സജി സുരേന്ദ്രൻ

Saji Surendran

തിരുവനന്തപുരത്തിനടുത്ത് നെടുമങ്ങാട് സ്വദേശി. ചെറുപ്പകാലം മുതൽ തന്നെ അഭിനയം ഒരു അഭിനിവേശമായി കൊണ്ടു നടന്ന സജി, ആദ്യമായി ക്യാമറയുടെ മുന്നിലെത്തുന്നത്, എസ് എസ് എൽ സി പഠനം പൂർത്തിയാക്കി റിസൾട്ട് കാത്തിരിക്കുന്ന വേളയിലാണ്.  സംവിധായകൻ പപ്പൻ പയറ്റുവിളയുടെ ഒരു ടെലിഫിലിമിൽ അഭിനയിച്ചു കൊണ്ട് അഭിനയരംഗത്തേക്കുള്ള കടന്നു വരവ്. ടെലിഫിലിമിൽ അഭിനയിച്ച സമയത്ത് സംവിധാനത്തോട് ഒരു താല്പര്യം ജനിക്കുകയും, പപ്പൻ പയറ്റുവിളയുടെ അസിസ്റ്റാന്റായി ചേരുകയും ചേർന്നു. സിനിമാ ലോകത്തോടുള്ള അഭിനിവേശത്തിന് മാതാപിതാക്കൾ എതിര് നിന്നില്ലെങ്കിലും, ഒരു ബിരുദധാരിയായതിനു ശേഷം സ്വന്തം മേഖലയിലേക്ക് തിരിയണമെന്ന അച്ഛന്റെ നിർദ്ദേശം സജി പാലിച്ചു. ലൂർദ്ദ് മൗണ്ട് സ്കൂൾ, വട്ടപ്പാറയിൽ നിന്നും സ്കൂൾ ജീവിതം പൂർത്തിയാക്കിയ അദ്ദേഹം, തിരുവനന്തപുരം എം ജി കോളേജിൽ പ്രീഡിഗ്രിക്കായി ചേർന്നു. ഇടവേളകളിൽ പപ്പൻ പയറ്റുവിള, കള്ളിക്കാട് രാമചന്ദ്രൻ, ടി എൻ ഗോപകുമാർ, അനിൽ കൊമ്പാശ്ശേരിൽ തുടങ്ങി നിരവധി സംവിധായകർക്കൊപ്പം സീരിയലുകളും ടെലിഫിലിമുകളിലും സഹകരിച്ചു. ശ്യാമപ്രസാദിന്റെ സ്ക്രിപ്റ്റ് അസിസ്റ്റന്റായിരുന്ന സമയത്ത്, അലക്സ് ഐ കടവിലിനെ പരിചയപ്പെടുകയും, അദ്ദേഹം വഴി വിജി തമ്പിയെ കാണുകയും, അദ്ദേഹത്തിന്റെ അസിസ്റ്റന്റായി ചേരുകയും ചെയ്തു. പിന്നീട് നിരവധി സീരിയലുകൾക്കും സിനിമകൾക്കും വിജി തമ്പിയുടെ അസിസ്റ്റന്റായി സജി പ്രവർത്തിച്ചു. തിരക്കേറിയ ഈ ജീവിതത്തിനിടയിൽ എം.ജി കോളേജിൽ നിന്നും മനശാസ്ത്രത്തിൽ ബിരുദം കരസ്ഥമാക്കി.

തന്റെ ഇരുപതാമത്തെ വയസ്സിലാണ്, കൈരളി ടിവിക്ക് വേണ്ടി സുഹൃത്തായ അനൂപ്‌ മേനോനും ജി എ ലാലിനുമൊപ്പം ഡിസംബർ മിസ്റ്റ് എന്നൊരു ടെലിഫിലിം സജി ചെയ്യുന്നത്. ആ ടെലിഫിലിം ശ്രദ്ധിക്കപ്പെടുകയും അതിനു ചില ക്രിട്ടിക്സ് അവാർഡുകൾ ലഭിക്കുകയും ചെയ്തു. പിന്നീട്ഇതേ കൂട്ടുകെട്ടിൽ ആഴം, വിലോലം എന്നീ ടെലിഫിലിമുകൾ ചെയ്തു. ആ അവസരത്തിൽ  'ആലിപ്പഴം' എന്ന സീരിയല്‍ ചെയ്യുവാനായി, ബൈജു ദേവരാജ് സജിയെ ക്ഷണിക്കുന്നു. അതിനു ശേഷം മാതൃഭൂമി ടിവിയുടെ മേഘം എന്ന സീരിയലുകൾ ചെയ്തു. അവ രണ്ടു ശ്രദ്ധിക്കപ്പെട്ടതോടെ കൂടുതൽ ഓഫറുകൾ വരികയും, മന്ദാരം, ദയ, മാധവം, അമ്മയ്ക്കായ് തുടങ്ങിയ സീരിയലുകൾ ചെയ്യുകയും ചെയ്തു. 2009-ൽ  ജയസൂര്യയെ നായകനാക്കി, ഇവർ വിവാഹിതരായാൽ എന്ന ചിത്രം സംവിധാനം ചെയ്തു കൊണ്ട് സിനിമാലോകത്തേക്ക് സ്വതന്ത്രനായി കടന്നു വന്നു.  തന്റെ ആദ്യ ചിത്രത്തിൽ സീരിയൽ മേഖലയിൽ തനിക്കൊപ്പം സഹകരിച്ചിരുന്ന ഒരു പിടി സാങ്കേതിക വിദഗ്ദ്ധരെക്കൂടി സിനിമാലോകത്തേക്ക് കൈപിടിച്ചു കൊണ്ടു വന്നു എന്നൊരു കൗതുകപരമായ വസ്തുത കൂടി ആ അരങ്ങേറ്റത്തിനു പിറകിലുണ്ട്.

കുടുംബം: ഭാര്യ, സംഗീത. അച്ഛൻ സുരേന്ദ്രൻ, അനിയൻ അജി സുരേന്ദ്രൻ, ചില സീരിയലുകളിൽ അഭിനയിച്ചിരുന്നു. അനുജത്തി ആശ.