ട്യൂൺ കേൾക്കൂ പാട്ടെഴുതൂ - മത്സരഫലം ( Draft page - not for publishing )

ട്യൂൺ കേൾക്കൂ പാട്ടെഴുതൂ... മത്സര ഫലം


പ്രിയമുള്ളവരെ...എം3ഡിബി നടത്തിയ “ട്യൂൺ കേൾക്കൂ പാട്ടെഴുതൂ” എന്ന മത്സരത്തിന്റെ ഫലങ്ങൾ പ്രഖ്യാപിക്കുകയാണ്. ആദ്യ പരിശോധനയിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ഗാനങ്ങൾ അന്തിമ ജഡ്ജിങ്ങ് പാനലിലുള്ളവർക്ക് അയച്ചുകൊടുത്ത് അവരാൽ തിരഞ്ഞെടുക്കപ്പെട്ടതാണ് മത്സരഫലം.

ആകെ ലഭിച്ചവയെ അടിസ്ഥാനപ്പെടുത്തി പറയുകയാണെങ്കിൽ രചനകൾ പൊതുവേ നല്ല നിലവാരം പുലർത്തി. പ്രത്യേകിച്ച് നാടൻ പാട്ടിനു ലഭിച്ച 80% രചനകളും ഉയർന്ന നിലവാരമുള്ളവയായിരുന്നു. എങ്കിലും താളത്തിന്റെ കാര്യത്തിൽ ഏവരും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണെന്ന് ഈ അവസരത്തിൽ ഓർമ്മിപ്പിച്ചുകൊള്ളട്ടേ. ഈണം ആദ്യം നൽകപ്പെട്ട് ശേഷം വരികളെഴുതുമ്പോൾ ആ ഈണത്തിനുള്ളിൽ തന്നെ വാക്കുകൾ കൃത്യമായി ഒത്തുചേരുവാനും പ്രത്യേകം ശ്രദ്ധചെലുത്തേണ്ടതാണ്. ഒരു ട്യൂണിന്റെ ബായ്ക്ഗ്രൗണ്ടിൽ റിഥം കൊടുത്തിട്ടില്ലെങ്കിൽ കൂടി പാടിത്തരുന്ന ട്യൂണിനനുസരിച്ച് എഴുതുവാൻ കൂടുതൽ പരിശീലനം ആവശ്യമാണ്. ചിലർ അയച്ചു തന്ന പ്രമേയങ്ങൾ നൽകപ്പെട്ടിരിക്കുന്ന വിഷയവുമായി ബന്ധമില്ലാതെ പോയതായി കാണുന്നു. അത്തരം കാര്യത്തിൽ കൂടുതൽ ശ്രദ്ധ നൽകുമല്ലോ. ഗാനമാകുമ്പോൾ അതിന്റെ പദഭംഗിക്ക് വളരെയധികം പ്രാധാന്യമുണ്ട്. ചില രചനകളിൽ താളത്തിൽ നിർത്താൻ ശ്രമിക്കുന്നതിനാലാണോ അത് നഷ്ടപ്പെടുന്നതായി അനുഭവപ്പെട്ടു. ഈ മത്സരം സാഹിത്യ ഭംഗിയ്ക്ക് ഒപ്പം ട്യൂണിനു അനുസരിച്ച് എഴുതുക എന്ന ഒരു ടാസ്ക് കൂടി ഉള്ളതുകൊണ്ട് ചില എപ്പിസോഡുകളിൽ വരികളിൽ ഭംഗിയായവയെകാളും ടോട്ടൽ മാർക്ക് തൊട്ടടുത്തതിനു നൽകേണ്ടി വന്നിട്ടുണ്ട്. സംഗീതത്തിനു അനുസരിച്ച് വരികൾ ചേരാതെ വന്നപ്പോൾ അവ തിരുത്താനും ഒരു അവസരം കൂടി കൊടുത്തതിനുശേഷമാണ് ഫൈനൽ ജഡ്ജിംഗ് നടത്തിയത്

ആകെ ലഭിച്ച എൻട്രികളിൽ നിന്ന് പലഘട്ടങ്ങളിലായി പരിശോധനപൂർത്തിയാക്കി അന്തിമവിധി നിർണ്ണയിച്ച് ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ ലഭിച്ച ഗാനരചയിതാക്കളുടെ പേരുകൾ താഴെക്കൊടുക്കുന്നു.

