണ്. നഖക്ഷതങ്ങളില്‍ തന്നെ മോഹനരാഗത്തില്‍ 3 ഗാനങ്ങളാണ് അദ്ദേഹം ചെയ്തിട്ടുള്ളത്. 

ഇന്ദ്രനീലിമയോലും ഈ മിഴി പൊയ്കകളില്‍:

തേടുവതേതൊരു ദേവപദം:

അമരം - ഒരു മനുഷ്യന് എതിർ ലിംഗത്തോട് തോന്നുന്ന സ്നേഹം പ്രകൃതിനിയമമാണ്. ഒരു അച്ഛന് മകളോടുള്ള സ്നേഹവും ഒരു പെണ്‍കുട്ടിക്ക് പുരുഷനോടുള്ള പ്രണയവും കടലിന്റെ പശ്ചാത്തലത്തിൽ പ്രമേയമാക്കിയ ചിത്രമായിരുന്നു അമരം. അമരത്തിലെ അച്ചു എന്നാ കഥാപാത്രത്തിന്റെ മകള്‍ മുത്തിന്റെ ശൈശവം മുതല്‍ യൌവ്വനം വളരെയുള്ള വളര്‍ച്ചയാണ് ഈ ഗാനരഗത്ത് കാണിക്കുന്നത്. പുലരി പൂങ്കൊടിയിൽ എന്ന ഗാനം 4 രാഗങ്ങൾ വരുന്ന ഒരു രാഗമാലികയാണ്. ഈ ഗാനത്തിലെ " കാണെ കാണെ കണ്‍ നിറഞ്ഞേ പൂമ്പൈതല്‍ " എന്ന വരികളിലാണ് ഹിന്ദോള രാഗം രവീന്ദ്രന്‍ മാഷ്‌ കൊണ്ട് വരുന്നത്.

പാഥേയം - രാസനിലാവിനു താരുണ്യം രാവിനു മായിക ഭാവം ........... വളരെ വ്യത്യസ്തമാണ് ഈ ഗാന ചിത്രീകരണം. ശ്രീ ബോംബെ രവിയുടെതാണ് സംഗീതം ചന്ദ്രദാസ് എന്നാ നായക കഥാപാത്രത്തിന്റെ ജീവിതത്തിന്റെ ഒരു ഘട്ടം ആണ് ഗാനരംഗം. ചന്ദ്രദാസ് വിവാഹിതനവുന്നതും അവര്‍ക്ക് കുഞ്ഞു ഉണ്ടാകുന്നതും ഭാര്യ പ്രസവിക്കുനതും കുഞ്ഞിനു ചോറ് കൊടുക്കുനതും ഒക്കെയായി ഒരു കുടുംബത്തില്‍ നടക്കുന്ന കാര്യങ്ങള്‍ ഒരു ഗാനത്തിലൂടെ ഭംഗിയായി ചിത്രീകരിച്ചിരികുന്നു സംവിധായകന്‍ ഭരതന്‍.

കേളി - താരം വാല്‍ക്കണ്ണാടി നോക്കി ..............പ്രണയത്തിന്റെ വിവിധ തലങ്ങൾ കാണിച്ചു തന്ന ഭരതൻ ചിത്രമായിരുന്നു കേളി. വികലാംഗനായ നായകനെ പ്രണയിക്കുന്ന നായിക. പ്രണയം തോന്നുന്നത് വെറും ബാഹ്യരൂപത്തോടല്ല മറിച്ചു മനസും മനസ്സും തമ്മിൽ ആണെന്ന് കേളിയിലൂടെ ഭരതൻ കാണിച്ചു തന്നിരിക്കുന്നു. ഈ ഗാന രംഗത്തും പശ്ചാത്തലമാകുന്നത് ഹിന്ദോളം തന്നെ.

ചമയം - രാജഹംസമേ മഴവില്‍ കുടിലില്‍ സ്നേഹ ദൂതുമായ്‌ ............ ഈ ഗാനരംഗത്തും പ്രണയം തന്നെയാണ് പശ്ചാത്തലം . അടിമയും രാജകുമാരിയും തമ്മിൽ. ജോൺസൻ മാഷിന്റെ അസാധ്യമായ സംഗീതവും കെ എസ് ചിത്ര അസാധ്യമായ ആലാപനവുമാണ് ഈ ഗാനത്തിന്റെ ഒരു പ്രത്യേകത . ഹിന്ദോളരാഗം കീഴ്സ്ഥായി , മേൽസ്ഥായി എന്നിങ്ങനെ പല Octaves ലൂടെ കടന്നു പോകുന്നു ഈ ഗാനത്തിൽ.

ദേവരാഗം - ശിശിരകാല മേഘ മിഥുന രതിപരാഗമോ...........ഇവിടെയും ഗാനചിത്രീകരണം മറ്റൊന്നുമല്ല. പ്രണയ പരവശരായ നായകനും നായികയും പരസ്പരം വികാരങ്ങൾക്ക് അടിമപ്പെട്ട് ഇണചേരുമ്പോഴും പശ്ചാത്തലം ഹിന്ദോളമാണ്. എം എം കീരവാണി ആണ് ഈ ഗാനത്തിന് സംഗീതം നല്‍കിയത്.

മർമ്മരം - കര്‍ണ്ണാമൃതം കണ്ണനു കര്‍ണ്ണാമൃതം യുഗങ്ങളായ് രാഗരാഗിണികള്‍ കണ്ണീരുണങ്ങാതെ നെഞ്ചിലെ വിങ്ങലിന്‍ പൂമഴ പെയ്യും,കര്‍ണ്ണാമൃതം കണ്ണനു കര്‍ണ്ണാമൃതം. മെല്ലിസൈ മന്നൻ എസ് വി ആണ് ഈ ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത്.