മേഘമൽഹാർ പകരുന്ന ഇമോഷണൽ എക്സ്പീരിയൻസ്

ജഗത് ജയറാം

 

" ഒരു നറു പുഷ്പമായി എന്നേർക്ക് നീളുന്ന മിഴിമുനയാരുടേതാവാം
ഒരു മഞ്ജു ഹർഷമായി എന്നിൽ തുളുമ്പുന്ന നിനവുകളാരെയോർത്താവാം?
അറിയില്ലെനിക്കറിയില്ല പറയുന്നു സന്ധ്യ തൻ മൗനം"(മേഘമൽഹാർ)

ജീവിതം തന്നെയാണോ സിനിമ തന്നെയാണോ മുന്നിൽ കളിച്ചു കൊണ്ടിരിക്കുന്നത് എന്ന സംശയം പ്രേക്ഷകനെന്ന നിലയിൽ എപ്പൊഴെങ്കിലും തോന്നിപ്പോകാറുണ്ടോ? തോന്നിയിട്ടുണ്ടോ?
ഇനി തോന്നിയിട്ടില്ലെങ്കിൽ ഇതാ ഒരു ചിത്രം. കമലിന്റെ "മേഘമൽഹാർ " എന്താ പറയേണ്ടത് എന്നറിയില്ല.ഇനി പറഞ്ഞാലും ഈ സിനിമ തരുന്ന "ഇമോഷണൽ എക്സ്പീരിയൻസ് " പറഞ്ഞറിയിക്കാനാവില്ല. അത്രയും മനോഹരം. വാക്കുകൾക്കപ്പുറത്തേക്ക് വികാരം ജനിപ്പിക്കുന്ന ഒരവസ്ഥ. അതു കൊണ്ട് തന്നെ ഈ സിനിമയെപ്പറ്റി എഴുതിയാൽ സിനിമ മനസ്സിലുണ്ടാക്കിയ വികാരത്തിന്റെ ഏഴയലത്ത് എത്തില്ല. സിനിമയെപ്പറ്റി അല്പം കൂട്ടിപ്പറഞ്ഞാലും അതൊട്ടും അതിശയോക്തിയാവില്ലെന്നാണെന്റെ വിശ്വാസം . "സുഖമുള്ള ഒരു നോവ് " എന്നൊക്കെ നമ്മൾ പറയില്ലേ? അതാണീ ചിത്രം. ഇത്ര മാത്രം യാഥാർത്ഥ്യ ബോധ്യത്തോടെ, അപാര ഫീലിങ്ങോടെ അവതരിപ്പിക്കപ്പെട്ട എത്ര ജെനുവിൻ പ്രണയ സിനിമകൾ മലയാളത്തിൽ ഇറങ്ങിയിട്ടുണ്ട് എന്നുള്ളത് പലപ്പോഴും ചിന്തിച്ച കാര്യമാണ്. "ഇന്നാ മോനേ/മോളേ പിടി ഒരു ലോഡ് പോസിറ്റീവ് എനർജി ചുമ്മ അങ്ങ് വലിച്ചു കേറ്റിക്കോ" എന്ന് പറയുന്ന ഉടായിപ്പ് ഫീൽ ഗുഡ് സിനിമയല്ല. കഥാപശ്ചാത്തലം, അതിന്റെ അവതരണം, തിരക്കഥയുടെ ഗതി;സീൻ ബൈ സീൻ, ഒരൊട്ടും ഒരിടത്തു പോലും അസ്വാഭാവികതയില്ല (സ്വാഭാവികത കൊണ്ട് ഞെട്ടിച്ചു / അമ്പരപ്പിച്ചു കളഞ്ഞു എന്ന് പറയാൻ ആഗ്രഹിക്കുകയാണ് ) ഏച്ചുകെട്ടലോ മുഴച്ചു നിൽക്കലോ തീരെയില്ല. എഴുതിയ ഒരു സീൻ പോലും വെട്ടാൻ പറ്റില്ല. പറ്റിയാൽ പടത്തിന്റെ ആത്മാവ് ചോർന്ന് പോവും. അത്രയും ഇന്റൻസീവായ ഒരു അനുഭവം. വക്കീലായ രാജീവിന്റെയും