വിമല ബി വർമ്മ

Vimala B Varma
Vimala B Varma - Singer
ആലപിച്ച ഗാനങ്ങൾ: 3

മലയാള സിനിമാ ചരിത്രത്തിലെ ആദ്യ പിന്നണി ഗായികമാരില്‍ ഒരാള്‍ / ആദ്യകാല അഭിനേത്രി.

മലയാള സിനിമയുടെ ആദ്യ ഗായികാ ശബ്ദം ആകാനുള്ള നിയോഗം വിമല എന്ന ഈ ആറാം ക്‌ളാസുകാരിയെ ആണ് തേടിയെത്തിയത് . പി വി കൃഷ്ണയ്യർ സംവിധാനം ചെയ്ത് 1948ൽ പുറത്തിറങ്ങിയ നിർമ്മല എന്ന ചിത്രത്തിലേക്ക് വിമലയേയും സഹോദരി ഗിരിജയും ക്ഷണിച്ചത് അവരുടെ സംഗീത അദ്ധ്യാപിക ആയിരുന്ന സരോജിനി മേനോന്‍ ആണ്. മലയാള സിനിമാ ചരിത്രത്തിൽ ആദ്യമായി പിന്നണി ഗാനാലാപനം ഉപയോഗിച്ച സിനിമ നിർമ്മലയാണ്. ഇതേ ചിത്രത്തിനു വേണ്ടി ജി ശങ്കരക്കുറുപ്പിന്റെ "ശുഭലീല" എന്ന ഗാനം ടി കെ ഗോവിന്ദറാവു ആലപിച്ചപ്പോൾ അത് മലയാള ചലച്ചിത്രഗാനശാഖക്ക് പുതിയൊരു വഴിത്തിരിവ് ആവുകയായിരുന്നു. സേലത്തെ മോഡേൺ തീയറ്ററിൽ വെച്ചായിരുന്നു ഗാനങ്ങളുടെ റെക്കോർഡിംഗ് .ഗാനങ്ങൾ റെക്കോർഡ് ചെയ്തു കഴിഞ്ഞപ്പോൾ അതേ ചിത്രത്തിൽ അഭിനയിക്കാനും അവർക്ക് അവസരം കൈ വന്നു . ഗുരുവായ സരോജിനി മേനോന്‍ ചിട്ടപ്പെടുത്തിയ “കരുണാകര പീതാംബര” എന്ന് തുടങ്ങുന്ന ഗാനവും , മറ്റു രണ്ടു ഗാനങ്ങളും അവർ സിനിമയിൽ പാടി. ഇതിൽ ആദ്യ ഗാനം അഭിനയിച്ചതും വിമല തന്നെ . മലയാളത്തിലെ ആദ്യ ഡബിൾ റോളുകാരി എന്ന ബഹുമതിയും ഈ സിനിമയിലൂടെ അവർ സ്വന്തമാക്കി .നിർമ്മല എന്ന ടൈറ്റിൽ കഥാപാത്രത്തിന്റെ ടൈഫോയിഡ് പിടിപെട്ടു മരിക്കുന്ന അനിയത്തിയുടെ കഥാപാത്രം ആയിരുന്നു അവർക്ക് . ചിത്രത്തിന്റെ രണ്ടാം പകുതിയിൽ ലളിത എന്ന കഥാപാത്രമായും അവർ അഭിനയിച്ചു . നിർമ്മലയിലെ “ഏട്ടന്‍ വരുന്ന ദിനമേ” എന്ന ഗാന രംഗം അഭിനയിച്ചത് വിമലയാണ്. നിർമ്മലയുടെ പ്രിന്റോ മറ്റു വിവരങ്ങളോ നിലവിൽ കിട്ടാനില്ല എന്നത് കൊണ്ട് ആദ്യ മലയാള ഗാനങ്ങളും നമുക്ക് കേൾക്കാനാവില്ല.

C.K രാഘവന്‍ , P.K വാസുദേവക്കുറുപ്പ്, P.ലീല തുടങ്ങിയവർ ഈ സിനിമയിൽ പാടിയെങ്കിലും , P.ലീല ഒഴികെ മറ്റാരും പിന്നെ സിനിമയിൽ നില നിന്നില്ല. നിർമ്മല റിലീസ് ആയതോടെ വിമലയും പ്രശസ്ഥയായി, പിന്നീടു ഉദായയില്‍ നടത്തിയ ശബ്ദപരിശോധന വിജമായിരുന്നെങ്കിലും വെള്ളിനക്ഷത്രം എന്ന പുതിയ ചിത്രത്തിലേക്ക് ഉള്ള ക്ഷണം കരാർ വ്യവസ്ഥകൾ കാരണം വിമലയുടെ അച്ഛൻ സ്വീകരിച്ചില്ല . അതിനു ശേഷം മലബാർ പ്രോഡക്ഷൻസിന്റെ പുതു ചിത്രത്തിലും നായിക ആയി ക്ഷണം ലഭിച്ചെങ്കിലും ,അതും നിരസിച്ചുകൊണ്ട് അവർ തന്റെ സിനിമാ ജീവിതത്തിനു വിരാമമിട്ടു. ഗുരു സരോജിനി മേനോനില്‍ നിന്നും, വതകാട് രാഘവ മേനോനിൽ നിന്നും കർണ്ണാടക സംഗീതം അഭ്യസിച്ച വിമല പിന്നീടു സഹോദരി ഗിരിജയോടൊത്ത് ധാരാളം വേദികളിൽ കർണ്ണാടക സംഗീതം അവതരിപ്പിച്ചു . 1956ൽ ഓൾ ഇന്ത്യാ റേഡിയോ കോഴിക്കോട് നിലയത്തിൽ പാടിത്തുടങ്ങിയ അവർ 1962ൽ AIRലെ സ്ഥിരജോലിക്കാരി ആയിമാറി . K.രാഘവന്‍ ,B.A ചിദംബരനാഥ്‌ തുടങ്ങിയ പ്രമുഖരുടെ കൂടെ ചേർന്ന്  ധാരാളം പരിപാടികൾ അവതരിപ്പിച്ചു . റേഡിയോ നിലയത്തിൽ അനൌൺസറായും ജൂനിയര്‍ കമ്പോസറായും അവതാരകയായും ,റേഡിയോ നാടകങ്ങൾക്ക്  ശബ്ദം നല്കിയുമൊക്കെ നിറഞ്ഞു നിന്ന വിമല ധാരാളം റേഡിയോ സംഗീത പരിപാടികളും സംവിധാനം ചെയ്തിട്ടുണ്ട് . 1993ൽ ആകാശവാണിയില്‍ നിന്ന് വോളെണ്ടറി റിട്ടയർമെന്റ് എടുത്ത അവർ പിന്നീടു മക്കളോടും കൊച്ചു മക്കളോടും ഒപ്പം കഴിയുന്നു . ഇടയ്ക്ക് പുതിയ കുട്ടികളെ സംഗീതം അഭ്യസിക്കുന്നു .

കടപ്പാട് : ഹിന്ദു ആർട്ടിക്കിൾ ഒന്ന് , രണ്ട്

ഫോട്ടോ : വിപിന്‍ ചന്ദ്രന്‍