എന്റമ്മേടെ ജിമിക്കി

എന്റമ്മേടെ ജിമിക്കിക്കമ്മല്‍ . . എന്റപ്പന്‍ കട്ടോണ്ട് പോയി’

ഓണത്തിനിറങ്ങിയ മോഹന്‍ലാല്‍ ചിത്രം വെളിപാടിന്റെ പുസ്തകത്തിലെ ഈ സൂപ്പര്‍ ഹിറ്റ് ഗാനത്തിലെ ശ്രദ്ധേയമായ ആദ്യത്തെ നാലു വരികള്‍ ‘സംഭാവന’ ചെയ്തത് തിരക്കഥാകൃത്ത് ബെന്നി പി നായരമ്പലത്തിന്റെ സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ മകള്‍ സൂസന്നയാണ്.

ഞാറയ്ക്കല്‍ പെരുമ്പള്ളി അസീസി വിദ്യാനികേതനിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയായ സൂസന്നക്ക് സ്‌കൂളിലെ സഹപാഠികളില്‍ നിന്നും കിട്ടിയ ഗാനം ബെന്നിയുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു.

ചെണ്ടയുടെ താളത്തിലുള്ള പാട്ട് ബെന്നിക്ക് കേട്ട മാത്രയില്‍ തന്നെ ഇഷ്ടമായി.

ഈ പാട്ട് ബെന്നിയിലൂടെ കേട്ട സംവിധായകന്‍ ലാല്‍ ജോസ് വിവരം വീട്ടില്‍ പറഞ്ഞപ്പോള്‍ ലാല്‍ ജോസിന്റെ മകളും സ്‌കൂളില്‍ നിന്നും ഇത്തരമൊരു പാട്ടിന്റെ വരികള്‍ കേട്ടതായി ലാലിനോട് പറഞ്ഞു.

പിന്നെ മറ്റൊന്നും ആലോചിച്ചില്ല വെളിപാടിന്റെ പുസ്തകത്തിലെ കാമ്പസ് ഗാനത്തില്‍ ഈ വരികള്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു.

വരികള്‍ കോര്‍ത്തിണക്കി അനില്‍ പനച്ചൂരാന്‍ ഗാനം ചിട്ടപ്പെടുത്തുകയും ഷാന്‍ റഹ്മാന്‍ കിടിലന്‍ താളങ്ങള്‍ നല്‍കുക കൂടി ചെയ്തതോടെ സംഗതി ജോറായി. നടന്‍ വിനീത് ശ്രീനിവാസനും സംഘവുമാണ് ഗാനം ആലപിച്ചത്.