1.സുനിൽ വാര്യർ = 60 പോയിന്റ്
2.അബ്ദുൾ നിസാർ =50 പോയിന്റ്
3.സുധീരൻ ദാമോദരൻ = 40 പോയിന്റ്

സമ്മാനാർഹർക്കും മത്സരത്തിൽ പങ്കെടുത്ത എല്ലാവർക്കും അഭിനന്ദനങ്ങൾ.എം3ഡിബി തിരഞ്ഞെടുത്ത ഈ വർഷത്തെ മികച്ച ഗാനരചയിതാവ് "സുനിൽ വാര്യർ"ക്ക് പ്രത്യേക അഭിനന്ദനങ്ങൾ.

ഒന്നാം സമ്മാനം ‌: സുനിൽ വാര്യർ.

(സ്വദേശം ത്രിശ്ശൂർ ജില്ലയിൽ മറ്റത്തൂർ.ഇപ്പോൾ ദുബായിൽ താമസം.അക്കൗണ്ടന്റ് ആയി ജോലിചെയ്യുന്നു.കാര്യമായി ഒരു പാട്ട് എഴുതാൻ ശ്രമിക്കുന്നത് ആദ്യമായാണ്. എന്റെ ബ്ലോഗ്:http://www.sunilwarrier.com/  Facebook :http://www.facebook.com/sunilwarier )

 

 

 

 

 

 

 

രണ്ടാം സമ്മാനം - അബ്ദുൾ നിസാർ (കൊല്ലം ജില്ലയിലെ ഓച്ചിറ സ്വദേശി,ഇപ്പോൾ താമസം തിരുനെൽ‌വേലിയിലും ജോലി തിരുവനന്തപുരത്തും. കമ്പ്യൂട്ടർ എഞ്ചിനീയറിംഗിൽ ഗവേഷണ ബിരുദം നേടിയിട്ടുണ്ട്.ഇപ്പോൾ സർക്കാർ സർവ്വീസിൽ ജോലി നോക്കുന്നു. നാടകപ്രവർത്തനങ്ങളിൽ തൽപ്പരൻ)

 

 

മൂന്നാം സമ്മാനം - സുധീരൻ ദാമോദരൻ (തിരുവനന്തപുരം ജില്ലയിലെ വക്കം / കടക്കാവൂരിൽ ജനിച്ചു.തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജിൽ നിന്നു ബിരുദവും ബ്രിട്ടനിലെ ഹൾ യൂണിവേർസിറ്റിയിൽ നിന്നു എം.ബി.എ. യും നേടി സിംഗപ്പൂരിലെ പാനാസോണിക് കമ്പനിയിൽ ഏറെക്കാലം ജോലി ചെയ്ത ശേഷം വിരമിച്ചു. ഭാര്യ സുധ, വിവാഹിതയായ മകൾ ശാലീന, ഇവരോടൊപ്പം സിംഗപ്പൂരിൽ വിശ്രമജീവിതം നയിക്കുന്നു.കവിത,ഗാനം,സംഗീതം,നാടകം – ഇവയിൽ കുറേശ്ശേ അഭിരുചിയുണ്ട്.)

വിജയികൾക്ക് ഹാർദ്ദമായ അഭിനന്ദനങ്ങൾ, ഒപ്പം ഇതിലേക്ക് രചനകൾ അയച്ചുതന്ന എല്ലാവർക്കും അഭിനന്ദനങ്ങൾ, ആശംസകൾ
അന്തിമ ജഡ്ജിങ്ങ് പാനൽ

ഗണേശ് ഓലിക്കര (സീരിയൽ, നാടക ഗാനരചയിതാവ്, തിരക്കഥാകൃത്ത്)
വിജേഷ് ഗോപാൽ (ഗായകൻ, സംഗീത സംവിധായകൻ)
പി. പ്രകാശ് (ചലച്ചിത്ര ഗാനരചയിതാവ്, തിരക്കഥാകൃത്ത്)
നവീൻ സഹദേവൻ (AIR A+ ഗ്രേഡ് ഗായകൻ, സംഗീത സംവിധായകൻ, സൗണ്ട് എഞ്ചിനീയർ)

 മത്സരത്തിലെ ഓരോ എപ്പിസോഡുകളിലും വിജയൈച്ചവരുടെ ചിത്രങ്ങളും അവരുടെ കൂടുതൽ വിവരങ്ങളും ഒരോ

മത്സരത്തിലെ  ഓരോ എപ്പിസോഡിന്റേയും പൂർണ്ണമായ വിലയിരുത്തലുകളും ലിറിക്സുമൊക്കെ പിന്നീട് പ്രസിദ്ധീകരിക്കുന്നതാണ്.

