ഒരു പകൽ

ഒരു പകൽ മെല്ലെയെരിഞ്ഞു തീരുന്നു
ഒരു ശോകസാഗരം ഇരമ്പിയെത്തുന്നു
ഇടറുന്നു മനമുള്ളിൽ അഴലു നിറയുന്നു
ഇരുളാർന്ന വഴിയിൽ ഞാൻ ഒരു ചോദ്യമാകുന്നു
ഇരുളാർന്ന വഴിയിൽ ഞാൻ ഒരു ചോദ്യമാകുന്നു

ഒരു നിഴലു പോലുമെൻ തുണയായില്ലിനി
ഒരു കിരണമാശയുടെ ഇവിടില്ല തെല്ലിനി..
രാഗങ്ങളൊന്നുമെൻ വീണ പാടില്ലിനി
രാവിതിലലിഞ്ഞു ഞാൻ.. രൂപമൊന്നില്ലിനി
ശരിയേത് തെറ്റേത് പുണ്യപാപങ്ങളേതവയുടെ  
നിർവചനങ്ങൾ മാറുന്നു ....
കാളിമ ഉടലാർന്ന കരിനായ്ക്കളിന്നെന്റെ
കരളിലെ നന്മകൾ കടിച്ചു കീറുന്നു
കരയുവാൻ പോലുമീ കണ്ണിലശ്രുക്കളില്ലിനി
മൂകമുരുകുന്ന മരുഭൂമിയാണു ഞാൻ...
കരയുവാൻ പോലുമീ കണ്ണിലശ്രുക്കളില്ലിനി
മൂകമുരുകുന്ന മരുഭൂമിയാണു ഞാൻ...

പോകട്ടെ ഞാനീ ഇരുളിന്റെയുള്ളിലെ നനവാർന്ന
മരണക്കയങ്ങൾക്കുമപ്പുറം ..
പോകട്ടെ തെല്ലിളവേൽക്കുവാനുയിരിന്റെ
കെട്ടുകളറുത്തു വിൺമേഘത്തിനപ്പുറം
പോകട്ടെ ഞാനീ ഇരുളിന്റെയുള്ളിലെ നനവാർന്ന
മരണക്കയങ്ങൾക്കുമപ്പുറം ..
പോകട്ടെ തെല്ലിളവേൽക്കുവാനുയിരിന്റെ
കെട്ടുകളറുത്തു വിൺമേഘത്തിനപ്പുറം...
 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Oru pakal

Additional Info

Year: 
2018

അനുബന്ധവർത്തമാനം