സലിൽ ചൗധരി

Salil Chowdhury
Salil Chowdhary-Music Director
Date of Death: 
ചൊവ്വ, 5 September, 1995
Salilda
സംഗീതം നല്കിയ ഗാനങ്ങൾ: 111

ഇന്ത്യയിലെ അനുഗൃഹിത സംഗീത സംവിധായകരില്‍ പ്രമുഖനായിരുന്നു സലില്‍ ചൌധരി. ബംഗാളിൽ നിന്നും വന്ന് പ്രതിഭയുടെ തിളക്കം കൊണ്ട് ഹിന്ദി സിനിമാ ലോകത്ത് പ്രസിദ്ധനായ അദ്ദേഹം ഒരുപാട് മനോഹര ഗാനങ്ങൾ മലയാളത്തിനും സമ്മാനിച്ചിട്ടുണ്ട്. മലയാള സിനിമാ ഗാനങ്ങളിൽ വിപ്ലവകരമായ മാറ്റങ്ങൾക്കു തുടക്കം കുറിച്ച സംഗീത സംവിധായകൻ ആണ് സലീൽ ചൗധരി.

1923 നവംബര്‍ 19 നു ബംഗാളില്‍ ആയിരുന്നു സലില്‍ ചൌധരിയുടെ  ജനനം.അദേഹത്തിന്റെ പിതാവും നല്ലൊരു  സംഗീതഞ്ജനായിരുന്നു. പടിഞ്ഞാറന്‍ സംഗീതവുമായി ബന്ധപ്പെട്ട് ധാരാളം കാസറ്റുകളും ഗ്രാമഫോണും അദ്ദേഹത്തിന്റെ പിതാവിന് ഉണ്ടായിരുന്നു.സലില്‍ ചൌധരിയുടെ പിതാവിനു പടിഞ്ഞാറന്‍ ക്ലാസ്സിക്കല്‍ സംഗീതവുമായുള്ള ബന്ധം വളരെ നല്ല സംഗീത പഠനത്തിനു അദ്ദേഹത്തെ സഹായിച്ചു. 

1940 കളിലെ ബംഗാളിലെ അരക്ഷിതമായ രാഷ്ട്രീയാവസ്ഥയും രണ്ടാം ലോക മഹായുദ്ധവും സലിലിന്റെ ജീവിതത്തെ സ്വാധീനിച്ചു.തന്റെ സാമൂഹിക ഉത്തരവാദിത്വത്തെ കുറിച്ച് അദ്ദേഹം തിരിച്ചറിയുകയും ഇടതു പക്ഷ പ്രസ്ഥാനത്തോടൊപ്പം ചേർന്ന് ഇന്ത്യന്‍ പീപ്പിള്‍സ് തിയേറ്റര്‍ അസോസിയേഷനില്‍ ഒരു അംഗമാവുകയും ചെയ്തു. ഈ സമയം ധാരാളം ഗാനങ്ങള്‍ എഴുതി ജന ഹൃദയങ്ങളില്‍ നല്ല ഒരു സ്ഥാനം നേടിയെടുക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. ഇന്ത്യന്‍ ഗ്രാമങ്ങളിലൂടെ ഈ ഗാനങ്ങളുമായി ഐ പി ടി എ സഞ്ചരിച്ചു. ബംഗാള്‍ ജനതയുടെ ഹൃദയത്തില്‍ പുതിയ ഒരു സമരാവേശം സൃഷ്ടിച്ചവ ആയിരുന്നു ഈ ഗാനങ്ങള്‍.  ബല്‍‌രാജ് സാഹ്നി റിക്ഷാക്കാരനായി അഭിനയിച്ച ‘ദോ ബിഗ സമീന്‍ "എന്ന ഹിന്ദി ചിത്രത്തിനു സംഗീത സംവിധാനം നിര്‍വഹിച്ചതോടെ സിനിമാലോകത്തിന്റെ വാതില്‍ അദ്ദേഹത്തിനായി തുറന്നു. സുന്ദരവും ലളിതവും ആയിരുന്നു അദ്ദേഹത്തിന്റെ ഈണങ്ങള്‍.  രണ്ടാമത്തെ ചിത്രമായ മധുമതിയിലെ ഗാനങ്ങള്‍ ഇന്ത്യയിലാകെ ഒരു കോളിളക്കം തന്നെ സൃഷ്ടിച്ചു.

