പുന്നശ്ശേരി കാഞ്ചന

Kanchana
Date of Death: 
Thursday, 30 May, 2019
കാഞ്ചന

ആദ്യകാല നാടക നടി.  വയലാറിലെ കലാകേന്ദ്രയിലായിരുന്നു അഭിനയ ജീവിതത്തിന്റെ തുടക്കം.  പിന്നീട് പ്രൊഫഷണല്‍ നാടകരംഗത്തേക്ക് കടന്നു. ആലപ്പുഴയിലെ ഒരു ട്രൂപ്പിലായിരുന്നു തുടക്കം. പിന്നെ ചങ്ങനാശ്ശേരി ഗീഥ, കലാനിലയത്തിന്റെ സ്ഥിരം നാടകവേദി എന്നിവയിലായി. ഓച്ചിറ വേലുക്കുട്ടിക്കൊപ്പവും ജോസ് പ്രകാശിനൊപ്പവുമെല്ലാം നാടകത്തില്‍ അഭിനയിച്ചു. നാടകത്തില്‍ നിന്നു തന്നെ അവർ ജീവിതസഖാവിനെ കണ്ടെത്തി - കുണ്ടറ ഭാസി. ഇരുവരും ഒന്നിച്ച്  നിരവധി നാടകങ്ങളിലും സിനിമകളിലും അഭിനയിച്ചു. പി എ തോമസാണ് കാഞ്ചനയെ സിനിമയിലേക്ക് കൊണ്ടുവന്നത്. ഉമ്മിണിത്തങ്ക എന്ന നാടകത്തിലെ ടൈറ്റിൽ റോളിലെ അഭിനയം സിനിമയിലെത്തിച്ചു. പിന്നീട് ഉദയായുടെയും മെരിലാന്റിന്റെയും നിരവധി സിനിമകളില്‍ അഭിനയിച്ചു. കുട്ടികളുടെ കാര്യങ്ങൾ നോക്കാനായി ഇടക്ക് അഭിനയരംഗത്ത് നിന്നും മാറി നിന്നു. പിന്നീട് കലാനിലയത്തിന്റെ നാടകങ്ങളിൽ അഭിനയിച്ചു. ഭർത്താവിന്റെ മരണത്തോടെ അഭിനയ രംഗത്ത് നിന്നും പൂർണ്ണമായി മാറി നിന്ന്. 2016 ൽ പുറത്തിറങ്ങിയ ഓലപീപ്പി എന്ന ചിത്രത്തിലെ മുത്തശ്ശി വേഷം അവതരിപ്പിച്ചു കൊണ്ട് സിനിമയിലേക്ക് മടങ്ങി വന്നു. ഇണപ്രാവുകൾ എന്ന ചിത്രത്തിന്റെ അമ്പതാം വാര്‍ഷികത്തിന്റെ ഫോട്ടോ യാദൃശ്ചികമായി സംവിധായകൻ ക്രിഷ് കൈമൾ കാണാനിടയായതാണ് കാഞ്ചനയുടെ മടങ്ങി വരവിനു കാരണമായത്. ഇളയമകനോടും കുടുംബത്തോടുമൊപ്പം ചേർത്തലയ്ക്കടുത്ത് പട്ടണക്കാടാണ് താമസിച്ചിരുന്നത്. 2019 മേയ് 30 നു ഇവർ അന്തരിച്ചു.