കെ രവീന്ദ്രൻ നായർ

K Ravindran Nair
കെ രവീന്ദ്രൻ നായർ
Alias: 
ജനറൽ പിക്ചേഴ്സ് രവി
അച്ചാണി രവി
രവി കൊല്ലം (രവി മുതലാളി)

മലയാള സിനിമയിൽ സമാന്തര സിനിമകളുടെ സ്ഥിരം നിർമ്മാതാവായാണ് കെ രവീന്ദ്രൻ നായർ അറിയപ്പെടുന്നത്. മലയാള സിനിമയെ രാജ്യാന്തര പ്രശസ്തിയിലേക്ക് കൈപിടിച്ച് ഉയർത്തിയ അരവിന്ദൻ, അടൂർ ഗോപാലകൃഷ്ണൻ തുടങ്ങിയ ചലച്ചിത്രകാരന്മാരുടെ സിനിമകളെ പിന്തുണച്ച സിനിമാനിർമ്മാതാവാണ് അദ്ദേഹം.

വ്യവസായിയായിരുന്ന പി. കൃഷ്ണപിള്ളയുടെയും നാണിയമ്മയുടേയും മകനായി 1932ൽ കൊല്ലത്ത് ജനിച്ചു. സ്ക്കൂൾ വിദ്യാഭ്യാസം കൊല്ലം കന്റോൺമെന്റ് ബേസിക് ട്രെയിനിംഗ് സ്ക്കൂളിലും ഗവ. ബോയ്സ് ഹൈസ്ക്കൂളിലും പൂർത്തിയാക്കി. 1955ൽ കോമേഴ്സിൽ  ബിരുദം നേടിയ ശേഷം കശുവണ്ടി വ്യവസായരംഗത്ത് ശ്രദ്ധ കേന്ദ്രീകരിച്ചു. 1967 ൽ  അന്വേഷിച്ചു കണ്ടെത്തിയില്ല എന്ന ചിത്രം നിർമ്മിച്ച്‌ ചലച്ചിത്ര നിർമ്മാണ മേഘലയിലേക്ക് കടന്നു വന്നു. അദ്ദേഹം തുടക്കം കുറിച്ച ജനറൽ പിക്ച്ചേഴ്സിന്റെ ബാനറിൽ പതിനഞ്ചോളം കലാമൂല്യമുള്ള സിനിമകൾ നിർമ്മിച്ചു. അദ്ദേഹം നിർമ്മിച്ച അച്ചാണി മികച്ച വിജയം നേടിയപ്പോൾ അതിൽ നിന്ന് കിട്ടിയ ലാഭം കൊണ്ട്,  കൊല്ലം  പബ്ളിക് ലൈബ്രറിയും സോപാനം കലാ കേന്ദ്രവും ആരംഭിച്ചു. കൊല്ലത്തെ കുമാർ, പ്രണവം തീയേറ്ററുകളുടെ ഉടമകൂടിയായിരുന്നു  രവീന്ദ്രൻ നായർ. രണ്ടു തവണ ദേശീയ ചലച്ചിത്ര അവാർഡ് കമ്മറ്റിയിലും രണ്ടു തവണ സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷനിലും അംഗമായിരുന്നു. സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ അംഗം, 1981ലെ ദേശീയ ചലച്ചിത്രോത്സവത്തിൽ ജൂറിയംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. 2008ൽ സമഗ്രസംഭാവനയ്ക്കുള്ള കേരളചലച്ചിത്ര അക്കാദമിയുടെ ജെ.സി.ഡാനിയൽ പുരസ്കാരത്തിനർഹനായി...

2023ജൂലൈ 08ന് രാത്രി 11.50ന് വാർദ്ധക്യസഹജമായ അസുഖം നിമിത്തം മരണപ്പെട്ടു....