കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ- 2016 സമ്പൂർണ്ണം

Kerala State Film Awards 2016

കേരള സംസ്ഥാന ചലച്ചിത്ര അവാർഡ്- 2016 സമ്പൂർണ്ണ വിവരങ്ങൾ

സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാക്കളെ ഓരോരുത്തരേയും വിശദമായി പരിചയപ്പെടാം, ഒപ്പം എന്ത് കാരണത്തിലാണ് ഓരോരുത്തരും സമ്മാനാർഹരായതെന്നും..

മികച്ച ചിത്രം - മാൻഹോൾ (സംവിധാനം : വിധു വിൻസെന്റ്, നിർമ്മാണം എം പി വിൻസെന്റ്)

(നിർമ്മാതാവിന് 2,00,000/- രൂപയും ശില്പവും പ്രശസ്തി പത്രവും, സംവിധായകന് 2,00,000/- രൂപയും ശില്പവും പ്രശസ്തി പത്രവും) മനുഷ്യവിസർജ്യം നീക്കം ചെയ്യുന്ന തൊഴിലാളികളുടെ ജീവിതം മാത്രമല്ല മരണം പോലും അംഗീകരിക്കാത്ത സമൂഹത്തിൽ ആർദ്രതയോടെയും കരുണയോടെയും അവരുടെ ദുരിതങ്ങളെ ശക്തമായി ആവിഷ്ക്കരിച്ചതിന്.

മികച്ച രണ്ടാമത്തെ ചിത്രം - ഒറ്റയാൾ പാത (സംവിധാനം, നിർമ്മാണം : സന്തോഷ് ബാബുസേനൻ, സതീഷ് ബാബുസേനൻ)
(നിർമ്മാതാവിന് 1,50,000/- രൂപയും ശില്പവും പ്രശസ്തി പത്രവും, സംവിധായകന് 75,000/- രൂപയും ശില്പവും പ്രശസ്തി പത്രവും) പ്രതികൂല സാഹചര്യത്തിൽ ജീവിക്കുന്ന. അച്ഛനും മകനുമിടയിലെ വിള്ളലുകൾ ആത്മത്യാഗത്തിലൂടെ ഇരുവരും പരിഹരിക്കുന്ന അപൂർവ്വമായ കാഴ്ച്ചാനുഭവത്തിന്.

മികച്ച സംവിധായിക - വിധു വിൻസെന്റ് (മാൻഹോൾ ) (2,00,000/- രൂപയും ശില്പവും പ്രശസ്തി പത്രവും).ശക്തമായ ഒരു വിഷയം തീവ്രതയേറിയ ദൃശ്യഭാഷയിൽ മനുഷ്യമനസ്സിനെ ആകുലപ്പെടുത്തും വിധം ആവിഷ്ക്കരിച്ച സംവിധാന മികവിന്.

മികച്ച നടൻ - വിനായകൻ (കമ്മട്ടിപ്പാടം(1,00,000/- രൂപയും ശില്പവും പ്രശസ്തി പത്രവും).അരികുവൽക്കരിക്കപ്പെട്ട ജീവിതത്തിൽ നിന്ന് അക്രമകാരിയായി മാറുകയും അതിന്റെ പ്രത്യാഘാതങ്ങൾ ഏറ്റുവാങ്ങി ഉന്മാദത്തിന്റെ വക്കോളമെത്തുകയും ചെയ്ത ഗംഗ എന്ന കഥാപാത്രത്തെ വിശ്വസനീയമായി വ്യാഖ്യാനിച്ച് അവതരിപ്പിച്ചതിന്.

മികച്ച നടി - രജിഷ വിജയൻ (അനുരാഗ കരിക്കിൻവെള്ളം(1,00,000/- രൂപയും ശില്പവും പ്രശസ്തി പത്രവും).പുതിയ കാലഘട്ടത്തിലെ സ്ത്രീ കഥാപാത്രത്തിന്റെ പ്രണയവും സങ്കീണ്ണമായ ജീവിതവും വികാരനിർഭരമെങ്കിലും തനതായ രീതിയിൽ അവതരിപ്പിച്ചതിന്.

