ജി ഗോപാലകൃഷ്ണൻ

G Gopalakrishnan
Date of Birth: 
Sunday, 4 November, 1945
എഴുതിയ ഗാനങ്ങൾ: 1
സംവിധാനം: 1
കഥ: 2
സംഭാഷണം: 4
തിരക്കഥ: 4

1945 നവംബർ 4-ന്  സ്വാതന്ത്ര്യ സമര സേനാനിയായിരുന്ന കെ ജി ഗോപാലകൃഷ്ണന്റെയും മാധവിയമ്മയുടെയും മകനായി ആലപ്പുഴ ജില്ലയിലെ ചേർത്തലയിൽ ജനിച്ചു. തിരുവനന്തപുരം പാൽക്കുളങ്ങര NSS ഹൈസ്ക്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ ജി ഗോപാലകൃഷ്ണൻ, യൂണിവേഴ്സിറ്റി കോളേജിൽ  ബി എസ് സി ജിയോളജിയും കേരള യൂണിവേഴ്സിറ്റി ജിയോളജി ഡിപ്പാർട്ട്മെന്റിൽ എം എസ് സി ജിയോളജിയും പഠിച്ചു. കൂടാതെ കേരള യൂണിവേഴ്സിറ്റിയിൽ നിന്നും ഇംഗ്ലീഷിലും മാസ്റ്റർ ബിരുദം നേടി. 1969-ൽ കാസർകോട് ഗവ.കോളേജിൽ അദ്ധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. തുടർന്ന് തൃശ്ശൂർ എഞ്ചിനിയറിംഗ് കോളേജ്, കോട്ടയം ഗവ.കോളേജ്, തിരുവനന്തപുരം എഞ്ചിനിയറിംഗ് കോളേജ്, തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് എന്നിവിടങ്ങളിൽ ലക്ചറർ, പ്രൊഫസർ എന്നീ തസ്തികകളിൽ സേവനം അനുഷ്ഠിച്ചു. പേരാമ്പ്ര സി കേ ജീ മെമോറിയൽ ഗവ.കോളേജ്, തലശ്ശേരി ബ്രണ്ണൻ കോളേജ്, യൂണിവേഴ്സിറ്റി കോളേജ് എന്നിവിടങ്ങളിൽ പ്രിൻസിപ്പലായിരുന്നു. ഇടക്ക് മൂന്നു വർഷം (1966-99) ഒമാനിലെ ഒരു ഇൻഡ്യൻ സ്കൂളിൽ (ISM ,മുലധാ) വൈസ് പ്രിൻസിപ്പലായിരുന്നു. 2001-ൽ കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡിറക്റ്ററായി വിരമിച്ചു.

1978 -ൽ പാദസരം എന്ന സിനിമയ്ക്ക് തിരക്കഥയും,സംഭാഷണവും രചിച്ചുകൊണ്ടാണ് ഗോപാലകൃഷ്ണൻ സിനിമാരംഗത്തേയ്ക്കെത്തുന്നത്. പാദസരത്തിലെ "മോഹവീണതൻ" എന്ന ഗാനം രചിച്ചതും അദ്ദേഹമായിരുന്നു.1980-ൽ ജി ഗോപാലകൃഷ്ണൻ 'ചോര ചുവന്ന ചോര' എന്ന സിനിമ കഥ, തിരക്കഥ, സംഭാഷണം എന്നിവ രചിച്ച് സംവിധാനം ചെയ്തു. താൻ സംവിധാനം ചെയ്ത മാണിക്യത്തമ്പുരാട്ടിയും ക്രിസ്മസ് കരോളും എന്ന ചിത്രത്തിൽ ഗോപാലകൃഷ്ണൻ അഭിനേതാവായും രംഗത്തെത്തി.

