മാളവിക മോഹനൻ

Malavika Mohanan

തെന്നിന്ത്യൻ ചലച്ചിത്ര നടി. 1992 ൽ ചലച്ചിത്ര ഛായാഗ്രാഹകനായ കെ. യു. മോഹനന്റെ മകളായി കണ്ണൂർ ജില്ലയിലെ പയ്യന്നൂരിൽ ജനിച്ചു. മാളവിക പഠിച്ചതും വളർന്നതും മുംബൈയിലായിരുന്നു. മുംബൈയിലെ വിൽസൺ കോളേജിൽ നിന്നും മാസ്സ് കമ്മ്യൂണിക്കേഷനിൽ ബിരുദമെടുത്തതിനുശേഷം, അച്ഛൻ കെ യു മോഹനനെപ്പോലെ ഒരു സിനിമാട്ടൊഗ്രാഫറാകാനാണ് ആഗ്രഹിച്ചത്. ഒരു ഫെയർനസ് ക്രീമിന്റെ പരസ്യചിത്രത്തിന്റെ ഷൂട്ടിംഗിന് അച്ഛന്റെ സഹായിയായി പ്രവർത്തിച്ച മാളവികയെ കണ്ട നടൻ മമ്മൂട്ടിയാണ് അദ്ദേഹത്തിന്റെ മകൻ ദുൽഖർ സൽമാൻ നായകനാകുന്ന സിനിമയിൽ നായികയാകാൻ ക്ഷണിച്ചത്.

അങ്ങിനെ 2013 ൽ പട്ടംപോലെ എന്ന സിനിമയിൽ മാളവിക നായികയായി തുടർന്ന് നിർണ്ണായകം, ഗ്രേറ്റ് ഫാദർ..എന്നിവയുൾപ്പെടെ ചില മലയാള ചിത്രങ്ങളിലും, നാനു മാട്ടു ലക്ഷ്മി എന്ന കന്നഡ സിനിമയിലും,പേട്ട, മാസ്റ്റർ എന്നീ തമിഴ് ചിത്രങ്ങളിലും അഭിനയിച്ചു. പ്രശസ്ത ഇറാനിയൻ സംവിധായകൻ മജീദ് മജീദിയുടെ ബിയോൻഡ് ദ് ക്ലൌഡ്സ് എന്ന ഹിന്ദി ചിത്രത്തിൽ മാളവിക മോഹനൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു. മസാബ മസാബ എന്ന ഇംഗ്ലീഷ് സിനിമയിലും മാളവിക അഭിനയിച്ചു.