മലയാള ചലച്ചിത്രരംഗത്തിന് ആദ്യത്തെ സുവര്‍ണ്ണകമല പുരസ്കാരം നേടിത്തന്ന "ചെമ്മീന്‍" എന്ന ചിത്രത്തിലെ മലയാളികളുടെ മനസ്സിലേക്കാഴ്ന്നിറങ്ങിയ ഗാനങ്ങൾ ഒരുക്കിക്കൊണ്ടാണ് സലീൽ ചൗധരി മലയാളത്തിലേക്ക് തൻ്റെ വരവ് അറിയിച്ചത്.
അത് വരെ ലാളിത്യം കൈമുതലായുള്ള മലയാള സിനിമാ ഗാനങ്ങൾക്ക് ഇടയിലേക്ക് സലീൽ ചൗധരി ഒരുക്കിയ വളരെ വ്യത്യസ്തവും പരീക്ഷണാത്മകവുമായ ഈണങ്ങൾ, അവയ്ക്ക് അകമ്പടി ആയി ധാരാളിത്തം ഉള്ള ഉപകരണ സംഗീത വിന്യാസം കൂടി ചേർന്നപ്പോൾ മലയാളികൾക്ക് ഒരു പുതിയ അനുഭവം ആയിരുന്നു. ആദ്യം ഈണം ഒരുക്കിയ ശേഷം വരികൾ ഏഴുതിയ്ക്കുന്ന രീതി മലയാളത്തിൽ തുടങ്ങി വെച്ചതും പ്രചാരത്തിൽ ആക്കിയതും സലീൽ ചൗധരി ആയിരുന്നു. അദ്ദേഹത്തിൻ്റെ ബംഗാളി - ഹിന്ദി ചുവ ഉള്ള ഈണങ്ങൾ എത്രത്തോളം മലയാള ഭാഷയുമായി ചേർന്ന് നിന്നിരുന്നു എന്നത് തർക്കവിഷയം ആയിരുന്നു എങ്കിലും സംഗീതത്തിൻ്റെ മേന്മകൊണ്ട് അവയുടെ ജനപ്രീതി വളരെ വലുതായിരുന്നു. പല ഭാഷകളിലെ ചിത്രങ്ങള്‍ക്ക് സംഗീതം കൈകാര്യം ചെയ്ത അദ്ദ്ദേഹത്തിന്റെ അനനുകരണീയമായ ശൈലിയുള്ള ഗാനങ്ങളെല്ലാം തന്നെ പ്രശസ്തമാണ്. 

സലില്‍ ചൌധരിക്കു വേണ്ടി മലയാളത്തില്‍ ഏറ്റവുമധികം പാടിയ ഗായകൻ യേശുദാസ് ആണെങ്കിൽ ഗായിക അദ്ദേഹത്തിൻ്റെ ഭാര്യ ആയിരുന്ന സബിതാ ചൌധരിയാണ്. രാക്കുയിലേ ഉറങ്ങൂ (ഈ ഗാനം മറക്കുമോ), ഒരു മുഖം മാത്രം (ഏതോ ഒരു സ്വപ്നം), മേലേ പൂമല, നീ മായും നിലാവോ (മദനോത്സവം), മയിലുകളാടും (സമയമായില്ല പോലും), ഇനി വരൂ തേന്‍ നിലാവേ (ദേവദാസി), ഭൂമി തന്‍ സംഗീത നീ (അന്തി വെയില്‍ പൊന്ന്) തുടങ്ങിയവ അവര്‍ മലയാളത്തില്‍ പാടി. ലതാ മങ്കേഷ്കർ, മന്നാഡേ തുടങ്ങിയ ഉത്തരേന്ത്യൻ ഇതിഹാസങ്ങൾ മലയാളത്തിൽ പാടുന്നതും അദ്ദേഹത്തിൻ്റെ ഈണത്തിൽ ആണ്.

1949 മുതല്‍ 42 ബംഗാളി ചിത്രങ്ങള്‍, 75 ഹിന്ദി ചിത്രങ്ങള്‍, 5 തമിഴ് ചിത്രങ്ങള്‍, 3 കന്നട ചിത്ര ങള്‍, 6 മറ്റിതര ഭാഷാ ചിത്രങ്ങള്‍, 27 മലയാള ചിത്രങ്ങള്‍ എന്നിവയ്ക്കു വേണ്ടി സലില്‍ സംഗീത സംവിധാനം നിര്‍വഹിച്ചു. വാസ്തുഹാര, വെള്ളം എന്നീ ചിത്രങ്ങള്‍ക്കു വേണ്ടി പശ്ചാത്തല സംഗീതം നിര്‍വഹിച്ചതിന്റെ ക്രെഡിറ്റും അദ്ദേഹത്തിനാണ്.

ചെമ്മീന്‍, ഏഴു രാത്രികള്‍, അഭയം, രാസലീല, സ്വപ്നം, രാഗം, നെല്ല്, നീല പൊന്‍മാന്‍, തോമാശ്ലീഹ, സമയമായില്ല പോലും, പ്രതീക്ഷ, അപരാധി, തുലാവര്‍ഷം, ഏതോ ഒരു സ്വപ്നം, ഈ ഗാനം മറക്കുമോ, മദനോത്സവം, വിഷുക്കണി, ചുവന്ന ചിറകുകള്‍, ദേവദാസി, പുതിയ വെളിച്ചം, എയര്‍ ഹോസ്റ്റസ്സ്, അന്തിവെയിലിലെ പൊന്ന്, എന്റെ കൊച്ചു തമ്പുരാന്‍, തുമ്പോളി കടപ്പുറം എന്നിവയായിരുന്നു അദ്ദേഹം സംഗീതം നല്കിയ മലയാള ചിത്രങ്ങള്‍.

ചിത്രകാരിയായിരുന്ന ആദ്യഭാര്യ ജ്യോതിയിൽ അലോകാ, തൂലികാ, ലിപികാ എന്നീ മൂന്നു മക്കളും , രണ്ടാം ഭാര്യയും ഗായികയുമായ സബിതാ ചൗധരിയിൽ അന്തരാ  സഞ്ജോയ്, സഞ്ചാരി എന്നീ മൂന്നുമക്കളും അദ്ദേഹത്തിനുണ്ട്. ഇവരിൽ സഞ്ജോയ്, അന്തരാ എന്നിവർ സംഗീതലോകത്ത് സജീവമാണ്. 

നിരവധി വ്യത്യസ്തമായ ശ്രവണ മധുര ഗാനങ്ങള്‍ സംഗീത ലോകത്തിനു സമ്മാനിച്ച സലില്‍ ചൌധരി തന്റെ എഴുപത്തിയഞ്ചാം വയസ്സില്‍ 1995 സെപ്റ്റംബര്‍ 5 നു അന്തരിച്ചു.