പ്രശാന്ത്

Prashanth

ദക്ഷിണേന്ത്യൻ സിനിമാതാരം. 1973 ഏപ്രിൽ 6 ന് പ്രശസ്ത നടനും, സംവിധായകനുമായ ത്യാഗരാജന്റെ മകനായി ചെന്നയിലാണ് പ്രശാന്ത് ജനിച്ചത്, അമ്മ ശാന്തി ത്യാഗരാജൻ. പ്രശാന്തിന്റെ മുത്തശ്ശൻ പെക്കട്ടി ശിവറാം തെലുങ്കു സിനിമയിലെ അഭിനേതാവും സംവിധായകനുമായിരുന്നു.അഭിനയമൊരു തൊഴിലായി സ്വീകരിക്കുന്നതിനു മുമ്പ് പ്രശാന്ത് വ്യത്യസ്തമായമേഖലകൾ പരീക്ഷിച്ചു. കമ്പ്യൂട്ടർ ഗ്രാഫിക്സ്, മൾട്ടിമീഡിയ എന്നിവ പഠിയ്ക്കുകയും, ലണ്ടൻ ട്രിനിറ്റി കോളേജ് ഓഫ് മ്യൂസിക്കിലും ചേരുകയും ചെയ്തിരുന്നു.. പ്ലസ്ടുവിന് ശേഷം രണ്ടോളം മെഡിക്കൽ കോളേജുകളിൽ അഡ്മിഷൻ കിട്ടിയിരുന്നെങ്കിലും അച്ഛൻ ടി. ത്യാഗരാജന്റെ വഴിയേതന്നെ അഭിനയം, സിനിമാ നിർമ്മാണം എന്നീ മേഖലകളിൽ എത്തിപ്പെടുകയായിരുന്നു.  

 തന്റെ പതിനേഴാമത്തെ വയസ്സിൽ "വൈഗസി പൊറന്താച്ച്" എന്ന തമിൾ ചിത്രത്തിൽ അഭിനയിച്ചുകൊണ്ടാണ് പ്രശാന്ത് അഭിനയരംഗത്തേയ്ക്ക് പ്രവേശിയ്ക്കുന്നത്. ഇതിനുശേഷം എം ടി വാസുദേവൻ നായർ തിരക്കഥ എഴുതിയ മലയാളചിത്രമായ പെരുന്തച്ചനിലും അഭിനയിച്ചു. പെരുന്തച്ചന്റെ മകനായാണ് അദ്ദേഹം അഭിനയിച്ചത്.

പ്രശാന്ത് പ്രധാനമായും തമിഴ് സിനിമകളിലായിരുന്നു അഭിനയിച്ചിരുന്നത്. തിരുടാ തിരുടാ, ജീൻസ് എന്നിവ അദ്ധേഹത്തിന്റെ പ്രശസ്തമായ ചിത്രങ്ങളാണ്. 1998 ൽ റിലീസ് ചെയ്ത ജീൻസ് അതുവരെ ഇന്ത്യയിൽ നിർമ്മിച്ചിട്ടുള്ള ചിത്രങ്ങളിൽവെച്ച് ഏറ്റവും നിർമ്മാണചിലവേറിയ ചിത്രമായിരുന്നു. ചില ഹിന്ദി ചിത്രങ്ങളിലും, തെലുങ്കു ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. പ്രശാന്ത് 2005 ൽ ഒരു വ്യവസായിയുടെ മകളായ ഗൃഹലക്ഷ്മിയെ വിവാഹം ചെയ്തുവെങ്കിലും മൂന്നു വർഷത്തിനുശേഷം അവർ വിവാഹബന്ധം വേർപ്പെടുത്തി. 

 1990 ൽ മികച്ച പുതുമുഖ നടനുള്ള ഫിലിം ഫെയർ അവാർഡ് വൈഗസി പൊറന്താച്ച് എന്ന സിനിമയിലെ അഭിനയത്തിന് പ്രശാന്തിന് ലഭിച്ചിട്ടുണ്ട്.