രശ്മി അനിൽ

Reshmi Anil

  പഠിയ്ക്കുന്ന കാലത്തുതന്നെ അഭിനയ മോഹമുണ്ടായിരുന്ന രശ്മി അനിൽ സ്ക്കൂൾ കോളേജ്, കലോത്സവങ്ങളിൽ പങ്കെടുത്തിരുന്നു. കെപിഎസി നാടകങ്ങളിലൂടെയാണ് അഭിനയരംഗത്തേയ്ക്കെത്തുന്നത്. കെപി എസിയുടെ മൂന്ന് നാല് നാടകങ്ങളിൽ രശ്മി അഭിനയിച്ചിട്ടുണ്ട്. അദ്ധ്യാപികയായിരുന്ന രശ്മി  വിവാഹം കഴിഞ്ഞ് ഒരു കുഞ്ഞു ജനിച്ചതിനുശേഷമാണ് ടെലിവിഷൻ മേഖലയിലേയ്ക്ക് കടക്കുന്നത്.  ]

രശ്മി - അനിൽ ദമ്പതിമാരുടെ മകൻ ശബരി നാഥിന് രണ്ടരമാസം പ്രായമുള്ളപ്പോൾ ശ്രീനാരായണഗുരു എന്ന ടെലിവിഷൻ പരമ്പരയിൽ ഗുരുവിന്റെ ശൈശവം അഭിനയിക്കുന്നതിനുള്ള ക്ഷണം ലഭിച്ചു. അത് രശ്മിയ്ക്ക് അഭിനയരംഗത്തേയ്ക്ക് തിരിച്ചുവരുന്നതിനുള്ള അവസരമൊരുക്കി.. തുടർന്ന് പരിണയം എന്ന സീരിയലിലും കുട്ടിയ്ക്ക് ഒരു വേഷം കിട്ടി. മകനോടൊപ്പം രശ്മിയും ആ സീരിയലിൽ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് മിനി സ്ക്രീനിൽ തുടക്കംകുറിച്ചു. അദ്ധ്യാപക ജോലി ഉപേക്ഷിച്ച് രശ്മി അഭിനയരംഗത്ത് സജീവമായി. ഇരുപത്തിയഞ്ചോളം സീരിയലുകളിലും വിവിധ കോമഡി പ്രോഗ്രാമുകളിലും രശ്മി അഭിനയിച്ചിട്ടുണ്ട്.

ബ്രദേഴ്സ്ഡേ, തോപ്പിൽ ജോപ്പൻകോഴിപ്പോര് എന്നിവയുൾപ്പെടെ ഇരുപതിലധികം സിനിമകളിൽ രശ്മി അനിൽ അഭിനയിച്ചിട്ടുണ്ട്. അമൃത ടിവിയിലെ കോമഡി മാസ്റ്റേഴ്സ് എന്ന പ്രോഗ്രാമിലെ പ്രകടനത്തിന് രശ്മിയ്ക്ക് മികച്ച കോമഡി താരത്തിനുള്ള സംസ്ഥാന ടെലിവിഷൻ അവാർഡ് രണ്ട് പ്രാവശ്യം ലഭിച്ചിട്ടുണ്ട്.

രശ്മി ഭർത്താവ് അനിലിനോടും രണ്ട് മക്കളോടുമൊപ്പം കൊച്ചിയിൽ താമസിയ്ക്കുന്നു.