എഴുത്തുകാരി നന്ദിതയുടെയും കഥ(ഇരു പേരും ഫാമിലിയായി ആൾറെഡി സെറ്റിൽഡാണ്) . സിനിമയുടെ ആദ്യ സീനുകളിൽ യാദൃശ്ചികമായി ബർത്ത് ഡേക്ക് കേക്ക് വാങ്ങാൻ രണ്ടു പേരും ഒരു സ്ഥലത്ത് വരുന്നത് തൊട്ട് (അത് പരസ്പരം മാറിപ്പോകുന്നത് മുതൽ) ആ ഒരു പരസ്പരം കണ്ടുമുട്ടലിൽ തുടങ്ങി പിന്നീട് അതൊരു തരം അടുത്തിടപഴകലിലേക്കും പ്രണയത്തിലേക്കും മാറുന്നത് എത്ര ഗംഭീരമായാണ് സംവിധായകൻ ആവിഷ്കരിച്ചിരിക്കുന്നത്? പരസ്പരമുള്ള ഒരു തരം മനസ്സിലാക്കലിന്റെയും തിരിച്ചറിയലിന്റെയും ഒരേ തരം ഇഷ്ടങ്ങളിലും ചിന്തകളിലും തങ്ങൾ ഒന്നാണ് എന്ന തോന്നലിന്റെയും അത് മനസ്സുകളെ തമ്മിൽ അടുപ്പിക്കുന്നതിന്റെയും.ചെറുപ്പത്തിൽ തനിക്കു നഷ്ടപ്പെട്ടു പോയ പ്രണയിനിയെ വർഷങ്ങൾക്കിപ്പുറം കണ്ടിട്ടും അത് തുടക്കത്തിൽ മനസ്സിലാവാതെ പോയ രാജീവന്റെ അവസ്ഥ.ആ പഴയ ആളാണല്ലോ ഇന്ന് തന്റെ മുന്നിലിരിക്കുന്നത് എന്ന് നന്ദിനി തിരിച്ചറിയുന്ന നിമിഷം. ഇതൊന്നും പറഞ്ഞറിയിക്കാൻ പറ്റില്ല. വല്ലാത്തൊരു ആഴത്തിലുള്ള വൈകാരിക തലമുള്ള ഒരു സിനിമയാണ് "മേഘമൽഹാർ " ഇതൊക്കെയാണ് ആത്മാവുള്ള സിനിമ .വ്യക്തിപരമായി ആഴത്തിൽ മനസ്സിൽ പതിഞ്ഞ സിനിമ..എങ്ങനെ നോക്കിയാലും സ്വാഭാവികതയുടെ അങ്ങേയറ്റം. മികച്ച തിരക്കഥക്കും മികച്ച രണ്ടാമത്തെ ചിത്രത്തിനും കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് കിട്ടിയതിനപ്പുറം ,അധികമാരും പ്രശംസിക്കപ്പെടാതെ പോയ, പിൽക്കാലത്ത് ഓർക്കപ്പെടാതെ പോയ(എന്നും ഓർക്കപ്പെടേണ്ടതാണ് എന്നാണ് ഞാൻ കരുതുന്നത്) ഒരു ഗംഭീര സംഗീത ചലച്ചിത്ര പ്രണയ കാവ്യം. എത്ര ലാളിത്യമാർന്ന കഥ, ഒരു ചെറുകഥയോ കവിതയോ പോലെ അതി മനോഹരം.സിനിമയുടെ ആത്മാവിനോട് ഉൾചേർന്നമർന്ന് നിൽക്കുന്ന ഉഗ്രൻ പശ്ചാത്തല സംഗീതം, പശ്ചാത്തല സംഗീതം ഇത്ര മാത്രം സിനിമ അനുഭവപ്പെടുത്തുന്നതിൽ പങ്കു വഹിക്കുന്നുണ്ടോ എന്ന് ചോദിച്ചാൽ ഈ സിനിമ കണ്ടാൽ മതിയാകും.

മേഘമൽഹാർ വിശദവിവരങ്ങൾ.