സതീഷ് കളത്തിൽ

Name in English: 
Sathish Kalathil


If you are unable to play audio, please install Adobe Flash Player. Get it now.

Date of Birth: 
Mon, 30/08/1971

2008-ൽ, ചിത്രകലയെക്കുറിച്ച് 'വീണാവാദനം' എന്ന 26 മിനിട്ടുള്ള ഒരു ഡോക്യുമെന്ററി നോക്കിയ N70 മൊബൈൽ ഫോൺ കാമറയിലൂടെ നിർമ്മിച്ചുകൊണ്ടാണ് സതീഷ് കളത്തിൽ ചലച്ചിത്രമേഖലയിൽ എത്തിയത്. അക്കാലത്ത്, നോക്കിയ N70ക്ക് മുൻപുള്ള വീഡിയോ ഓപ്ഷൻ ഉള്ള മൊബൈൽ ഫോണുകളിൽ ചിത്രീകരിക്കുന്ന വീഡിയോകൾ മൊബൈൽ ഫോണുകളിൽ മാത്രം കാണാൻ കഴിയാവുന്നതും പുറത്ത് (ടീവികളിലും മറ്റും) ഡിസ്പ്ലേ ചെയ്ത് കാണാൻ കഴിയാവുന്നത്ര റസൂലുഷൻ ഇല്ലാത്തവയും ആയിരുന്നു. 2 മെഗാപിക്സലുള്ള വീഡിയോ റസൂലുഷനോട് കൂടിയിറങ്ങിയ നോക്കിയ N70 ഫോണുകളിലെ വീഡിയോകൾക്കാണ് ടീവികളിലും മറ്റും ഡിസ്പ്ലേ ചെയ്ത് കാണാൻ തക്ക ഗുണനിലവാരം ആദ്യം ഉണ്ടായത്. ഈ സീരീസിലുള്ള മൊബൈൽ ഫോണിൽ ചിത്രീകരിച്ച  ഈ ചലച്ചിത്രത്തിന്റെ ആദ്യ പ്രിവ്യൂ 2008 ജൂലൈ 20 ന് തൃശ്ശൂർ എലൈറ്റ് ഹോട്ടൽ ഇന്റർനാഷണലിൽ ഡിജിറ്റൽ ഫിലിം പ്രൊജക്ടർ ഉപയോഗിച്ച് 16 എം.എം സ്‌ക്രീനിൽ വളരെ വ്യക്തതയോടെ പ്രദർശ്ശിപ്പിക്കുകയും തുടർന്ന്, ഇത് നിരവധി ഫിലിം ഫെസ്റ്റിവലുകളിൽ പ്രദർശ്ശിപ്പിക്കപ്പെടുകയും ചാനലുകളിൽ ടെലികാസ്ററ് ചെയ്യപ്പെടുകയും ചെയ്തു. 25.09.2008 ന് ഈ ഡോക്യൂമെന്ററിക്ക് ഇന്ത്യൻ സെൻസർ ബോർഡിൻറെ V/U സർട്ടിഫിക്കറ്റ് ലഭിച്ചു. ഇന്ന്, മൊബൈൽ ഫോണിൽ ചിത്രീകരിച്ച ഇന്ത്യയിലെ ആദ്യത്തെ ചലച്ചിത്രമായി ഇത് കണക്കാക്കുന്നു. മെമ്മറി ചിപ്പുകൾ ഉപയോഗിച്ചുള്ള ചിത്രീകരണങ്ങൾ ആരംഭദശയിലായിരുന്ന കാലമായതിനാൽ തൃശ്ശൂരിലും മറ്റും ചിപ്പുകളിൽ നിന്നും വീഡിയോ ക്ലിപ്പുകൾ കംപ്യൂട്ടറിലേക്ക് പകർത്തുന്നതിനും ഡിജിറ്റൽ ക്ലിപ്പുകൾ എഡിറ്റ് ചെയ്യുന്നതിനും മറ്റും സാങ്കേതിക തടസ്സങ്ങൾ നേരിട്ടപ്പോൾ ഇത് എഡിറ്റ് ചെയ്യാൻ ചെന്നൈയിലേക്ക് പോകേണ്ടി വന്നു. അങ്ങനെ, ചെന്നൈയിലെ എസ് ആൻഡ് എസ് സ്റ്റുഡിയോയിലാണ് ഇതിന്റെ പോസ്റ്റ്-പ്രൊഡക്ഷൻ ജോലികൾ പൂർത്തീകരിച്ചത്. (വെബ്സൈറ്റ്:  http://firstmobilephonemoviesinworld.blogspot.in/)