എപ്പിസോഡ് 1- ആർദ്രവീണ  ( ഒരൊ പാട്ടിന്റെയും പല്ലവി താഴെ )
   
ഒന്നാം സമ്മാനം- സുനിൽ വാര്യർ 
പല്ലവി
മഴ പെയ്തൊഴിഞ്ഞൊരീ രാത്രിയിൽ
കുളിര്ചാഞ്ഞുറങ്ങമീ ചില്ലയിൽ
ഇനിയേതു രാഗം തേടുനീ
വിരഹാര്ദ്രയായെൻ രാക്കിളീ
ഇനിയും തരുമോ ഒരു സ്നേഹസാന്ത്വനം

രണ്ടാം സമ്മാനം - അബ്ദുൾ നിസാർ
പല്ലവി
(ആൺസ്വരം):
മുറിവേറ്റ സന്ധ്യേ നിൻ നെഞ്ചിലെ
നെടുവീർപ്പിനോളം നിലയ്ക്കുമോ
ഇരുൾമൂടും ആകാശവീഥിയിൽ
ഒരു താരമെങ്കിലും പൂക്കുമോ…….
തഴുകാൻ……..വരുമോ…..
കുളിർ മാലേയമായ് തിങ്കളേ

മൂന്നാം സ്ഥാനം - സുല്ല് 
പല്ലവി
ഒരു രാക്കുയില്‍പ്പാട്ട് മൂളവേ
ഒരു കുഞ്ഞു കാറ്റെന്നെ മൂടവേ
അറിയുന്നു ഞാനെന്റെയോമലേ
അകലുന്ന നാൾവന്നു ചേര്ന്നുവോ
പ്രിയതേ, അറിയൂ
എൻ ആത്മാവിൻ തേങ്ങലുകൾ

എപ്പിസോഡ് 2 - അമ്മത്തൊട്ടിൽ

ഒന്നാം സമ്മാനം - ചാന്ദ്നി ഗാനൻ (ഗുരുവായൂരിനടുത്ത്‌ കോട്ടപ്പടിയാണ് സ്വദേശം. കുറച്ച്‌ വർഷങ്ങളായി ഷാർജയിൽ സകുടുംബം താമസം. രണ്ട്‌ മക്കൾ; രാഹുൽ & അനഘ. ഇടയ്ക്കെന്തെങ്കിലുമൊക്കെ മിണ്ടാനും പറയാനുമായി ഒരു എഴുത്തിടമുണ്ട്‌.  http://chandrakaantham.blogspot.com/)

പല്ലവി
തേവാരം കാവിൽ ചായും വെയ്ലെല്ലാം മാഞ്ഞല്ലോ
താലോലം പാടാതോമൽയിലാളും പോയല്ലോ
ആകാശച്ചോല നീന്തുന്നാരാരാരോ
പൂന്തിങ്കൾ തോണിതാനോ.. മറ്റാരാനോ
കണ്ണേ രാരാരിരോ
വാവേ രാരാരിരോ
രാവി,ന്നീറ,ന്നീറത്തണ്ടായ് പാടാമാരാരിരോ
താരം മിന്നും കണ്ണും പൂട്ടി മെല്ലെയാരാരിരോ..
   
രണ്ടാം സമ്മാനം - അബ്ദുൾ നിസാർ  

പല്ലവി
താരാട്ടാം നിന്നെ താതൻ ആലോലം താലോലം
താരാട്ടാം പൊന്നേ എന്നും ആലോലം താലോലം
പൂമെയ്യിൽ താളം ചേർക്കാൻ കാറ്റേ പോരൂ
തൂമഞ്ഞിൻ തല്പം തീർക്കാൻ രാവേ പോരൂ
കാറ്റേ താളം ചേർക്കൂ
രാവേ തല്പം തീർക്കൂ
ഓമൽ ചുണ്ടിൽ പാലായ് ചോരാൻ പോരൂ വാർതിങ്കളേ
ഓമൽ മിഴിയിൽ സ്വപ്നം ചാർത്താൻ പോരൂ താരങ്ങളേ

മൂന്നാം സ്ഥാനം - ഗീതാ കൃഷ്ണൻ
പല്ലവി
ആരാരീ രാരോ രാരോ ആരാരി രാരീരോ
വാവാവോ വാവേ നീയെൻ ആരോമൽ പൂവല്ലേ
നീയാണീ താതൻ തന്റെ ജീവാമൃതം
നീയാണീ ആത്മാവിൻ ആശാങ്കുരം
നീലക്കൺ പൂട്ടൂ നീ
ഓമൽ പൂംപൈതലേ
പാടാം തരളമധുരമൊരു താരാട്ടു ഞാൻ
നോവും ഹൃദയമുരുകിയൊരു നീലാംബരി
   
