മനീഷ് കൃഷ്ണ

Maneesh Krishna

കണ്ണൂർ ജില്ലയിലെ കൂത്തുപറമ്പ് സ്വദേശിയാണ് മനീഷ് കൃഷ്ണ. ഏഷ്യാനെറ്റിലെ മുൻഷി എന്ന പരമ്പരയിലെ ഹാജിയാരെ അവതരിപ്പിച്ച് ശ്രദ്ധേയനായ അഭിനേതാവ് എൻ രാധാകൃഷ്ണനാണ് മനീഷിന്റെ അച്ഛൻ. അമ്മയുടെ പേര് വനജ. പ്രശസ്ത സംഗീത സംവിധായകൻ രമേഷ് നാരായണൻ മനീഷിന്റെ ചെറിയച്ഛനാണ്.

ഷോർട്ട് ഫിലിമിലഭിനയിച്ചുകൊണ്ടാണ് മനീഷ് അഭിനയരംഗത്ത് തുടക്കംകുറിയ്ക്കുന്നത്. അതിനുശേഷം സുരേഷ് ഉണ്ണിത്താൻ സംവിധാനം ചെയ്ത ഒരു സീരിയലിൽ അഭിനയിച്ചെങ്കിലും അത് കുറച്ച് എപ്പിസോഡുകൾ മാത്രം ഷൂട്ട് ചെയ്ത് നിന്നുപോവുകയാണൂണ്ടായത്. പിന്നീട് മാതൃഭൂമി നിർമ്മിച്ച മൗനം എന്ന സീരിയലിൽ അഭിനയിച്ചതോടെയാണ് മനീഷ് ശ്രദ്ധിക്കപ്പെട്ടത്. തുടർന്ന് നിരവധി പരമ്പരകളിൽ അഭിനയിച്ച് പ്രേക്ഷകപ്രീതി നേടി. ഓഹരി, വീണ്ടൂം ജ്വാലയായ്, പാരിജാതം, ഹരിചന്ദനം, ഭ്രമണം, കസ്തൂരിമാൻ എന്നിവ മനീഷ് അഭിനയിച്ച സീരിയലുകളിൽ ഉൾപ്പട്ടവയാണ്.

സുരേഷ് ഗോപി നായകനായ കന്യാകുമാരി എക്സ്പ്രസ് ആണ് മനീഷ് അഭിനയിച്ച ആദ്യ സിനിമ. തുടർന്ന് രണ്ട് ചിത്രങ്ങളിൽകൂടി അദ്ദേഹം അഭിനയിച്ചു.

മനീഷിന്റെ ഭാര്യ ഷിജിന. മകൻ ആഗ്നേയ് കൃഷ്ണ.