ടിനി ടോം

Tini Tom
Tini Tom-Actor
Date of Birth: 
ചൊവ്വ, 14 March, 1972
റ്റിനി ടോം
റ്റിനി റ്റോം
ആലപിച്ച ഗാനങ്ങൾ: 4

1972 -ൽ വടക്കൻ പറവൂരിൽ ജനിച്ചു. അച്ഛൻ ടോമി എഞ്ചിനീയറായിരുന്നു. അനുജത്തി ടിൻസി. കലൂർ എൽ.പി സ്കൂളിൽ പഠിക്കുന്ന കാലത്ത്, സ്കൂൾ ആനിവേഴ്സറിക്ക് മിമിക്രി അവതരിപ്പിച്ചു കൊണ്ടാണ് കലാരംഗത്ത് തുടക്കമിടുന്നത്. എറണാകുളം സെന്റ് ആൽബർട്സ് കോളേജിൽ പ്രീഡിഗ്രി വിദ്യാഭ്യാസ കാലത്ത് മിമിക്രി എന്ന കലയുമായി കൂടുതൽ അടുത്തു. പിന്നീട് മഹാരാജാസ് കോളേജിൽ ബി എ പൊളിറ്റിക്സ്റ്റിനു പഠിക്കുന്ന കാലത്ത് വിദ്യാർത്ഥി രാഷ്ട്രീയത്തിൽ സജീവമാകുകയും, തെരഞ്ഞെടുപ്പിൽ വോട്ടുകൾ നേടാൻ മിമിക്രി ഉപയോഗിച്ചു തുടങ്ങിയതോടെ ടിനിയെ കലാലോകം ശ്രദ്ധിച്ചു തുടങ്ങി.  കലാലയജീവിതത്തിൽ സലിം കുമാർ, ഉണ്ടപക്രു, അമൽ നീരദ്, ബിജു നാരായണൻ എന്നിവർ ഇദ്ദേഹത്തിന്റെ സമകാലീനരാണ്. ഡിഗ്രി വിദ്യാഭ്യാസത്തിനൊപ്പം, സെവൻ ആർട്ട്സ്, കൊച്ചിൻ ഗിന്നസ്, കലാഭവൻ തുടങ്ങി നിരവധി ട്രൂപ്പുകളിൽ സഹകരിച്ചു. മഹാരാജാസിലെ വിദ്യാഭ്യാസ സമയത്ത്, യൂണിവേഴ്സിറ്റി യൂത്ത് ഫെസ്റിവലിൽ കോളേജിനെ പ്രതിനിധീകരിക്കുവാനായി. പ്രശസ്ത കാഥികൻ കെടാമംഗലം സദാനന്ദനൊപ്പം കുറെ നാൾ കഥാപ്രസംഗം അഭ്യസിച്ചു. ബി.എ പൂർത്തിയാക്കിയശേഷം അച്ഛന്റെ ആഗ്രഹ പ്രകാരം, ടിനി ബാംഗ്ലൂരിൽ എൽ.എൽ.ബി.ക്കു ചേർന്നു. എന്നാൽ, അവസാനവർഷ പരീക്ഷ അടുത്ത സമയത്ത് അമേരിക്കൻ സ്റ്റേജ് ഷോയിൽ പങ്കെടുക്കാൻ പോയതിനാൽ നിയമപഠനം അവസാനിപ്പിച്ചു.

മിമിക്രി രംഗത്ത് സജീവമായി നിന്ന സമയത്താണ് ബാലു കിരിയത്തിന്റെ "മിമിക്സ് ആക്ഷൻ 500" എന്ന ചിത്രത്തിൽ അഭിനയിക്കുവാൻ അവസരം ലഭിച്ചത്. പിന്നീട് സിനിമാ രംഗത്ത് സജീവമായില്ലെങ്കിലും, ടെലിവിഷൻ രംഗത്തെ ഫൈവ് സ്റ്റാർ തട്ടുകട, ഗിന്നസ് പക്രുവിനോപ്പം ടോം & ജെറി  തുടങ്ങി നിരവധി ജനശ്രദ്ധ നേടിയ കോമഡി പ്രോഗ്രാമുകൾ ചെയ്തു. മമ്മൂട്ടിയോടൊപ്പം പട്ടാളത്തിൽ അഭിനയിച്ചത് ഒരു വഴിത്തിരിവായി. അണ്ണൻ തമ്പി, ഈ പട്ടണത്തിൽ ഭൂതം, പാലേരി മാണിക്യം തുടങ്ങി  നിരവധി ചിത്രങ്ങളിൽ മമ്മൂട്ടിയുടെ ഡ്യൂപ്പായി അഭിനയിച്ചു. ഒടുവിൽ മമ്മൂട്ടിയുടെ നിർദ്ദേശ പ്രകാരമാണ് പാലേരി മാണിക്യത്തിൽ ഒരു വേഷം ലഭിക്കുന്നത്. പിന്നീട് രഞ്ജിത്ത് സംവിധാനം ചെയ്ത പ്രാഞ്ചിയേട്ടൻ ആൻഡ് സെയിന്റ് എന്ന സിനിമയിൽ ഡ്രൈവർ സുബ്രമണ്യൻ എന്ന ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ചു. അതിനു ശേഷം, ടിനി മിമിക്രി പരിപാടികളിൽ നിന്നും മാറുകയും, സിനിമയിൽ സജീവമാകുകയും ചെയ്തു. ബ്യൂട്ടിഫുൾ, ഭക്ത ജനങ്ങളുടെ ശ്രദ്ധയ്ക്ക്, സ്പിരിറ്റ്‌, ഇന്ത്യൻ റുപ്പീ, കടൽ കടന്നൊരു മാത്തുക്കുട്ടി തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. ലിൻസണ്‍ ആന്റണിയുടെ ഹൌസ്ഫുൾ എന്ന സിനിമയിൽ നായക കഥാപാത്രത്തെയും അവതരിപ്പിച്ചു.ഭാര്യ : രൂപ, മകൻ : ആദവ്

അവലംബം: ഏഷ്യാനെറ്റിലെ ഓണ്‍ റെക്കോർഡ് എന്ന പ്രോഗ്രാം.