പ്രണതോഷ്‌മി ഗുരുവായുപുരേശം ( കെ എസ് ചിത്ര )

അരുൺ ദിവാകരൻ

സിന്ദൂരരേഖ എന്ന ചിത്രത്തിലെ ശ്രീ ശരത് സംഗീതം നല്‍കി കെ ജെ യേശുദാസ് പാടിയ പ്രാണതോഷ്മി ഗുരുവായുപുരേശം എന്ന രീതിഗൌള രാഗത്തിലെ ഗാനം ആണ് എല്ലാവര്ക്കും ഏറെ സുപരിചിതം. ഈ ഗാനത്തിനു കെ എസ് ചിത്ര പാടിയ മറ്റൊരു പതിപ്പ് കൂടിയുണ്ട്. ഒരു അപൂര്‍വ്വ രാഗത്തിലാണ് ഈ ഗാനം ശ്രീ ശരത് കമ്പോസ് ചെയ്തിരിക്കുന്നത്. മായാശ്രീ എന്നാണു ഈ രാഗത്തിന്റെ പേര്. മായാശ്രീ എന്ന രാഗത്തിന്റെ സ്വരസ്ഥാനങ്ങള്‍, അതിന്റെ പ്രത്യേകതകള്‍ എന്തൊക്കെയാണെന്ന് നോക്കാം.

മായാശ്രീ ഒരു ദ്വിമധ്യമ പഞ്ചമ വര്‍ജ്യ രാഗം ആണ്. ദ്വിമധ്യമ പഞ്ചമ വര്‍ജ്യ രാഗം എന്ന് പറഞ്ഞാല്‍ ആരോഹനതിലും അവരോഹണത്തിലും രണ്ടു മധ്യമങ്ങളും ഒരു രാഗത്തില്‍ വരുന്നു. ശുദ്ധ മധ്യമവും പഞ്ചമതിനു പകരം പ്രതി മധ്യമവും.

ദ്വിമധ്യമ പഞ്ചമ വര്‍ജ്യ രാഗങ്ങള്‍ എന്നൊരു മേളകര്‍ത്താ പദ്ധതി കര്‍ണ്ണാടക സംഗീതത്തിലുണ്ട്. 72 മേളകര്‍ത്താ രാഗങ്ങളില്‍ ആദ്യത്തെ 36 ശുദ്ധ മധ്യമ രാഗങ്ങളില്‍ പഞ്ചമം ഒഴിവാക്കി പകരം പ്രതിമധ്യമം ഉപയോഗിച്ച് അഷ്ടോതാരശത എന്നൊരു മേളകര്‍ത്താ പദ്ധതിയില്‍ ഉണ്ടാക്കിയിട്ടുണ്ട്. 72 മേളകര്‍ത്താരാഗങ്ങളും 36 ദ്വിമധ്യമ പഞ്ചമവര്‍ജ്യ രാഗങ്ങളും ചേര്‍ന്ന 108 ( 72 + 36 ) രാഗങ്ങള്‍ ഉള്‍ക്കൊള്ളുന്ന മറ്റൊരു പദ്ധതിയാണ് അഷ്ടോതാരശത മേള കര്‍ത്താ പദ്ധതി.

72 മേളകര്‍ത്താ പദ്ധതിയില്‍ ആദ്യത്തെ 36 ശുദ്ധമധ്യമരാഗങ്ങളുടെ പേരിന്റെ ആദ്യത്തെ രണ്ടു അക്ഷരത്തിന്റെ കൂടെ ശ്രീ ചേര്‍ത്ത് ആണ് ഈ രാഗങ്ങള്‍ക്ക് പേര് നല്‍കിയിരിക്കുന്നത്. 

1. കനകാംഗി – കനകശ്രീ
2. രത്നാംഗി – രത്നശ്രീ
3. ഗാനമൂര്‍ത്തി– ഗാനശ്രീ
4. വാനസ്പതി –വാനശ്രീ
5. മാനവതി – മാനശ്രീ
അങ്ങനെ 15 മത്തെ രാഗമായ മായാമാളവ ഗൌള യില്‍ നിന്നാണ് മായാശ്രീ എന്ന രാഗം ഉണ്ടായിരിക്കുന്നത്. ഈ രാഗത്തില്‍ പ്രതിമധ്യമം വരുന്നതുകൊണ്ട് മായമാളവഗൌളയുടെ പ്രതിമധ്യമ രാഗമായ പന്തു വരാളി ആയി തെറ്റിദ്ധരിക്കപ്പെടാന്‍ സാധ്യത ഏറെയാണ്‌. 

15. മായാമാളവഗൌള
ആരോഹണം - സ രി1 ഗ3 മ1 പ ധ1 നി3 സ
അവരോഹണം - സ നി3 ധ1 പ മ1 ഗ3 രി1 സ

മായാശ്രീ
ആരോഹണം - സ രി1 ഗ3 മ1 മ2 ധ1 നി3 സ
അവരോഹണം - സ നി3 ധ1 മ2 മ1 ഗ3 രി1 സ

ഡോ . ബാലമുരളി കൃഷ്ണ കണ്ടെത്തിയ ഒരു ദ്വിമധ്യമ പഞ്ചമ വര്‍ജ്യ രാഗം ആണ് രോഹിണി . മായാശ്രീ യില്‍ വലിയ ധൈവതം ( ധ2 ) വരുമ്പോള്‍ രോഹിണി ആയി മാറുന്നത്. മാമവ ഗാനാ ലോല എന്നൊരു കൃതി അദ്ദേഹം ഈ രാഗത്തില്‍ കമ്പോസ് ചെയ്തിട്ടുണ്ട്.