എപ്പിസോഡ് 3 - പ്രണയം

ഒന്നാം സമ്മാനം - സുനിൽ വാര്യർ
പല്ലവി
താമരക്കാട്ടിലെ പൂനുള്ളാൻ പോരാമോ
താഴമ്പൂ മിഴിയുള്ള പെൺകൊടിയേ
താഴത്തെമേട്ടിലെ പൂവാക പൂക്കുമ്പോൾ
പൂമാനം ചോക്കുമ്പോൾ തിരികെവരാം
വെള്ളാരം കല്ലിട്ട കാട്ടാറിൻ കടവത്ത്
കന്നിവെയിലിന്നു നീരാടും നേരത്ത്
അരാരും കാണാതെന്റെ കൂടെപ്പോരാമോ

രണ്ടാം സമ്മാനം - മധുസൂദനൻ
പല്ലവി
താഴ്വാരം പൂത്തല്ലോ താമരപ്പെൺകിളിയേ
നീകൂടെ പ്പോരുന്നോ പൂപറിയ്ക്കാൻ?
ആവണിപ്പാടത്തിന്നാമ്പലും പൂവിട്ടെന്നോ
ആറ്റിൽക്കുളിച്ചിങ്ങെത്തുംകാറ്
റല്ലേ പാടിപ്പോണൂ
ആരാരും കണ്ടിട്ടില്ലെന്നാണോ പാടുന്നൂ?

മൂന്നാം സ്ഥാനം - അബ്ദുൾ നിസാർ
പല്ലവി
ആതിരത്തെന്നലിൻ പൂവിരൽ തുമ്പാലേ
പൂമരക്കാടിനു രോമഹർഷം
നീലനിലാമലർ ചൂടുമീ രാവോരം
നീഹാര നീർമണി തൻ മന്ത്രണം
സ്വപ്നപ്പൊന്നൂഞ്ഞാലിൽ സുരലോകത്തേറുവാൻ
സ്വർഗപ്പൂവാടിയിൽ തേൻകൂട് തേടുവാൻ
ഈരാവിൽ പോരില്ലേ നീ ഓമൽ പൈങ്കിളീ

എപ്പിസോഡ് 4 - നാടൻ പാട്ട്

ഒന്നാം സമ്മാനം - വിജു നമ്പ്യാർ (തൊഴില്‍ : സിവില്‍ എഞ്ചിനീയർ, ഇഷ്ടങ്ങള്‍ : സാഹിത്യം, കല തുടങ്ങിയവ )
പല്ലവി
കുണുങ്ങി നിക്കണ മാരി
എറങ്ങി വന്നെ നനച്ചു പോയെ
പെണങ്ങി നിക്കണതെന്തേ
കുശുമ്പിപ്പെണ്ണേ പകിട്ടുകാരി
വയല് കണ്ടില്ലേനീ... കുനുകുനു ഞാറതാ..
വലഞ്ഞു നിന്നെ വിളിച്ചു നിപ്പൂ.
പൊഴയെ കണ്ടില്ലേനീ.. വറ്റിവറ്റി നീരതാ..
തളന്നു നിന്നെ നിനച്ചു നിപ്പൂ.

രണ്ടാം സമ്മാനം - രശ്മി പ്രിയ (രശ്മി പ്രിയ ,ഐടി വിദഗ്ധയായ രശ്മി തിരുവനന്തപുരം ടെക്നോപാർക്കിൽ ജോലി നോക്കുന്നു. പന്തളം സ്വദേശിയായ രശ്മി കമ്പ്യൂട്ടർ വിദഗ്ദനായ ഭർത്താവ് സതീഷിനും മൂന്ന് വയസുള്ള മകൻ അദ്വൈതിനുമൊപ്പം നിലവിൽ തിരുവനന്തപുരത്ത് താമസിക്കുന്നു.)
പല്ലവി
കതിർ നിറയണ പാടം  
നോക്കെടി പെണ്ണേ ,നോക്കെടി പെണ്ണേ
മനം നിറയണ നേരം
പാടെടി പെണ്ണേ ,പാടെടി പെണ്ണേ
കതിര് കൊയ്തീടാന് എന്റെ കൂടൊന്നു   വായോ
ഇല്ലേടീ പെണ്ണേ ഇല്ലേടീ കണ്ണേ
പതീരു മാറ്റീടാന് എന്റെ ചാരത്തു വായോ    
തന്തിനം താനോ തന്തിനം താനോ
കതിര്  നിറയണ പാടം
നോക്കെടി പെണ്ണേ നോക്കെടി പെണ്ണേ
മനം നിറയണ നേരം
പാടെടി പെണ്ണേ പാടെടി പെണ്ണേ
കതിര് കൊയ്തീടാ……ന് എന്റെ കൂടൊന്നു  വായോ...ഓ..ഓ..തന്തിനം തോ. തന്തിനം തോ. തന്തിനം തോ

