സിജോയ് വർഗീസ്

Sijoy Varghese

പരസ്യചിത്രകാരൻ, നിർമ്മാതാവ്, ഇവന്റ് ഡയറക്ടർ, തിരക്കഥാകൃത്ത്, നടൻ എന്നീ മേഖലകളിൽ സജ്ജീവം. ഇപ്പോൾ "ടി വി സി ഫാക്ടറി"  (കൊച്ചി, മുംബയ് & ദുബായ്) എന്ന പരസ്യ ചിത്ര നിർമ്മാണ കമ്പനിയുടെ മാനേജിങ്ങ് ഡയറക്ടർ കൂടിയാണു. 

റിട്ടയേർഡ് ഹെഡ്മാസ്റ്ററായിരുന്ന സി. വർഗീസിന്റേയും അദ്ധ്യാപികയായിരുന്ന ലീലാമ്മ (ഇരുവരും അന്തരിച്ചു) മകനായി 1971 മാർച്ച് 6 നു എറണാകുളം ജില്ലയിലെ ഇടപ്പിള്ളിയിൽ ജനിച്ചു. ഇടപ്പിള്ളി സെന്റ് ജോർജ്ജ് സ്കൂൾ, ചേർത്തല ഹോളി ഫാമിലി സ്ക്കൂൾ, തൃക്കാക്കര കാർഡിനൽ ഹൈസ്കൂൾ, തേവര സേക്രട്ട് ഹാർട്ട് കോളേജ് എന്നിവിടങ്ങളിൽ നിന്നു പഠനം പൂർത്തിയാക്കി. 

1991 ൽ ജോഷി മാത്യു സംവിധാനം ചെയ്ത 'നക്ഷത്രകൂടാരം' എന്ന സിനിമയിൽ അസിസ്റ്റന്റ് ഡയറക്ടറായി സിനിമാ രംഗത്ത് പ്രവേശിച്ചു. പിന്നീട് ടി.എസ് സുരേഷ് ബാബു, ജോമോൻ എന്നീ സംവിധായകർക്കൊപ്പവും അസിസ്റ്റന്റായി പ്രവർത്തിച്ചു.  ഡെന്നീസ് ജോസഫ്, ടി ദാമോദരൻ, കലൂർ ഡെന്നീസ്, സി. കെ. ജീവൻ എന്നീ തിരക്കഥാകൃത്തുക്കളുടെ എഴുത്തു സഹായിയും ആയിരുന്നു.

പിന്നീട് ആഡ് ഫിലിം മേക്കിങ്ങിലേക്ക് ശ്രദ്ധ തിരിച്ച സിജോയ് വർഗ്ഗീസ് 'ടോപ്പ്നോച്ച്' പരസ്യക്കമ്പനിക്കുവേണ്ടി ഇന്ത്യയിലെ 12 നാഷണൽ ബ്രാൻഡുകൾക്ക് വേണ്ടി അറുപതുകളോളം ടിവി കൊമേഴ്സ്യലുകൾ ചെയ്തു. ശേഷം പ്രമുഖ ആഡ് ഫിലിം മേക്കറായ മാത്യു പോളിനു വേണ്ടി അവാർഡുകൾ കരസ്ഥമാക്കിയ നിരവധി ഡോക്യുമെന്ററിയിലും, പരസ്യ ചിത്രങ്ങളിലും കോർപ്പറേറ്റ് പരസ്യങ്ങളിലും സഹകരിച്ചു.  സംഗീത സംവിധായകൻ എ ആർ റഹ്മാൻ സംഗീതം ചെയ്ത നിരവധി പരസ്യചിത്രങ്ങളിൽ പങ്കാളിയാകാൻ ഈ അവസരങ്ങൾ സിജോയിക്ക് സാധിച്ചു.

സ്വതന്ത്ര പരസ്യചിത്ര സംവിധായകൻ ആയതിനുശേഷം ആദ്യമായി  ജോൺസ് അംബ്രല്ല ബ്രാൻഡിനു വേണ്ടി ചെയ്ത  1997ൽ 'ഉണ്ണിക്കിന്നൊരു കുടവേണം ഉമ്മ കൊടുക്കാൻ കുട വേണം.." എന്ന പരസ്യം കേരള പരസ്യകലാ രംഗത്ത് പുതിയൊരു ട്രെന്റ് സൃഷ്ടിക്കുകയും ഏറെ പ്രചാരം നേടുകയും ചെയ്തു.  ഈ പരസ്യ ചിത്രത്തിനു, നല്ല പരസ്യം, നല്ല നവാഗത പരസ്യചിത്ര സംവിധായകൻ എന്നീ അവാർഡുകൾ കരസ്ഥമാക്കി. 1999ൽ ടി വി പരസ്യങ്ങളിൽ വമ്പൻ ഹിറ്റായ "കുഞ്ഞാഞ്ഞ.." എന്ന പരസ്യവും ജോൺസ് അംബ്രല്ലയ്ക്കു വേണ്ടി സിജോയ് ചെയ്ത പരസ്യമാണു.

കൊച്ചിയിലെ പ്രമുഖ ഇവന്റ് മാനേജ്മെന്റ് കമ്പനിയായ 'ഇമ്പ്രസാരിയോ' യ്ക്കൊപ്പം പ്രവർത്തിക്കുന്നു. ഇന്ത്യയിലും യു എ ഇയിലുമായി നിരവധി ടി വി ഷോകൾ ഇമ്പ്രസാരിയോക്ക് വേണ്ടി സിജോയ് ചെയ്തിട്ടുണ്ട്.

നടൻ എന്ന നിലയിൽ സിജോയ് തന്റെ കരിയർ മാറുന്നത് മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്ത 'എബിസിഡി' എന്ന ദുൽഖർ സൽമാൻ സിനിമയിൽ ഒരു പോലീസ് കമ്മീഷറുടെ വേഷം ചെയ്തു കൊണ്ടാണു.  അമൽ നീരദിന്റെ 'അഞ്ചു സുന്ദരികൾ'  വിനീത് ശ്രീനിവാസന്റെ 'തിര'യിലെ വില്ലൻ കാബിനറ്റ് മിനിസ്റ്റർ,  ജോഷിയുടെ 'അവതാര'ത്തിലെ പോലീസ് കമ്മീഷണർ എന്നിവയിൽ സിജോയ് ശ്രദ്ദേയ വേഷങ്ങൾ ചെയ്തു.

ഭാര്യ: ടെസ്സി

ഫേസ്ബുക്ക് പ്രൊഫൈൽ