ഓർമ്മയിൽ ആദ്യത്തെ ഓണം

ഓർമ്മയിൽ ആദ്യത്തെ ഓണം
ഓമനിക്കാനെന്തു മോഹം
പൂക്കസവാടയും പൂത്തുമ്പിയും
പൂപ്പൊലിച്ചിന്തുമാ പൂമരവും
അൻപോടെ മുത്തശ്ശിനീട്ടിയ
പാലടയ്ക്കോടിയടുക്കും കുറുമ്പും


തൊടിയിലെ തുമ്പയോടിത്തിരിപ്പൂകെഞ്ചി
ഓടിനടക്കുന്ന നേരം
ഒരു കൈക്കുടന്ന പൂവുമായ് നീയെന്റെ
പൂക്കുമ്പിളൂട്ടിയ നേരം
കോലങ്ങളെഴുതിയ മുറ്റത്ത് പിന്നെ നാം
പൂക്കളം നെയ്തൊരാക്കാലം


ഓളങ്ങൾ താളം പിടിക്കുമീ കായലിൻ
തീരത്ത് ഞാൻ മാത്രമാകെ...
ഇനിയുമൊരോണത്തിൻ ആത്മഹർഷങ്ങളിൽ
അലിയുവാനാകാതെ നിൽക്കേ
അരികിൽ നിന്നോർമ്മയും മുഗ്ദ്ധമാകാലവും
അറിയുന്നു തെന്നലും ഞാനും