മൂന്നാം സ്ഥാനം - സുധീരൻ ദാമോദരൻ
പല്ലവി
ഞായറുദിക്കണ നേരം തോണിയിറക്കി പോകാമോ പെണ്ണേ
ഞാറു നടാൻ കള മാറ്റി പാടം നനച്ചു ഉഴുതൊരുക്കാം
നൂറു മേനി വിളയേകാൻ പാടത്തെന്നും വളവുമിട്ട് വെള്ളവും തേവാം
ചന്തിരൻ പൊങ്ങണ നേരം നീ വരുമെങ്കിൽ ഓടത്തിലെന്നും പാടിയിരിക്കാം
ഞായറുദിക്കണ നേരം തോണിയിറക്കി പോകാമോ പെണ്ണേ
ഞാറു നടാൻ കള മാറ്റി പാടം നനച്ചു ഉഴുതൊരുക്കാം
ചന്തിരൻ പൊങ്ങണ നേരം നീ വരുമെങ്കിൽ ഞാൻ കാത്തിരിക്കാം കണ്ണും നട്ട് കാത്തിരിക്കാം.

എപ്പിസോഡ് 5 - ക്യാമ്പസ് ഗാനം

ഒന്നാം സമ്മാനം - സുധീരൻ ദാമോദരൻ
പല്ലവി
വിരഹമീ ചിന്തയിൽ നാമെല്ലാം
പ്രിയതരം ഓർമ്മകൾ തേടും ഈ രാവിൽ
കദനമോടണയുമീ മനമെല്ലാം
സ്നേഹം തളിരിടും പൂവിടും തീരങ്ങളിൽ

രണ്ടാം സമ്മാനം - ഗീത കൃഷ്ണൻ
പല്ലവി
മധുരമാം കനവുകൾ പൂക്കുന്നീ - സുരഭില
സുഖദമാം സ്നേഹാർദ്രതീരം
കലകളും കവിതയും ശാസ്ത്രവും - ഒരുപോൽ
പകരുവാൻ പുലരുമീ ക്യാമ്പസ്സിതിൽ

മൂന്നാം സ്ഥാനം - സുട്ടു ശിവ
പല്ലവി
സ രി ഗ മ....       പ ധ നി സ....     പാടാൻ  വാ....
തംബുരുവില്   ഫ്രെന്ഷിപ്പിന്നീണം  ചേർക്കാൻ  വാ....
താളത്തിൽ  തപ്പുകള്   കൊട്ടാന് വാ....
താളം  മുറുകുമ്പോള്  ആടിത്തിമിർക്കാനായ്   വാ....

മികച്ച രചയിതാവിനുള്ള പോയിന്റുകളിൽ ഏറ്റവും മുന്നിൽ വന്നത് ( ഒന്നാം സ്ഥാനം =30 പോയിന്റ്, രണ്ട് =20 ,മൂന്ന് =10 പോയിന്റ് എന്ന കണക്കിൽ )

സമ്മാനങ്ങൾ ലഭിച്ച 10 ഗാനങ്ങൾ (അഞ്ച് എപ്പിസോഡുകളിലായി ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കിയവരുടെ 10 ഗാനങ്ങൾ അതാതു രചയിതാക്കളുടെ പേരിൽ) എം ത്രി ഡി ബിയിലെ ഗായകർ പാടി ഈണത്തിലെ മറ്റൊരു സ്വതന്ത്ര ആൽബമാക്കി വിതരണം ചെയ്യും.

ഈ മത്സരത്തിൽ പങ്കെടുത്ത എല്ലാവർക്കും ഒരോ സമ്മാനം അയക്കുവാൻ താല്പര്യപ്പെടുന്നു.മത്സര വിജയികൾ അവരവരുടെ സമ്മാനം (പുസ്തകമോ/ഓഡിയോ പ്ലെയറോ) എന്നത് events@m3db.com എന്ന വിലാസത്തിൽ അറിയിക്കുക. എല്ലാവരും സമ്മാനം അയക്കാനാവശ്യമായ നിങ്ങളുടെ പേരും കേരളത്തിലെ വിലാസവും അയച്ച് തരിക.
നന്ദി..