മികച്ച സ്വഭാവ നടൻ - മണികണ്ഠൻ ആചാരി (കമ്മട്ടിപ്പാടം) (50,000/- രൂപയും ശില്പവും പ്രശസ്തി പത്രവും).അക്രമവാസന നിറഞ്ഞ ശരീരഭാഷയും ആന്തരികമായ ദുർബലതകളും യഥാതഥമായി മികവുറ്റ രീതിയിൽ അവതരിപ്പിച്ചതിന്. 

മികച്ച സ്വഭാവ നടി - കാഞ്ചന പി കെ (ഓലപീപ്പി) (50,000/- രൂപയും ശില്പവും പ്രശസ്തി പത്രവും).ദാരിദ്ര്യവും ഏകാന്തതയും നിറഞ്ഞ വാർദ്ധക്യത്തിൽ ചെറുമകനോടുള്ള സ്നേഹ വാത്സല്യം കൊണ്ടു മാത്രം ജീവിതത്തെ മുന്നോട്ട് നടത്തിച്ച വൃദ്ധയെ തന്മയത്വത്തോടെ ആവിഷ്ക്കരിച്ചു.

മികച്ച ബാലതാരം (ആൺ) - ചേതൻ ജയലാൽ (ഗപ്പി) (50,000/- രൂപയും ശില്പവും പ്രശസ്തി പത്രവും). തീർത്തും പ്രതികൂലമായ സാഹചര്യത്തിൽ രോഗിയായ അമ്മയെ ശുശ്രൂഷിച്ചു കൊണ്ട് ബാഹ്യജീവിതത്തിൽ ശക്തമായ ഇടപെടലുകൾ നടത്തിയ ബാലന്റെ അമർത്തിവച്ച വേദനകൾ സൂക്ഷ്മമായി ആവിഷ്ക്കരിച്ചതിന്. 

മികച്ച ബാലതാരം (പെൺ) - അബനി ആദി (കൊച്ചവ്വ പൗലോ അയ്യപ്പ കൊയ്ലോ(50,000/- രൂപയും ശില്പവും പ്രശസ്തി പത്രവും). കേന്ദ്രകഥാപാത്രത്തിന്റെ സ്വപ്ന സാക്ഷാത്ക്കരത്തിനായി സ്വന്തം ജീവിതം പോലും അവഗണിച്ച നിഷ്ക്കളങ്ക ബാല്യത്തെ മികവുറ്റതാക്കി.

മികച്ച കഥാകൃത്ത്  - സലിം കുമാർ ( കറുത്ത ജൂതൻ(50,000/- രൂപയും ശില്പവും പ്രശസ്തി പത്രവും). ജൂത സമൂഹത്തിന്റെ അവശേഷിക്കുന്ന ഓർമ്മകളും ചരിത്രസ്മാരകവും കയ്യേറിയ സമകാലിക കേരള സമൂഹത്തിന് മുന്നിൽ ഒറ്റപ്പെട്ടുപോയ കറുത്ത ജൂതന്റെ വ്യത്യസ്തമായ കഥാവിഷ്ക്കാരത്തിന്.

മികച്ച ഛായാഗ്രഹണം - എം ജെ രാധാകൃഷ്ണൻ ( കാടു പൂക്കുന്ന നേരം(50,000/- രൂപയും ശില്പവും പ്രശസ്തി പത്രവും). വിദഗ്ദമായ ദൃശ്യാവിഷ്ക്കാരത്തിലൂടെ കഥാസന്ദർഭങ്ങൾക്ക് കരുത്തേകിയ കാഴ്ചാനുഭവം.

