താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ

Paravoor Bharathan
Date of Birth: 
Wednesday, 16 January, 1929
M R Bharathan, ഭരതൻ

മലയാള ചലച്ചിത്രനടൻ. 1929 ജനുവരി 26 ന് എറണാകുളം ജില്ലയിലെ നോർത്ത് പറവൂരിലെ വാവക്കാട് എന്ന സ്ഥലത്ത് ജനനം. അച്ഛൻ വടക്കെക്കരയിൽ കൊച്ചണ്ണൻ കോരൻ, അമ്മ കുറുംബക്കുട്ടി. മൂത്തംകുന്ന് എസ് എൻ എം ഹൈസ്കൂളിലായിരുന്നു ഭരതൻ പഠിച്ചിരുന്നത്. എന്നാൽ അച്ഛന്റെ അപ്രതീക്ഷിത മരണത്തെ തുടർന്ന് ഭരതന് തന്റെ വിദ്യാഭ്യാസം പൂർത്തികരിയ്ക്കുവാൻ കഴിഞ്ഞില്ല. അച്ഛന്റെ മരണത്തോടുകൂടി സ്കൂൾ പഠനം അവസാനിപ്പിച്ച് അദ്ദേഹം ജീവിയ്ക്കുവാൻ വേണ്ടി പല തൊഴിലുകളിൽ ഏർപ്പെട്ടു. സ്കൂൾ പഠന കാലത്ത് അദ്ദേഹം സ്കൂൾ നാടകങ്ങളിലൊക്കെ അഭിനയിച്ചിരുന്നു.  കാഥികനായിരുന്ന കെടാമംഗലം സദാനന്ദൻ ആയിരുന്നു 1940കളിൽ ഭരതനെ സ്റ്റേജ് നാടകങ്ങളിലേയ്ക്ക് എത്തിച്ചത്.

രക്തബന്ധം എന്ന നാടകം സിനിമാ സംവിധായകൻ വേൽ‌സ്വാമി സിനിമയാക്കാൻ ഒരുങ്ങിയപ്പോൾ ഭരതന്റെ പേരും സിനിമയിലേക്ക് റെക്കമന്റ് ചെയ്യപ്പെട്ടൂ. രക്തബന്ധം 1951 ൽ റിലീസ് ചെയ്തു. ആദ്യ സിനിമയിൽ ഭരതനു കിട്ടിയ പ്രതിഫലം 50 രൂപയായിരുന്നു. അതിനുശേഷം കേരള കേസരി, മരുമകൾ എന്നിങ്ങനെയുള്ള ചിത്രങ്ങളിലൊക്കെ അക്കാലത്ത് ഭരതൻ അഭിനയിച്ചു.

50കളിൽ സെബാസ്റ്റ്യൻ കുഞ്ഞു കുഞ്ഞു ഭാഗവതരും അഗസ്റ്റിൻ ജോസഫും കൂടി ‘ഉദയ കേരള നാടകസമിതി” തുടങ്ങിയപ്പോൾ മുട്ടത്തുവർക്കിയുടെ “മാറ്റൊലി” സ്റ്റേജിൽ അവതരിപ്പിച്ചു. അതിലെ “പാലു” എന്ന റോളിലൂടേ ഭരതൻ വളരെ ശ്രദ്ധിക്കപ്പെട്ടു. ആ നാടകത്തിൽ “ചക്കര” എന്ന റോൾ അവതരിപ്പിച്ച തങ്കമണിയെയാണൂ ഭരതൻ വിവാഹം കഴിച്ചത്.

ആദ്യകാലങ്ങളിൽ വില്ലൻ, സഹായി, കാര്യസ്ഥൻ ടൈപ്പ് റോളുകൾക്ക് ശേഷം 80കളൂടെ അവസാനം ഭരതനു കോമഡിയിൽ പൊതിഞ്ഞ ഒരു രണ്ടാം വരവുണ്ടായി. അതിൽ എക്കാലത്തും ഓർമ്മിക്കപ്പെടുന്ന ചില റോളുകൾ ഉണ്ടായിരുന്നു. അതിൽ ആദ്യം ഓർക്കുക മഴവിൽ കാവടിയിലെ “മീശ വാസുവും” പിന്നെ വിദ്യാരംഭത്തിലെ അഞ്ചലോട്ടക്കാരനുമാണ്. അന്നു മുതൽ ഭരതനു കൈ നിറയെ ചിത്രങ്ങളായിരുന്നു. അക്കാലത്ത് ഒരു വർഷം (1990) ഭരതൻ പതിനഞ്ചോളം ചിത്രങ്ങളിൽ അഭിനയിച്ചു. 1000 ത്തിലധികം ചിത്രങ്ങളിൽ പറവൂർ ഭരതൻ അഭിനയിച്ചിട്ടുണ്ട്.

പറവൂർ ഭരതന്റെ ഭാര്യ തങ്കമണി. പ്രദീപ്, മധു, അജയൻ, ബിന്ദു എന്നിവർ മക്കളാണ്.

2004-ൽ ബഹദൂർ അവാർഡ് അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

വാർദ്ധക്യ സഹജമായ അസുഖങ്ങളാൽ 2015 ഓഗസ്റ്റ് 19 ന് പറവൂർ ഭരതൻ അന്തരിച്ചു.