ഇല്ലാരില്ലം കാട്ടിൽ

ഇല്ലാരില്ലം കാട്ടിനുള്ളിലൊരിത്തിരിപ്പൂ ഋതുമതിപ്പൂ
ഋതുമതിപ്പൂവിനു ഞൊറിവെച്ചുടുക്കുവാൻ
പുടവയുമായിളം വെയിലേ വാ 

ഇളം കവുങ്ങിൻ പൂക്കുല ചൂടിച്ച്
നിറപറ വെച്ചൂ വിളക്കു വെച്ചു - ഈ
ഋതുമതിപ്പൂവിനെ നീരാടിക്കുവാൻ
ഇതു വഴി നീ കുളിർക്കാറ്റേ വാ കാറ്റേ വാ 
(ഇല്ലാരില്ലം...)

കടൽക്കരയിൽ മാനം ചുവക്കുമ്പോൾ
കമ്പിളി വിരിക്കും പൊൻ മുകിലേ - ഈ
ഋതുമതിപ്പൂവിനു മാറു മറയ്ക്കുവാൻ
ഇണത്തുകിലും കൊണ്ടിതിലേ വാ മുകിലേ വാ 
(ഇല്ലാരില്ലം...)  

കടുക്കനിട്ട് കസവും തോളിലിട്ട്
കടക്കണ്ണെറിയും പൂത്തുമ്പീ - ഈ
ഋതുമതിപ്പൂവിനെ പുളകത്തിൽ മുക്കുവാൻ
മധുരവുമായ് നീ ഇതിലേ വാ തുമ്പീ വാ 

ഇല്ലാരില്ലം കാട്ടിനുള്ളിലൊരിത്തിരിപ്പൂ ഋതുമതിപ്പൂ
ഋതുമതിപ്പൂവിനു ഞൊറി വെച്ചുടുക്കുവാൻ
പുടവയുമായിളം വെയിലേ വാ 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
illaarillam kaattil

Additional Info

അനുബന്ധവർത്തമാനം