മികച്ച തിരക്കഥാകൃത്ത് - ശ്യാം പുഷ്കരൻ (മഹേഷിന്റെ പ്രതികാരം(50,000/- രൂപയും ശില്പവും പ്രശസ്തി പത്രവും). മലയോര മണ്ണിൽ നിന്ന് രൂപപ്പെടുത്തിയ കഥാപാത്രങ്ങളെ അവരുടെ മാനുഷികതയും തനിമയും ചോർന്ന് പോകാതെ കെട്ടുറപ്പോടെ പുതിയൊരു കാഴ്ച്ചപ്പാടിൽ ആവിഷ്ക്കരിച്ചതിന്.

മികച്ച ഗാനരചയിതാവ് - ഒ എൻ വി ( കാംബോജി - നടവാതിൽ തുറന്നില്ല) (50,000/-  രൂപയും ശിൽപവും പ്രശസ്തി പത്രവും) തീർത്തും കാവ്യാത്മകമായ ഈരടികളിലൂടെ ദൃശ്യാനുഭവം പകർന്ന് തന്നതിന്

മികച്ച സംഗീത സംവിധായകൻ - എം ജയചന്ദ്രൻ (കാംബോജി - എല്ലാ ഗാനങ്ങളും) (50,000/-  രൂപയും ശിൽപവും പ്രശസ്തി പത്രവും)  ശാസ്ത്രീയ ലളിത സംഗീതധാരകളെ സമന്വയിപ്പിച്ച് കഥാപാത്രങ്ങളുടെ മാനസികാവസ്ഥ ആവിഷ്കരിച്ചതിനും നവ്യമായ സംഗീതാനുഭവം ഒരുക്കിയതിനും. 

മികച്ച പശ്ചാത്തല സംഗീതം - വിഷ്ണു വിജയ് (ഗപ്പി) (50,000/-  രൂപയും ശിൽപവും പ്രശസ്തി പത്രവും)  പാരമ്പര്യ നവീന സംഗീത ശൈലികൾ ഇടകലർത്തി കഥാപാത്രങ്ങളുടെ വികാരപ്രകടനങ്ങൾക്ക് ശക്തി പകർന്നതിന്.

മികച്ച ഗായകൻ - സൂരജ് സന്തോഷ് (ഗപ്പി - തനിയെ മിഴികൾ) (50,000/-  രൂപയും ശിൽപവും പ്രശസ്തി പത്രവും)  പരമ്പരാഗതമായ ശൈലിയിൽ നിന്ന് മാറി കഥാസന്ദർഭത്തെ അനുഭവവേദ്യമാക്കിയ ആലാപന ശൈലി.

മികച്ച ഗായിക - കെ എസ് ചിത്ര (കാംബോജി - നടവാതിൽ തുറന്നില്ല) (50,000/-  രൂപയും ശിൽപവും പ്രശസ്തി പത്രവും)  പാട്ടിന്റെ സംസ്കാരവും സിനിമയുടെ കഥാസന്ദർഭവും സ്വാംശീകരിച്ച ഭാവസാന്ദ്രമായ ആലാപനം.

മികച്ച ചിത്രസംയോജനം - ബി അജിത് കുമാർ (കമ്മട്ടിപ്പാടം) (50,000/-  രൂപയും ശിൽപവും പ്രശസ്തി പത്രവും)  രേഖീയമല്ലാത്ത കഥാവിവരണത്തിനുതകുന്ന മട്ടിൽ ദൃശ്യങ്ങളുടെ താളാത്മകമായ സംയോജനത്തിലൂടെ സൃഷ്ടിച്ച നവ്യാനുഭവത്തിന്.

മികച്ച കലാസംവിധാനം - ഗോകുൽദാസ് എ വി, എസ് നാഗരാജ് (കമ്മട്ടിപ്പാടം) (50,000/- രൂപയും ശിൽപവും പ്രശസ്തി പത്രവും)  സ്ഥകാലങ്ങളെ തന്മയത്വത്തോടെ അടയാളപ്പെടുത്താനായി പശ്ചാത്തലത്തെ ഒരുക്കിയതിന്.

