പുഴയോരഴകുള്ള പെണ്ണ്-രാജേഷ് രാമൻ

പുഴയോരഴകുള്ള പെണ്ണ്

പുഴയോരഴകുള്ള പെണ്ണ്
ആലുവപ്പുഴയോരഴകുള്ള പെണ്ണ്
കല്ലും മാലയും മാറിൽ ചാർത്തിയ
ചെല്ലക്കൊലുസിട്ട പെണ്ണ്
(പുഴയോരഴകുള്ള പെണ്ണ്…)

മഴ പെയ്താൽ തുള്ളുന്ന പെണ്ണ്
മാനത്തൊരു മഴവില്ല് കണ്ടാൽ
ഇളകും പെണ്ണ്
പാടത്തെ നെല്ലിനും തീരത്തെ തൈകൾക്കും
പാലും കൊണ്ടോടുന്ന പെണ്ണ്
അവളൊരു പാവം പാൽക്കാരി പെണ്ണ്
പാൽക്കാരി പെണ്ണ്
(പുഴയോരഴകുള്ള പെണ്ണ്…)

വെയിലത്ത് ചിരി തൂകും പെണ്ണ്
ശിവരാത്രി വ്രതവുമായി
നാമം ജപിക്കും പെണ്ണ്
പെണ്ണിനെ കാണുവാൻ ഇന്നലെ വന്നവർ
ചൊന്നു പോൽ ഭ്രാന്തത്തിപെണ്ണ്
അവളൊരു പാവം ഭ്രാന്തത്തിപെണ്ണ്

അതു കേട്ട് നെഞ്ച് പിടഞ്ഞ്
കാലിലെ കൊലു‌സെല്ലാം
ഊരിയെറിഞ്ഞ്
ആയിരം നൊമ്പരം മാറിലൊതുക്കി
കൊണ്ടാഴിയിലേക്കവൾ പാഞ്ഞു
അവളൊന്നും ആരോടും മിണ്ടാതെ പാഞ്ഞു
മിണ്ടാതെ പാഞ്ഞു
(പുഴയോരഴകുള്ള പെണ്ണ്…)