രാമായണത്തിലെ സീത

രാമായണത്തിലെ സീത
രാമനുപേക്ഷിച്ച സീത
തമസാതീരത്തു പണ്ടൊരിയ്ക്കല്‍ - രണ്ടു
തങ്കക്കുടങ്ങളെ പ്രസവിച്ചു
രാമായണത്തിലെ സീത
രാമനുപേക്ഷിച്ച സീത

അമ്മതന്‍ ഗദ്ഗദം താരാട്ടുപാടി
ആശ്രമപ്പുല്‍പ്പായില്‍ മക്കളുറങ്ങി
അന്ത:പുരത്തിലെ ചന്ദനക്കട്ടിലില്‍
അവരുടെ അച്ഛനുറങ്ങി - തോഴികള്‍
ആയിരം ചാമരം വീശി
രാമായണത്തിലെ സീത
രാമനുപേക്ഷിച്ച സീത

ഭൂമിദേവി വയമ്പുകൊടുത്തു
താമരപ്പൂമകള്‍ പൊന്നണിയിച്ചു
വാണീദേവി നിലത്തെഴുതിച്ചു
വാല്മീകി വേദം പഠിപ്പിച്ചു - അമ്മ
വില്ലും ശരവുമെടുപ്പിച്ചു
രാമായണത്തിലെ സീത
രാമനുപേക്ഷിച്ച സീത

അച്ഛനെക്കാണാതെ മക്കള്‍ വളര്‍ന്നു
അമ്മയ്ക്കാത്മാവിലഗ്നി പടര്‍ന്നു
അങ്ങനെയങ്ങനെയങ്ങൊരുനാളവര്‍
അവരുടെയച്ഛനെ കണ്ടു - ആ മാറി-
ലായിരം അമ്പുകളെയ്തു

രാമായണത്തിലെ സീത
രാമനുപേക്ഷിച്ച സീത
തമസാതീരത്തു പണ്ടൊരിയ്ക്കല്‍ - രണ്ടു
തങ്കക്കുടങ്ങളെ പ്രസവിച്ചു
രാമായണത്തിലെ സീത
രാമനുപേക്ഷിച്ച സീത

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Ramayanathile seetha

Additional Info

അനുബന്ധവർത്തമാനം