മികച്ച തത്സമയ ശബ്ദലേഖനം - ജയദേവൻ ചക്കാടത്ത് ( കാടു പൂക്കുന്ന നേരം) (50,000/- രൂപയും ശിൽപവും പ്രശസ്തി പത്രവും) തത്സമയ ശബ്ദലേഖനത്തിലൂടെ കഥാപാത്രങ്ങളുടെ സംഭാഷണം അതി സൂക്ഷമമായി ആവിഷ്കരിച്ചതിന്.

മികച്ച ശബ്ദ രൂപകല്പന - ജയദേവൻ ചക്കാടത്ത് ( കാടു പൂക്കുന്ന നേരം)  (50,000/-  രൂപയും ശിൽപവും പ്രശസ്തി പത്രവും) കാടിന്റെ പല ഭാവങ്ങളും ഉപയോഗിച്ച് സിനിമയ്ക്ക് ഒരു 'സൗണ്ട് സ്കേപ്പ്' സൃഷ്ടിക്കുകയും കഥാപാത്രങ്ങളുടെ വൈകാരികാവസ്ഥയ്ക്ക് കരുത്ത് പകരുകയും ചെയ്തു.

മികച്ച ശബ്ദ മിശ്രണം - പ്രമോദ് തോമസ് ( കാടു പൂക്കുന്ന നേരം) (50,000/- രൂപയും ശിൽപവും പ്രശസ്തി പത്രവും)  സംഭാഷണം, പശ്ചാത്തല ശബ്ദം, സംഗീതം എന്നിവയുടെ വിദഗ്ദ്ധമായ മിശ്രണവും ശബ്ദത്തിന്റെ ഉയർച്ച താഴ്ചകളിലൂടെ ചലച്ചിത്രത്തിന് വേണ്ടുന്ന നാടകീയതും ഭാവവും പകർന്ന് നൽകിയതിന്. 

മികച്ച കളറിസ്റ്റ് - ഹെൻറോയ് മെസിയ ( കാടു പൂക്കുന്ന നേരം) (50,000 രൂപയും ശിൽപവും പ്രശസ്തി പത്രവും) ചിത്രത്തിന്റെ തീവ്രമായ മുഹൂർത്തങ്ങൾക്ക് ശക്തി പകരുന്ന നിറക്കൂട്ടിന്റെ മികവിന്.

മികച്ച ചമയം - എൻ ജി റോഷൻ (നവൽ എന്ന ജുവൽ) (50,000/-  രൂപയും ശിൽപവും പ്രശസ്തി പത്രവും) സ്ത്രീ കഥാപാത്രത്തെ വിശ്വസനീയമായ രീതിയിൽ പുരുഷ കഥാപാത്രമാക്കിയ ചമയ മികവിന്.

മികച്ച വസ്ത്രാലങ്കാരം - സ്റ്റെഫി സേവ്യർ (ഗപ്പി) (50,000/-  രൂപയും ശിൽപവും പ്രശസ്തി പത്രവും) തീരദേശ സമൂഹത്തിന്റെ ജീവിതാവിഷ്കാരത്തിന് ഉതകും മട്ടിൽ വിശ്വസനീയമായി കഥാപാത്രങ്ങളുടെ വേഷവിധാനം നിർവ്വഹിച്ചതിന്.

മികച്ച ഡബ്ബിംഗ് (ആൺ) - വിജയ് മേനോൻ (ഒപ്പം) (50,000/-  രൂപയും ശിൽപവും പ്രശസ്തി പത്രവും) വാസു എന്ന കഥാപാത്രത്തിന്റെ ശക്തി ചോരാതെ ശബ്ദം നൽകിയതിന്.

