ഒരു കവിത കൂടി

ഒരു കവിത കൂടി ഞാൻ എഴുതിവെയ്ക്കാം
എന്റെ കനവില്‍ നീ എത്തുമ്പോൾ ഓമനിയ്ക്കാൻ
ഒരു മധുരമായെന്നും ഓർമ്മ വെയ്ക്കാൻ
ചാരുഹൃദയാഭിലാഷമായ് കരുതി വെയ്ക്കാൻ
(ഒരു കവിത കൂടി)

കനലായി നീ നിന്നെരിഞ്ഞൊരാ നാളിലെൻ
അറകൾ നാലറകൾ നിനക്കായ് തുറന്നൂ
നറു പാൽക്കുടം ചുമന്നെത്രയോ മേഘങ്ങൾ
മനമാറുവോളം നിറമാരി പെയ്തൂ

കറുകത്തടത്തിലെ മഞ്ഞിൻ കണം തൊട്ട്
കണ്ണെഴുതുമാ വയൽ കിളികൾ
ഓളം വകഞ്ഞെത്തുമോടി വള്ളത്തിനെ
കാറ്റുമ്മ വച്ചൊന്നു പാടി

ഒരു വിളിപ്പാടകലെ നില്‍ക്കും ത്രിസന്ധ്യകൾ
അവിടെ കുട നിവർത്തുമ്പോൾ
ഒടുവിലെൻ രാഗത്തിൽ നീയലിഞ്ഞൂ
ഞാനൊരു ഗാനമായ് പൂ പൊലിച്ചൂ
(ഒരു കവിത കൂടി)

നാട്ടുവെളിച്ചം വഴിവെട്ടിയിട്ടൊരീ
ഉഷമലരി പൂക്കുന്ന തൊടിയിൽ
മൺതരികളറിയാതെ നാം നടന്നൂ
രാവിൻ നീലവിരി നമ്മെ പൊതിഞ്ഞൂ

ഹൃദയമാമാകാശ ചരിവിലാ താരകം
കൺചിമ്മി നമ്മെ നോക്കുമ്പോൾ
ഒരു മാത്ര കൂടി നീ ഇവിടെ നിന്നാൽ
ഞാൻ ജനിമൃതികളറിയാതെ പോകും...
(ഒരു കവിത കൂടി)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Oru kavitha koodi

Additional Info

Year: 
2010

അനുബന്ധവർത്തമാനം