സാറ തോമസ്

Sara Thomas
Date of Death: 
Friday, 31 March, 2023
കഥ: 4
സംഭാഷണം: 1
തിരക്കഥ: 1

ചെറുകഥാകൃത്ത്, നോവലിസ്റ്റ്, എന്നീ നിലകളില്‍ ശ്രദ്ധേയായ സാറാ തോമസ് 1934 ൽ തിരുവനന്തപുരത്താണ് ജനിച്ചത്. തന്റെ 13 ആം വയസ്സുമുതൽ എഴുതിത്തുടങ്ങിയ കൊച്ചു സാറക്ക്, വീട്ടിൽ ഒരുപാട് പുസ്തകങ്ങളും വായിക്കാനുള്ള അന്തരീക്ഷവും ഉണ്ടായിരുന്നതു കൊണ്ട് അത്യാവശ്യം വായിക്കുകയും ചെയ്തിരുന്നു. കൂടുതലും ഇംഗ്ലീഷ് പുസ്തകങ്ങളായിരുന്നു.

വായനയ്ക്കിടയിൽ മുളച്ച ഒരു കഥ അപ്പനും അമ്മയും അറിയാതെ സാറ മനോരമക്ക് അയച്ചു. പ്രസിദ്ധീകരിക്കാനുള്ള ബുദ്ധിമുട്ട് അറിയിച്ചു കൊണ്ട് അവർ അത്  തിരിച്ചയച്ചു. ഈ കത്ത് കിട്ടുന്നത് അപ്പന്റെ കൈയ്യിലായിരുന്നു. മകളുടെയുള്ളിൽ ഒരു എഴുത്തുകാരി വളരുന്നുണ്ടെന്നറിഞ്ഞ അപ്പൻ സാറായോട് പറഞ്ഞത് "ഇവിടെയുള്ള ധാരാളം പുസ്തകങ്ങളുണ്ടല്ലോ? അതെല്ലാം ഇഷ്ടം പോലെ വായിച്ചോളൂ. പക്ഷേ, ഒന്നും എഴുതരുത്. അത് നമ്മളെപ്പോലുള്ളവർക്ക് പറഞ്ഞതല്ല" എന്നായിരുന്നു. കുട്ടി സാറ അപ്പന്റെ ഉപദേശം അപ്പാടെ സ്വീകരിച്ചു. പിന്നീട് കുറെക്കാലത്തേക്ക് ഒന്നും എഴുതിയില്ല. പക്ഷേ, എഴുത്തിന്റെ നാമ്പുകൾ അറിയാതെ മനസ്സിൽ അവിടവിടെ മുളപൊട്ടുന്നുണ്ടായിരുന്നു.

പിന്നീട് 1968 ൽ 34 ആം വയസ്സിലാണ് അവർ ആദ്യ നോവലായ 'ജീവിതമെന്ന നദി' എഴുതുന്നത്. സാറാ തോമസ് എന്ന കൃതഹസ്തയായ എഴുത്തുകാരിയുടെ കടന്നുവരവായിരുന്നു അത്. നാർമടിപ്പുടവ, ദൈവമക്കൾ, മുറിപ്പാടുകൾ, അഗ്നിശുദ്ധി, ചിന്നമ്മു, വലക്കാര്‍, നീലക്കുറിഞ്ഞികള്‍ ചുവക്കും നേരം, ഗ്രഹണം, തണ്ണീര്‍പ്പന്തല്‍, യാത്ര, കാവേരി  തുടങ്ങി വായനക്കാർ ഓർത്തു വയ്ക്കുന്ന കുറെ കൃതികൾ പിന്നീട് അവരുടേതായി ഉണ്ടായി.

തമിഴ് ബ്രാഹ്മണരുടെ കഥ പറഞ്ഞ 'നാർമടിപ്പുടവ'യാണ് ഇവരെ മലയാള സാഹിത്യത്തിന്റെ മുൻനിരയിലെത്തിച്ചു.
ഈ കൃതിക്ക് കേരള സാഹിത്യ അക്കാദമി പുരസ്‌കാരവും ലഭിച്ചു. ദളിതരുടെ കഥയായ 'ദൈവമക്കൾ', മുക്കുവരുടെ ജീവിതം പറഞ്ഞ 'വലക്കാരി' നമ്പൂതിരി വിധവകളായ കന്യകമാരുടെ കഥ പറഞ്ഞ 'ഉണ്ണിമായയുടെ കഥ' ഇവയെല്ലാം ജനപ്രീതി നേടിയവയായിരുന്നു.

'മുറിപ്പാടുകള്‍' എന്ന നോവല്‍ പി.എ.ബക്കര്‍ 'മണിമുഴക്കം' എന്ന പേരിൽ സിനിമയാക്കി. കൂടാതെ അസ്തമയം, പവിഴമുത്ത്, അര്‍ച്ചന എന്നീ നോവലുകളും ചലച്ചിത്രങ്ങളായിട്ടുണ്ട്. 17 നോവലുകളും നൂറിലേറെ ചെറുകഥകളും രചിച്ചിട്ടുണ്ട്. കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ നേടിയീട്ടുള്ള ഇവർ 2023 മാർച്ച് 31 ആം തിയതി പുലർച്ചെ തിരുവനന്തപുരം നന്ദാവനം പൊലീസ് ക്യാംപിന് സമീപത്തുള്ള മകളുടെ വസതിയിൽവെച്ച് തന്റെ 89 ആം വയസ്സിൽ അന്തരിച്ചു.