Rahman-Actor

Rahman-Actor-m3db.JPG
Date of Birth: 
Tuesday, 23 May, 1967

നടൻ

യഥാർത്ഥ പേര്- റഷീൻ റഹ്‌മാൻ. ജനിച്ചത് അബുദാബിയിലാണെങ്കിലും റഹ്മാന് മലപ്പുറം ജില്ലയിലെ നിലമ്പൂർ സ്വദേശിയാണ്. ബാംഗ്ലൂരിലെ ബാൽഡ്വിൻ ബോയ്സ് ഹൈസ്കൂൾ, അബുദാബി സെന്റ് ജോസഫ് സ്കൂൾ, ഊട്ടി റെക്സ് ഹയർ സെക്കൻഡറി സ്കൂൾ, മമ്പാട് എം.ഇ.എസ്. കോളജ് എന്നിവിടങ്ങളിലായി വിദ്യാഭ്യാസം പൂർത്തിയാക്കി. ചെന്നൈയിൽ സ്ഥിരതാമസമാക്കിയ ഗുജറാത്തിലെ കച്ച് വംശജയായ മെഹ്റുന്നിസയെയാണ് വിവാഹം കഴിച്ചിരിക്കുന്നത്. ഇവർക്ക് റുഷ്ദ, അലീഷ എന്നീ രണ്ടു മക്കളുണ്ട്.  1987 വരെ കോഴിക്കോട് താമസിച്ച റഹ്മാൻ പിന്നീട് മൂന്നു വർഷം ബാംഗ്ലൂരിലാണ് താമസിച്ചത്. 1990ൽ ചെന്നൈയിൽ സ്ഥിരതാമസമാക്കി.

സംവിധായകൻ പത്മരാജന്റെ കണ്ടെത്തലായിരുന്നു റഹ്മാൻ. പത്മരാജൻ സംവിധാനം ചെയ്ത കൂടെവിടെ ആയിരുന്നു റഹ്മാന്റെ ആദ്യ മലയാള ചിത്രം. ഈ ചിത്രത്തിലെ രവി പൂത്തൂരാൻ എന്ന കൗമാരക്കാരന്റെ വേഷത്തോടെ മലയാളത്തിൽ റഹ്മാൻ തന്റെ സ്ഥാനം ഉറപ്പിച്ചു. 1983ലാണ് കൂടെവിടെ പുറത്തിറങ്ങിയത്. ആ വർഷത്തെ ഏറ്റവും മികച്ച സഹനടനുള്ള സംസ്ഥാന സർക്കാർ പുരസ്കാരവും രവി പുത്തൂരാനിലൂടെ റഹ്മാൻ നേടി. എൺപതുകളിൽ മലയാളത്തിലെ സൂപ്പർതാരമായിരുന്നു റഹ്മാൻ. മമ്മൂട്ടിയും മോഹൻലാലും താരപദവിയിലേക്ക് എത്തുന്നതിനു മുൻപു തന്നെ മാധ്യമങ്ങൾ റഹ്മാനെ സൂപ്പർതാരമായി വിളിച്ചു തുടങ്ങിയിരുന്നു. അക്കാലത്തെ ഏതാണ്ട് എല്ലാ സംവിധായകരുടെയും ചിത്രങ്ങളിൽ റഹ്മാൻ അഭിനയിച്ചു.

തമിഴ്,മലയാളം, തെലുങ്ക് ഭാഷകളിലായി നൂറ്റമ്പതിലേറെ ചിത്രങ്ങളിൽ നായക-ഉപനായക വേഷങ്ങൾ ചെയ്തു. തമിഴ്, തെലുങ്ക് ഭാഷകളിലേക്ക് കളം മാറ്റിയതോടെ മലയാളത്തിൽ ഇടവേള വന്നു. എൺപതുകളുടെ അവസാനം തമിഴ് ചിത്രങ്ങളിലും അഭിനയിച്ചു തുടങ്ങിയതോടെ റഹ്മാൻ മലയാള സിനിമയിൽ നിന്ന് മെല്ലെ അകന്നു. വർഷം ഒരു ചിത്രം എന്ന കണക്കിൽ കുറെ സിനിമകളിൽ അഭിനയിച്ചുവെങ്കിലും പിന്നീട് തീർത്തും ഇല്ലാതെയായി. 1997 മുതൽ 2003 വരെയുള്ള ഏഴ് വർഷത്തിനിടയിൽ ഒരു മലയാള സിനിമയിൽ മാത്രമാണ് റഹ്മാൻ അഭിനയിച്ചത്.

നീണ്ട ഇടവേളയ്ക്കു ശേഷം 2006ൽ റഹ്മാൻ മലയാളത്തിലേക്കു തിരിച്ചുവന്നു. രഞ്ജിത് സംവിധാനം ചെയ്ത ബ്ലാക്ക് എന്ന മമ്മൂട്ടി ചിത്രത്തിലെ ഉപനായക വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു. തൊട്ടടുത്ത വർഷം അൻവർ റഷീദിന്റെ രാജമാണിക്യത്തിലും ശ്രദ്ധേയമായ വേഷം ചെയ്തു. 2007 ൽ രണ്ടു ചിത്രങ്ങളിൽ നായക വേഷങ്ങൾ ചെയ്തു. പത്തു വർഷത്തിനു ശേഷമായിരുന്നു മലയാളത്തിൽ റഹ്മാൻ നായകനായി ഒരു ചിത്രം പുറത്തുവന്നത്.

കൗതുകങ്ങൾ/നേട്ടങ്ങൾ

  • ആദ്യ ചിത്രത്തിലൂടെ തന്നെ സംസ്ഥാന അവാർഡ് സ്വന്തമാക്കുന്ന അപൂർവം മലയാള നടൻമാരിൽ ഒരാളാണ് റഹ്മാൻ. കൂടെവിടെയാണ് ഈ ബഹുമതി നേടിക്കൊടുത്തത്. ഫിലിം ക്രിട്ടിക്സ്, ഫിലിം ചേമ്പർ അവാർഡുകളും കൂടെവിടെ റഹ്മാന് നേടിക്കൊടുത്തു.
  • മലയാള സിനിമയുടെ 78 വർഷത്തെ ചരിത്രത്തിലെ ട്രെൻഡ്സെറ്റർ എന്ന ദുബായ് എത്തിസലാത്ത് എവറസ്റ്റ് ഫിലിം അവാർഡ് 2007ൽ റഹ്മാനെ തേടിയെത്തി. കമലാഹാസൻ, ശ്രീദേവി, മഞ്ജു വാര്യർ, നദിയ മൊയ്തു തുടങ്ങിവർക്കിടയിൽ നിന്ന് വോട്ടെടുപ്പിലൂടെ ജനങ്ങളാണ് റഹ്മാനെ ഈ അവാർഡിനു തിരഞ്ഞെടുത്തത്.
  • ഓസ്കാർ അവാർഡ് ജേതാവ് എ.ആർ. റഹ്മാൻ, റഹ്മാന്റെ ഭാര്യാസഹോദരിയുടെ ഭർത്താവാണ്.
  • ആദ്യചിത്രമായ കൂടെവിടെയിൽ അഭിനയിക്കുമ്പോൾ റഹ്മാൻ, അത് ചിത്രീകരിച്ച സ്കൂളിൽത്തന്നെ വിദ്യാർത്ഥിയായിരുന്നു.

ചിത്രം: മാനുവൽ ജോർജ്ജ്

അവലംബം: വിക്കിപീഡിയ