മികച്ച ഡബ്ബിംഗ് (പെൺ) - തങ്കമണി എം (ഓലപീപ്പി) (50,000/-  രൂപയും ശിൽപവും പ്രശസ്തി പത്രവും) വൃദ്ധയും നിരാലംബയുമായ ഒരു മുത്തശ്ശിയുടെ വേദനകളും ആകുലതകളും വാത്സല്യവും തന്മയത്വത്തോടെ പകർന്ന ശബ്ദ മികവിന്.

മികച്ച നൃത്തസംവിധാനം - വിനീത് (കാംബോജി - ചെന്താർ നേർ മുഖീ...) (50,000/-  രൂപയും ശിൽപവും പ്രശസ്തി പത്രവും) വ്യത്യസ്ത നൃത്തഭാവങ്ങളെ സമന്വയിപ്പിച്ച് കഥാപാത്രങ്ങളുടെ മാനസിക വ്യാപാരങ്ങളെ ഉൾക്കൊണ്ട് രൂപം നൽകിയ നൃത്തസംവിധാനത്തിന്. 

ജനപ്രീതി നേടിയ ചിത്രം - മഹേഷിന്റെ പ്രതികാരം (സംവിധാനം : ദിലീഷ് പോത്തൻ, നിർമ്മാണം: ആഷിക് അബു) (നിർമ്മാതാവിനും സംവിധായകനും 100,000/-  രൂപയും ശിൽപവും പ്രശസ്തി പത്രവും) നാട്ടു തനിമയുടെ നന്മയും തിന്മയും, ലളിതവും സുന്ദരവുമായി ആവിഷ്കരിച്ചതിന്.

മികച്ച നവാഗത സംവിധായകൻ - ഷാനവാസ് എ ബാവക്കുട്ടി (കിസ്മത്ത്) (100,000/-  രൂപയും ശിൽപവും പ്രശസ്തി പത്രവും) ഒഎസ് പോലീസ് സ്റ്റേഷൻ കേന്ദ്രമാക്കി ജാതീയ സാമൂഹ്യ പ്രശ്നങ്ങളും പ്രണയവും കഥയുടെ കേന്ദ്രബിന്ദുവിൽ നിന്ന് വ്യതിചലിക്കാതെ ജീവിതഗന്ധിയായി ആവിഷ്കരിച്ച സംവിധായക മികവിന്. 

മികച്ച കുട്ടികളുടെ ചിത്രം - കോലുമിട്ടായി (സംവിധാനം : അരുൺ വിശ്വം, നിർമ്മാതാവ് - അഭിജിത്ത് യു എ) (നിർമ്മാതാവിന് 300,000/-  രൂപയും ശിൽപവും പ്രശസ്തി പത്രവും, സംവിധായകന് 100,000/-  രൂപയും ശിൽപവും പ്രശസ്തി പത്രവും) സംഗീകാരത്തിനായി തനിക്ക് അറിവില്ലാത്ത ചിത്രകലാ അഭ്യസിക്കുകയും കാരുണ്യവും സ്നേഹവും പകർന്ന വിജയം കൈവരിക്കുകയും ചെയ്ത ബാലന്റെ ജീവിതം ലളിതമായി ആവിഷ്കരിച്ചതിന്. 

പ്രത്യേക ജൂറി അവാർഡ് (അഭിനയം) - കെ കലാധരൻ (ഒറ്റയാൾ പാത) (50,000/-  രൂപയും ശിൽപവും പ്രശസ്തി പത്രവും)  മകന്റെ ജീവിതത്തിനും ഭാവിക്കും തടസ്സമാകുമെന്ന് തിരിച്ചറിഞ്ഞ് ആത്മസമർപ്പണം ചെയ്ത പിതാവിന്റെ മാനസീകാവസ്ഥയെ തന്മയത്വത്തോടെ അവതരിപ്പിച്ചതിന്. 

