കോന്നിയൂർ ഭാസ്

Konniyur Bhas

കോന്നിയൂർ ഭാസിനെ ഓർക്കുമ്പോഴൊക്കെ മനസ്സിലൊരു വിങ്ങലാണ്. ഹൃദയത്തിലൊരു കണ്ണീർക്കടൽ ഒളിപ്പിച്ചു വച്ചിരുന്ന പാട്ടെഴുത്തുകാരൻ. എഴുതിയ പാട്ടുകളെല്ലാം ഹിറ്റായിട്ടും ഒരംഗീകാരവും ലഭിക്കാതെ നമ്മോട് യാത്ര പറഞ്ഞു പോയ ഗാനരചയിതാവ്. ശേഷം കാഴ്ചയിൽ എന്ന സിനിമയിലെ മോഹംകൊണ്ടു ഞാൻ എന്ന ഒറ്റ ഗാനം മാത്രം മതി അദ്ദേഹത്തിലെ കാവ്യഭാവനയെ തിരിച്ചറിയാൻ. പാട്ടെഴുതാൻ അദ്ദേഹത്തിന്  മലയാളസിനിമ അവസരംകൊടുത്തപ്പോഴൊക്കെ സൂപ്പർഹിറ്റുകളും പിറന്നു. കവിതയുടെ സൗന്ദര്യം തുളുമ്പി നിന്നിരുന്ന അദ്ദേഹത്തിന്റെ ഓരോ പാട്ടുകളും മലയാളികൾക്ക് കാണാപ്പാഠമാണ്. ഹൈസ്‌കൂളിൽ പഠിക്കുന്ന കാലം മുതൽ ആനുകാലികങ്ങളിൽ കവിതകളെഴുതുമായിരുന്നു കോന്നിയൂർഭാസ്.  ആകാശവാണിക്കുവേണ്ടി അനേകം ലളിതഗാനങ്ങളും, വിവിധ നാടകസമിതികൾക്കു വേണ്ടി അഞ്ഞൂറോളം നാടകഗാനങ്ങളും അദ്ദേഹമെഴുതിയിട്ടുണ്ട്. പിന്നീട് കുങ്കുമംഗ്രൂപ്പ് പ്രസിദ്ധീകരണങ്ങളില്‍ ജോലി ലഭിച്ചു. വാർത്താറിപ്പോര്‍ട്ടറായും പ്രൂഫ്റീഡറായും വർഷങ്ങളോളം അദ്ദേഹമവിടെ ജോലിയിലിരുന്നു. ആയിടക്കാണ് കോന്നിയൂർ ഭാസ് സിനിമാരംഗത്തേക്ക്‌ കടക്കുന്നത്. 1975ല്‍ പുറത്തിറങ്ങിയ ചന്ദനച്ചോല എന്ന ചിത്രത്തിലെ ലവ്‌ലി ഈവനിംഗ് എന്ന ആദ്യഗാനത്തിന് ഈണമേകിയത് കെ.ജെ.ജോയ് ആയിരുന്നു. സിനിമയിൽ ഒരുപാട് പാട്ടുകളെഴുതണമെന്നതായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. സിനിമാപാട്ടിലൂടെയെങ്കിലും തന്റെ ദുരിതപൂര്‍ണമായ ജീവിതത്തിന് പുതിയ തുടക്കം കുറിക്കുമെന്ന് അദ്ദേഹം പ്രതീക്ഷിച്ചു. തുടർന്ന് സിന്ദൂരം എന്ന ചിത്രത്തിലൊരു ഗാനം ലഭിച്ചു ഭാസിന്. യേശുദാസ് പാടിയ വൈശാഖയാമിനി വിരുന്നുവന്നു എന്ന ഗാനം ഹിറ്റായി. പിന്നീട്, കാര്യംനിസ്സാരത്തിലെ കണ്മണി പൊന്മണിയേ, താളം ശ്രുതിലയതാളം, ശേഷം  കാഴ്ചയിലെ കണ്ണുകളിൽ പൂവിരിയും, കളിപ്പാട്ടത്തിലെ മൊഴിയഴകും മിഴിയഴകും, കിഴക്കുണരും പക്ഷിയിലെ അരുണ കിരണമണിയും, അഹത്തിലെ നന്ദി ആരോടു ഞാൻ ചൊല്ലേണ്ടൂ തുടങ്ങിയ ഗാനങ്ങളെല്ലാം ഹിറ്റായി. 

കവി, സാഹിത്യകാരൻ, പത്രപ്രവർത്തകൻ, ഗാനരചയിതാവ് തുടങ്ങി സഹസംവിധായകന്റെ വേഷം വരെയണിഞ്ഞു അദ്ദേഹം. ബാലചന്ദ്രമേനോന്റെ കാര്യംനിസ്സാരം, കണ്ടതും കേട്ടതും, ശേഷംകാഴ്ചയിൽ, കുറുപ്പിന്റെ കണക്കുപുസ്തകം, കിലുകിലുക്കം, ചിരിയോചിരി, വേണുനാഗവള്ളിയുടെ  അയിത്തം, ഏയ്ഓട്ടോ, ലാൽസലാം തുടങ്ങിയ ചിത്രങ്ങളുടെയൊക്കെ സഹസംവിധായകനായിരുന്നു കോന്നിയൂർ ഭാസ്.

പലപ്പോഴും മറ്റുള്ളവരുടെ പേരിലായിരുന്നു അദ്ദേഹത്തിന്റെ ഗാനങ്ങൾ അറിയപ്പെട്ടിരുന്നത്. അത് അദ്ദേഹത്തിന് വലിയൊരു ആഘാതമാണ് ഉണ്ടാക്കിയത്. അഹത്തിലെ നന്ദിയാരോടു ഞാൻ എന്ന ഹിറ്റ് ഗാനത്തിനുശേഷം കൂടുതൽ അവസരങ്ങൾകിട്ടുമെന്ന് അദ്ദേഹം പ്രതീക്ഷിച്ചിരുന്നു. പക്ഷേ നിരാശപ്പെടാനായിരുന്നു അദ്ദേഹത്തിന് വിധി. ആ ഒരവസ്ഥയിൽ ഭാസ് മാനസികമായി തകർന്നു. ആ തകർച്ച അദ്ദേഹത്തെ രോഗബാധിതനാക്കി. 1996 ഡിസംബർ രണ്ടാം തീയതി തന്റെ നാല്പത്തി അഞ്ചാം വയസ്സിൽ അദ്ദേഹം ഈ ലോകത്തോട് വിട പറഞ്ഞു.

അവലംബം: പഴയ സിനിമ പേജ്