ആർ സുന്ദരരാജൻ

R Sundararajan
Sundararaj Producer Marthandavarma

മലയാളസാഹിത്യവും സിനിമയും ബന്ധം സ്ഥാപിക്കുന്ന കാഴ്ചയാണ് വിഗതകുമാരനു ശേഷം പുറത്തിറങ്ങിയ "മാർത്താണ്ഡവർമ്മ" പങ്ക് വച്ചത്. സി വി രാമൻപിള്ളയുടെ ചരിത്രാഖ്യായികയായ "മാർത്താണ്ഡവർമ്മയോട്" അങ്ങേയറ്റം വിശ്വസ്തത പുലർത്തിക്കൊണ്ട് പുറത്തിറങ്ങിയ രണ്ടാമത്തെ മലയാള ചലച്ചിത്രം. ജെ സി ദാനിയലിന്റെ ബന്ധുവായ സുന്ദർ‌രാജാണ് ഈ ചിത്രം നിർമ്മിച്ചത്. ദാനിയലിനേപ്പോലെ തന്നെ സമ്പാദ്യം വിറ്റുപെറുക്കി നാഗർകോവിലിൽ സ്വന്തമായി നിർമ്മിച്ച സ്റ്റുഡിയോയിലായിരുന്നു മാർത്താണ്ഡവർമ്മയുടെ ചിത്രീകരണം.മറ്റ് ഇന്ത്യൻ ഭാഷാചിത്രങ്ങൾ ശബ്ദചിത്രങ്ങളായി പുറത്ത് വന്നിട്ടും നിശബ്ദചിത്രമായി മാർത്താണ്ഡവർമ്മയെ പുറത്തെത്തിച്ചത് സാങ്കേതികമായ ഒരു പോരായ്മയായി കണക്കാക്കുന്നു.

1932ൽ തുടങ്ങിയ ചിത്രീകരണം ഒരു വർഷത്തിനകം പൂർത്തിയായി മാർത്താണ്ഡവർമ്മ ആദ്യ പ്രദർശനം നടത്തിയത് വിഗതകുമാരൻ പ്രദർശിപ്പിച്ച തിരുവനന്തപുരം കാപ്പിറ്റോൾ തീയറ്ററിലായിരുന്നു.ശ്രീപദമനാഭസ്വാമി ക്ഷേത്രത്തിലെ പൂജക്ക് ശേഷം വലിയ ജനക്കൂട്ടത്തെ അണി നിരത്തി ആഘോഷത്തോടെ ആനപ്പുറത്തായിരുന്നു മാർത്താണ്ഡവർമ്മ എന്ന ചിത്രത്തിന്റെ ഫിലിം റോളടങ്ങുന്ന പെട്ടി തീയറ്ററിലെത്തിച്ചത്.വലിയ പുരുഷാരം സാക്ഷ്യം വഹിച്ച ആദ്യ പ്രദർശനത്തിന്റെ പകുതി കഴിഞ്ഞപ്പോൾത്തന്നെ ചിത്രത്തിന്റെ പ്രദർശനം തടഞ്ഞു കൊണ്ട് കോടതി ഉത്തരവ് വന്നു. കമലാലയം ബുക്ക് ഡിപ്പോ പ്രസിദ്ധീകരിച്ച "മാർത്താണ്ഡവർമ്മ" എന്ന പുസ്തകത്തിന്റെ അവകാശം മുൻനിർത്തിയായിരുന്നു ആ സ്റ്റേ. കേസിലുൾപ്പട്ടെ സുന്ദർരാജിനും ഭാര്യക്കും സ്റ്റുഡിയോ ഉൾപ്പടെയുള്ള സ്വത്തുക്കൾ വിറ്റ് നാട് വിടാനായിരുന്നു വിധി. സുന്ദർരാജ് 1965ൽ മരണമടഞ്ഞു.