പാണന്റെ വീണയ്ക്കു മണി കെട്ടി

പാണന്റെ വീണയ്ക്കു മണി കെട്ടി
പൈങ്കിളി പോലൊരു തമ്പുരാട്ടി
താളക്കുടുക്കയ്ക്കു പൊന്നു കെട്ടി
തളിരു പോലൊരു തമ്പുരാട്ടി
(പാണന്റെ...)

ഞാറ്റുവേലക്കാറ്റു കൊള്ളും
ആറ്റുമാലിത്താഴ്വരയിൽ
വെണ്ണിലാവിൻ സ്വർണ്ണവള്ളിയിൽ
വിരിഞ്ഞാടി വന്നവളേ
പട്ടു പുതപ്പിച്ച മഞ്ചലില്ലാ
പാൽക്കടലലക്കിയ പുടവയില്ലാ
വെഞ്ചാമരമില്ല മുത്തുക്കുടയില്ലാ
വെള്ളിത്തളികയിൽ പൂവില്ല ഈ
പാണന്റെ കുടിലിലേക്കെതിരേൽക്കാൻ
പരവതാനി വിരിപ്പില്ലാ
മഞ്ഞൊണ്ട് കുളിരൊണ്ട്
മാരന്റെ വില്ലുമ്മേലമ്പൊണ്ട്
(പാണന്റെ..)

കൈതയോലപ്പൂ മണക്കും
കാട്ടിലൂടെ വന്നവളേ
മുത്തു കൊണ്ട് മുത്തു മൂടിയ
മുലക്കച്ചയിട്ടവളേ
പത്തു നിലയുള്ള പന്തലില്ലാ
പന്തലിലാവണിപ്പലകയില്ലാ
പഞ്ചാമൃതമില്ല പള്ളിയറയില്ല
പൊന്നുംകിണ്ടിയിൽ പാലില്ല ഈ
പാണന്റെ കുടിലിൽ കിടന്നുറങ്ങാൻ
പഞ്ചലോഹ കട്ടിലില്ലാ
മഞ്ഞൊണ്ട് കുളിരൊണ്ട്
മാരന്റെ മാറത്ത് ചൂടൊണ്ട്
(പാണന്റെ..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Paanante veenakku

Additional Info

അനുബന്ധവർത്തമാനം