രാജാ സാഹിബ്

Raja Sahib

മിമിക്രി വേദിയിൽ നിന്ന് സിനിമയിലേക്കെത്തിയ നടനാണ് രാജാ സാഹിബ്. ജയൻ, ഇന്നസെന്റ്, ജഗതി, ഉഷ ഉതൂപ്പ് എന്നിവരെ അനുകരിച്ചുകൊണ്ടാണ് രാജാ സാഹിബ് മിമിക്രി വേദികളിൽ പ്രസിദ്ധി നേടിയത്. എസ് പി ബാല സുബ്രഹ്മണ്യത്തിന്റെ ശബ്ദത്തിൽ പാടുവാനുള്ള കഴിവും അദ്ദേഹത്തിനെ ജനപ്രിയനാക്കി. സ്റ്റേജ് അനുകരണത്തിൽ ഫിഗർ ഇമിറ്റേഷൻ ശൈലി തുടങ്ങി വെക്കുന്നതു ഇദ്ദേഹമാണ്. ജയൻ തരംഗം തൊണ്ണൂറുകളുടെ ഹരമായതിൽ രാജാ സാഹിബ് വളരെ നല്ലൊരു പങ്കുവഹിച്ചു. ഇന്നസെൻറ്, മൻസൂർ അലി ഖാൻ, പദ്‌മജ  വേണുഗോപാൽ, ദലേർ മെഹന്ദി, അദ്‌നാൻ  സാമി, എസ് പി ബാലസുബ്രഹ്മണ്യം , ഉഷാ ഉതുപ്പ് എന്നിങ്ങനെ ഒരുപാട് പ്രശസ്ത വ്യക്തികളെ അനുകരിച്ചുകൊണ്ട് രാജാ സാഹിബ് മിമിക്രിവേദികളിൽ പ്രിയങ്കരനായി

2001 -ൽ  അപരന്മാർ നഗരത്തിൽ എന്ന സിനിമയിൽ അന്തരിച്ച സിനിമാ നടൻ ജയന്റെ വേഷം അവതരിപ്പിച്ചു കൊണ്ട് സിനിമയിൽ എത്തിയതാണ് രാജാസാഹിബ്. തുടർന്ന്  ജൂനിയർ സീനിയർ, ഇസ്ര, എൻട്രി, 3 ഡേയ്സ് എന്നിവയുൾപ്പെടെ പത്തിലധികം സിനിമകളിൽ രാജാസാഹിബ് അഭിനയിച്ചിട്ടുണ്ട്. സിനിമകൾ കൂടാതെ ടെലിവിഷൻ ചാനലുകളിൽ സിനിമാല, ജഗപൊക എന്നീ കോമഡി പ്രോഗ്രാമുകളിലും രാജാ സാഹിബ് പങ്കെടുത്തിരുന്നു. കടമറ്റത്തു കത്തനാർ എന്ന സീരിയലിൽ അദ്ദേഹം ശ്രദ്ധേയമായ ഒരു വേഷം ചെയ്തിരുന്നു.