നിധീഷ് നടേരി

Nidheesh Nadery
Date of Birth: 
Saturday, 23 October, 1982
എഴുതിയ ഗാനങ്ങൾ: 8

1982 ഒക്ടോബർ 23 ന് സിപിഐ നേതാവും ജനയുഗം പത്രാധിപ സമിതി അംഗവും ഗാനരചയിതാവുമായ നടേരി ഗംഗാധരന്റെയും രമാവതിയുടെയും മകനായി കോഴിക്കോട് ജനിച്ചു. നടേരി ഗംഗാധരൻ പാർട്ടിക്ക് വേണ്ടി നിരവധി പാട്ടുകളെഴുതിയിട്ടുണ്ട്. ‘ഉദയത്തിനെന്നും ചുവപ്പുനിറം…’ എന്നു തുടങ്ങുന്ന അദ്ദേഹത്തിന്റെ ഗാനം ഒരു കാലത്ത് കേരളത്തിൽ തരംഗമായിരുന്നു. കുട്ടിക്കാലം മുതൽക്കേ നിധീഷിന് പാട്ടുകളോട് വലിയ താത്പര്യമായിരുന്നു. കാവുവട്ടം യുപി സ്ക്കൂൾ, വാസുദേവാശ്രമ സ്ക്കൂൾ, മടപ്പള്ളി കോളേജ്, ദേവഗിരി കോളേജ് എന്നിവിടങ്ങളിലായിരുന്നു നിധീഷിന്റെ വിദ്യാഭ്യാസം. പ്രീഡിഗ്രി പഠന കാലം മുതൽ ലളിതഗാനങ്ങളും ഗ്രൂപ്പ് സോംഗുകളും എഴുതി തുടങ്ങി. ഇളയച്ഛൻമാർ സംഗീതാദ്ധ്യാപകരായിരുന്നു. അവർ പഠിപ്പിക്കുന്ന കുട്ടികൾക്ക് യുവജനോത്സവങ്ങളിൽ അവതരിപ്പിക്കാൻ വേണ്ടിയായിരുന്നു നിധീഷിന്റെ ആദ്യത്തെ ഗാനരചന. ഡിഗ്രി പഠനകാലത്ത് ആകാശവാണിയിലേക്ക് ലളിതഗാനങ്ങൾ എഴുതി അയച്ചിരുന്നു.

 മാധ്യമം പത്രത്തിൽ സബ്ബ് എഡിറ്ററായി ജോലിചെയ്തിരുന്ന സമയത്ത് ഗ്രാഫിക്ക് തൃശ്ശൂർ എന്ന സംഘടന നടത്തിയ ലോഹിതദാസ് തിരക്കഥാ മത്സരത്തിൽ നിധീഷ് എഴുതിയ ആട് എന്ന തിരക്കഥക്ക് രണ്ടാം സ്ഥാനം ലഭിച്ചു. അതിനുശേഷം സുഹൃത്ത് രവിശങ്കറിനോടു ചേർന്ന സംവിധായകൻ ശ്യാംധറിനുവേണ്ടി വേഗം എന്ന പേരിൽ ഒരു തിരക്കഥ രചിച്ചു. എന്നാൽ ചില സാങ്കേതിക കാരണങ്ങളാൽ ആ സിനിമ നടന്നില്ല.

അതിനുശേഷം കൂടെ ജോലി ചെയ്തിരുന്ന പ്രജേഷ് സെൻ സിനിമ സംവിധാനം ചെയ്തപ്പോളാണ് നിധീഷിന് അവസരം ലഭിക്കുന്നത്. പ്രജേഷ് സെൻ സംവിധാനം ചെയ്ത ക്യാപ്റ്റൻ എന്ന സിനിമയിൽ വിശ്വജിത്തിന്റെ സംഗീതത്തിന് വരികൾ എഴുതിക്കൊണ്ടാണ് നിധീഷിനെ സിനിമയിലെ തുടക്കം. " പാട്ടു പെട്ടീലന്ന് നമ്മൾ കേട്ടു കേട്ടോരീണം".. എന്ന ഗാനം പി.ജയചന്ദ്രനാണ് ആലപിച്ചത്. പിന്നീട് പ്രജേഷ് സെൻ സംവിധാനം ചെയ്ത വെള്ളം എന്ന സിനിമയിലാണ് നിധീഷ് പാട്ടുകൾ എഴുതിയത്. നാലു പാട്ടുകൾ വെള്ളം സിനിമക്ക് വേണ്ടി അദ്ദേഹം രചിച്ചു. അഞ്ചിലധികം സിനിമകൾക്ക് നിധീഷ് ഗാന രചന നിർവ്വഹിച്ചിട്ടുണ്ട്.

നിധീഷ് നടേരിയുടെ ഭാര്യ ദിവ്യ, സൗത്ത് ഇന്ത്യൻ ബാങ്ക് കുന്ദമംഗലം ശാഖയിൽ ജോലി ചെയ്യുന്നു. രണ്ട് മക്കൾ തിങ്കൾ, തെന്നൽ.

വിലാസം- പുതിയോട്ടിൽ, നടേരി, കൊയിലാണ്ടി, കോഴിക്കോട്.