പിന്നീട്, 2010-ൽ നോക്കിയയുടെ തന്നെ 5 മെഗാപിക്സലുള്ള N95 മൊബൈൽ ഫോണിലൂടെ ഇദ്ദേഹം ജലച്ചായം എന്ന ഒന്നര മണിക്കൂർ ദൈർഘ്യമുള്ള ഒരു മുഴുനീള ചലച്ചിത്രം പുറത്തിറക്കി.  അങ്ങനെ, ലോകത്തിലെ ആദ്യത്തെ മൊബൈൽ ഫോൺ സിനിമയുടെ നിർമ്മാതാവും സംവിധായകനും ആയി ഇദ്ദേഹം അറിയപ്പെട്ടു. തൃശ്ശൂരിലെ ഒരു മാലിന്യ നിക്ഷേപ പ്രദേശമായ ലാലൂരിന്റെ ചരിത്രവും ആ പ്രദേശത്തിന്റെ ജനങ്ങളുടെ ദുരിതവും അനാവരണം ചെയ്യുന്ന 'ലാലൂരിന് പറയാനുള്ളത്' എന്ന ഡോക്യുമെന്ററി 2012-ൽ സംവിധാനം ചെയ്തു. 

1971 ഓഗസ്റ്റ് 30-ന് തൃശൂർ പട്ടണത്തിനടുത്തുള്ള ശങ്കരയ്യ റോഡിൽ കളത്തിൽ വീട്ടിൽ ശങ്കരന്റേയും കോമളത്തിന്റെയും മകനായി ജനിച്ച സതീഷ്, ഒരു ഓട്ടോറിക്ഷാ ഡ്രൈവറായും തട്ടുകടക്കാരനായും ജീവിക്കുന്നതിനിടയിലാണ് ചലച്ചിത്ര പ്രവർത്തനങ്ങൾ നടത്തിയിരുന്നത്. ഈ ചലച്ചിത്ര പ്രവർത്തനങ്ങളുടെ തുടർച്ചയായി തൃശ്ശൂർ കേന്ദ്രീകരിച്ച് അദ്ദേഹം ഡിജിറ്റൽ ഫിലിം മേക്കേഴ്സ് ഫോറം എന്ന ട്രസ്റ്റിന് രൂപം നൽകുകയും ചെയ്‌തു. 2000-ൽ പ്രതിഭാവം എന്ന ഒരു പ്രതിമാസ പത്രം സ്വന്തമായി ആരംഭിക്കുകയും അതിന്റെ മുഖ്യ പത്രാധിപരായിരിക്കുകയും ചെയ്തിട്ടുള്ള സതീഷിന്റെ ഔപചാരികമായ വിദ്യാഭ്യാസം പത്താം തരമാണ്. തൃശ്ശൂർ നമ്പൂതിരി വിദ്യാലയത്തിൽ ഏഴാം തരം പാസ്സായ സതീഷ് തൃശ്ശൂർ വിവേകോദയം ബോയ്സ് ഹൈ സ്കൂളിലാണ് തുടർന്ന് പഠിച്ചത്.  കെ.പി.രമയാണ് ഭാര്യ. മൂന്ന് മക്കൾ. നിവേദ, നവീൻകൃഷ്ണ, അഖിൽകൃഷ്ണ. Website: https://sathishkalathil201.yolasite.com/