പ്രത്യേക ജൂറി പരാമർശം (കഥ) - ഇ സന്തോഷ് കുമാർ (ആറടി) (ശിൽപവും പ്രശസ്തി പത്രവും)  സ്വാതന്ത്ര്യ സമര സേനാനിയും ദളിത് നേതാവുമായ സംസ്കൃത പണ്ഡിതനെ ഉചിതമായി സംസ്കരിക്കുവാൻ പോലും ഇടമില്ലാത്ത അവസ്ഥ കഥയിലൂടെ അവതരിപ്പിച്ചതിന്.

പ്രത്യേക ജൂറി പരാമർശം (അഭിനയം) - സുരഭി ലക്ഷ്മി (മിന്നാമിനുങ്ങ്) (ശിൽപവും പ്രശസ്തി പത്രവും)  മകളുടെ സ്വപ്ന സാക്ഷാത്കാരത്തിനായി കിടപ്പാടവും സ്വന്തം ജീവിതം പോലും ഹോമിച്ച അമ്മയുടെ വികാരങ്ങളെ ശക്തമായി ആവിഷ്കരിച്ചതിന്. 

പ്രത്യേക ജൂറി പരാമർശം (ഛായാഗ്രഹണം) - ഗിരീഷ് ഗംഗാധരൻ (ഗപ്പി) (ശിൽപവും പ്രശസ്തി പത്രവും)  നിഴലിന്റെയും വെളിച്ചത്തിന്റെയും വിന്യാസത്തിലൂടെ അകം പുറം ദൃശ്യങ്ങൾക്ക് ആഴവും തനിമയും പകർന്നതിന്.

മികച്ച ചലച്ചിത്ര ഗ്രന്ഥം - സിനിമ മുതൽ സിനിമ വരെ - അജു കെ നാരായണൻ, ചെറി ജേക്കബ്
മികച്ച ചലച്ചിത്ര ലേഖനം - വെളുത്ത തിരശ്ശീലയിലെ കറുത്ത ഉടലുകൾ - എൻ പി സജീഷ് 
പ്രത്യേക ജൂറി പരാമർശം (ചലച്ചിത്ര ഗ്രന്ഥം) - ഹരിത സിനിമ - എ ചന്ദ്രശേഖർ

ജൂറി അംഗങ്ങൾ - ചലച്ചിത്ര വിഭാഗം
എ കെ ബിർ (ചെയർമാൻ)
പ്രിയനന്ദനൻ
സുന്ദർദാസ്
സുദേവൻ
പി എഫ് മാത്യൂസ്
ശാന്തികൃഷ്ണ
വി ടി മുരളി 
അരുൺ നമ്പ്യാർ 
ഡോ. മീന റ്റി പിള്ള 
മഹേഷ് പഞ്ചു
(മെമ്പർ സെക്രട്ടറി)

ജൂറി അംഗങ്ങൾ - രചന വിഭാഗം 
കെ ജയകുമാർ ഐ എ എസ് (ചെയർമാൻ)
മ്യൂസ് മേരി ജോർജ്ജ് 
ഷിബു അഹമ്മദ് 
മഹേഷ് പഞ്ചു
(മെമ്പർ സെക്രട്ടറി)

എഡിറ്റിങ് ചരിത്രം

13 edits by
Updated date എഡിറ്റർ ചെയ്തതു്
9 Mar 2017 - 08:12 Kiranz Changed the link title
8 Mar 2017 - 21:51 Jayakrishnantu ഔദ്യോഗിക ഫലപ്രഖ്യാപനം ചേർത്തു
8 Mar 2017 - 21:37 Jayakrishnantu ഫോർമാറ്റിംഗ്
8 Mar 2017 - 21:13 Jayakrishnantu ജൂറി അംഗങ്ങളെ ചേർത്തു
8 Mar 2017 - 21:03 Jayakrishnantu ജൂറി പരാമർശങ്ങൾ ചേർത്തു
8 Mar 2017 - 17:25 Neeli
8 Mar 2017 - 17:18 Neeli
8 Mar 2017 - 17:14 Neeli
8 Mar 2017 - 17:11 Neeli
8 Mar 2017 - 16:09 Kiranz added details