കവിരാജ് ആചാരി

Kaviraj Achari

സുബ്രഹ്മണ്യൻ ആചാരിയുടെയും സരസ്വതി അമ്മാളിന്റെയും മകനായി ആലപ്പുഴയിൽ ജനിച്ചു. സ്വർണ്ണപ്പണിയും സ്റ്റീൽപാത്ര വ്യാപാരവുമായിരുന്നു അച്ഛന്റെ തൊഴിൽ. അസുഖ ബാധിതനായി അച്ഛൻ മരിക്കുകയും ബിസിനസ് തകരുകയും ചെയ്തതോടെ കവിരാജിന്റെ കുട്ടിക്കാലം വളരെ കഷ്ടപ്പാടുകൾ നിറഞ്ഞതായി.

പത്താംകളാസിലെത്തിയപ്പോളേയ്ക്കും കവിരാജ് സ്വർണ്ണപ്പണി തുടങ്ങി. പഠനവും ജോലിയും ഒന്നിച്ചുകൊണ്ടുപോകാൻ കഴിയാതെ അദ്ദേഹം നാടുവിട്ട് കോടമ്പാക്കത്തെത്തി. അവിടെ വെച്ച് ഒരു സുഹൃത്തിനെ കാണുകയും അയാളോടൊപ്പം ഹൈദരാബാദിലെ ഒരു നൃത്ത പഠനകേന്ദ്രത്തിലെത്തി നൃത്തം പഠിയ്ക്കുകയും ചെയ്തു. ഒപ്പം സിനിമകളിൽ ജൂനിയർ ആർട്ടിസ്റ്റായി. 1999 -ൽ നിറം എന്ന ചിത്രത്തിൽ ഒരു വേഷം ചെയ്തുകൊണ്ടാണ് കവിരാജ് അഭിനയരംഗത്ത് സജീവമാകുന്നത്. തുടർന്ന്  കല്യാണരാമൻ, തെങ്കാശിപ്പട്ടണം, കുഞ്ഞിക്കൂനൻ, രണ്ടാം ഭാവം, മഴത്തുള്ളിക്കിലുക്കം... തുടങ്ങി ഒട്ടേറെ സൂപ്പർ ഹിറ്റ് സിനിമകളുടെ ഭാഗമായി. സിനിമകളോടൊപ്പം നിരവധി സീരിയലുകളിലും വേഷമിട്ടു. ഇരുപതിലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.

ചെറുപ്പം മുതലേ ആത്മീയതയോട് താത്പര്യമുണ്ടായിരുന്ന കവിരാജ് അമ്മയുടെ മരണത്തോട് കൂടി മുഖ്യധാരയിൽ നിന്ന് അകലുകയും ആത്മീയതയിൽ മുഴുകുകയും ചെയ്തു. ഹിമാലയത്തിൽ തീർത്ഥാടനത്തിന് പോയ കവിരാജ് ബദ്രീനാഥ് ക്ഷേത്രത്തിലെത്തുകയും അവിടെ കുറച്ചു ദിവസം താമസിയ്ക്കുകയും ചെയ്തു. ക്ഷേത്രത്തിൽ വെച്ച് താൻ പുതിയ ജന്മമെടുക്കുകയാണെന്ന തോന്നലുണ്ടായ കവിരാജ് നാട്ടിലേയ്ക്ക് തിരിച്ചുപോന്നു. പതുക്കെ ക്ഷേത്രപൂജകളിലും സപ്താഹങ്ങളിലുമെല്ലാം പങ്കെടുക്കാൻ തുടങ്ങി. മാപ്രാംപള്ളി ഭദ്രകാളി ക്ഷേത്രത്തിലെ പൂജാരിയാണ് ഇപ്പോൾ കവിരാജ്. തന്റെ കലാജീവിതം കൈവിടാതെ തന്നെ ആത്മീയ പ്രവർത്തനങ്ങളിൽ അദ്ദേഹം മുഴുകിയിരിക്കുന്നു.

കവിരാജിന്റെ ഭാര്യ അനു. ഒരു മകൻ ശ്രീ ബാല ഗോപാല നാരായണൻ.