ഗാഗുൽത്താമലകളേ

ഗാഗുൽത്താ മലകളേ മരങ്ങളേ
മുൾച്ചെടികളേ മറക്കുകില്ലാ ചരിത്രസത്യം

ഇടതുതോളിൽ കുരിശുംപേറി
ഇടറിയിടറി മലകൾ കയറി
വരികയാണാ ദേവൻ
മുൾമുടിചൂടിയ മുത്തണിശ്ശിരസ്സുമായ്
ശുദ്ധഹൃദയൻ മനുഷ്യപുത്രൻ
ആഞ്ഞാഞ്ഞു വീഴും ചാട്ടവാറടിയേറ്റു
നിലം പതിയ്ക്കുന്നു

ഉയരെയുയരെ കാൽവരി-
ക്കുന്നിലേക്കുഴറി പോകും
തനയന്റെ യാത്ര കാണവേ
കന്യകമാതാവിൻ കരളൊരു
കൈപ്പുനീർ കാസയായി

പ്രപഞ്ചപാപങ്ങളുറഞ്ഞു കൂടിയ
ഭാരമേറിയ കുരിശുമായ്
പിന്നെയും പിന്നെയും വീഴും നാഥനെ
ശീമോന്റെ കൈകൾ സഹായിക്കുന്നു
തിരുമുഖത്തേറ്റ മുറിവിലെ ചോരയും
കർമ്മധീരൻ തന്റെ തൂവേർപ്പും
ധന്യാതിധന്യ വെറോണിക്ക
അനുതാപത്തോടെ തുടയ്ക്കുന്നു

"യരൂശലേം പുത്രികളേ
നിങ്ങളെനിക്കു വേണ്ടി കണ്ണീരൊഴുക്കാതെ
നിങ്ങൾക്കു വേണ്ടിയും നിങ്ങളുടെ സന്തതികൾക്ക് വേണ്ടിയും വിലപിക്കുവിൻ - എന്തെന്നാൽ മനുഷ്യർ പച്ചമരത്തോടിപ്രകാരം ചെയ്താൽ
ഉണങ്ങിയതിനോടെന്തു ചെയ്യാൻ മടിക്കുകയില്ല"

ധരണിയിൽ ധർമ്മവും നീതിയും കാട്ടിയ
ധന്യനായീടുമാ ദേവന്റെ നിർമ്മലമാം കൈകളിൽ
കാരിരുമ്പാണികൾ ആഞ്ഞടിക്കുന്നൂ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Gagultha malakale

Additional Info

Year: 
1973

അനുബന്ധവർത്തമാനം