സിനിമകളല്ലാതെ നിരവധി അമച്വർ, പ്രൊഫഷണൽ നാടകവേദികളിൽ ഗോപാലകൃഷ്ണൻ പ്രവർത്തിച്ചിട്ടുണ്ട്. ആറ്റിങ്ങൽ ദേശാഭിമാനിക്ക് വേണ്ടി പത്ത് നാടകങ്ങളും (സ്വാമി വിവേകാനന്ദൻ, ശ്രീ ഭൂവിലസ്ഥിര) തുടങ്ങിയവയും, ശ്രീചിത്തിരതിരുനാൾ ഗ്രന്ഥശാലയുടെ നാടകവേദിക്കു വേണ്ടി ദൂരദർശനുമായി സഹകരിച്ചും നാടകങ്ങൾ എഴുതിയിരുന്നു (ഗുരവേ നമ:,മാമാ വെങ്കിടൻ,സിമത്തേരി) എന്നിവ. വൈക്കം മാളവിക (രാജസൂയം ) കൊല്ലം ചൈതന്യ (ശബ്ദം, വെറുതേ മോഹിക്കുവാൻ മോഹം, ചന്ദനം ) അടൂർ ജയ (രംഗപൂജ) ആകാശവാണിയ്ക്ക് വേണ്ടി നളചരിതം ആട്ടക്കഥയുടെ നാടകരൂപം, സിവി രാമൻ പിള്ളയുടെ മാർത്താണ്ഡ വർമ്മ ഖണ്ഡശനാടകാവിഷ്ക്കാരം, ടാഗോറിന്റെ മുക്തധാരയുടെ മലയാള രൂപാന്തരം എന്നിവയുൾപ്പെടെ ധാരാളം നാടകങ്ങൾ രചിച്ചിട്ടുണ്ട്. ദൂരദർശനുമായും സഹകരിച്ചും നാടകങ്ങൾ എഴുതിയിരുനു."ഞാൻ മാവേലി" എന്നൊരു ടെലിഫിലിം ദൂരദർശനുവേണ്ടി ഗോപാലകൃഷ്ണൻ എഴുതി സംവിധാനം ചെയ്‌തു.

ദേശാഭിമാനി തിയ്യേറ്റർ അവതരിപ്പിച്ച ഗോപാലകൃഷ്ണന്റെ " സ്വാമി വിവേകാനന്ദൻ " എന്ന നാടകത്തിന് സംഗീത നാടക അക്കാദമിയുടെതുൾപ്പെടെ നിരവധി പുരസ്ക്കാരങ്ങൾ ലഭിച്ചു. സംസ്ഥാന ബാല സാഹിത്യ ഇൻസ്റ്റിറ്റ്യുട്ടിന്റെ അവാർഡ്  "ഗുരുവേ നമ: " എന്ന നാടകത്തിന് ലഭിച്ചു.  

കേരള സർവ്വകലാശാലയിൽ നിന്ന് സെക്ഷൻ ഓഫീസറായി റിട്ടയർ ചെയ്ത സുശീലയാണ് ജി ഗോപാലകൃഷ്ണന്റെ ഭാര്യ.ഇന്ത്യൻ വ്യോമസേനയിൽ വിംഗ് കമാൻഡറായ റോഷൻ, അമേരിക്കയിൽ നൃത്താദ്ധ്യാപികയായ ആരതി എന്നിവരാണ് മക്കൾ.

അദ്ധ്യാപനവും തുടരുന്ന ഗോപാലകൃഷണൻ അമേച്വർ നാടകരംഗത്ത് ഇന്നും സജീവം.കുട്ടികൾക്കായി ഗീതാഞ്ജലി തിയേറ്റേഴ്സിൻ്റെ ആഭിമുഖ്യത്തിൽ ശില്പശാലകൾ സംഘടിപ്പിച്ചിട്ടുണ്ട്.  ഇംഗ്ളീഷ് സംഭാഷണ പഠനം സുഗമമാക്കാൻ Spoken English through Drama എന്ന പേരിൽ  ഒരു പഠന സമ്പ്രദായം വിജയകരമായി ആവിഷ്കരിച്ചു.

ജി ഗോപാലകൃഷ്ണന്റെ  ഇമെയിൽ വിലാസം