ഓശാനപ്പള്ളി തൻ അങ്കണത്തിൽ

അന്നൊരിക്കൽ....
ഓശാനപ്പള്ളി തൻ അങ്കണത്തിൽ...
കയ്യിൽ കുരുത്തോലയും കൊണ്ടു നിന്നൊരു
പെൺകിടാവേ..., നിന്റെ
പ്രേമത്തിൻ ബൈബിളിൽ നിയമങ്ങളിന്നും
പഴയതാണോ…?, അതോ പുതിയതാണോ?

ശോശന്നപ്പൂവേ നിൻ പുഞ്ചിരിക്കായെത്ര
മെഴുതിരി കത്തിച്ചിരുന്നു, ഞാൻ
കുരിശടിയിൽ കാത്തിരുന്നു
നിന്നെക്കുറിച്ചുള്ള സ്വപ്നങ്ങൾ കണ്ടെത്ര
കുർബാനകൾ കൊണ്ടിരുന്നു…
എന്നേക്കുറിച്ചിന്നും നിന്റെ സങ്കൽ‌പ്പങ്ങൾ
പഴയതാണോ...? അതോ പുതിയതാണോ?

വാടിത്തളർന്നാലും വർണ്ണം പൊലിഞ്ഞാലും
വാസന ഞാനറിയുന്നു, ഇന്നും
നിന്നെ ഞാൻ സ്നേഹിച്ചിടുന്നു
ഇരവിലും പകലിലും കനവിലുമെന്നെ നിൻ
ഓർമ്മകൾ പിന്തുടരുന്നു…
ഇന്നുമാ ഹൃദയത്തിൻ ചുവരിലെ എൻചിത്രം
പഴയതാണോ...? അതോ പുതിയതാണോ?