കെ ആർ പ്രവീൺ

KR Praveen
സംവിധാനം: 2
കഥ: 2
തിരക്കഥ: 2

സംവിധായകൻ, കഥ,തിരക്കഥകൃത്ത്. തിരുവനന്തപുരം ജില്ലയിലെ പാറശ്ശാലയിൽ ഒരു തിമിലവാദക കുടുംബത്തിൽ ജനിച്ചു. അച്ഛന്റെ പേര് പാറശ്ശാല കേശവൻ. ദേവസ്വം ബോർഡിൽ പഞ്ചവാദ്യ തസ്തികയിൽ കലാകാരനായിരുന്നു അച്ഛൻ. തിമിലമേള ശൈലിയുടെ ഈറ്റില്ലം എന്നറിയപ്പെടുന്നത് പാറശ്ശാലയും പരിസര പ്രദേശങ്ങളുമാണ്. 

കെ ആർ പ്രവീൺ ജനിച്ചത് ഒരുകൂട്ടം തിമിലമേള കലാകാരന്മാർക്ക്  പ്രസിദ്ധിയാര്‍ജ്ജിച്ച കുടുംബത്തിലാണ്. മുത്തച്ഛൻ പാറശ്ശാല കൃഷ്ണപ്പിള്ള തിമില വാദകരംഗത്ത് വളരെ പ്രസിദ്ധിയാർജ്ജിച്ച വ്യക്തിയായിരുന്നു. തിമില കലാകാരന്മാർക്ക് വേണ്ടത്ര പ്രോത്സാഹനമോ, ശ്രദ്ധയോ, അംഗീകാരമോ കിട്ടാത്തതിലുള്ള മനംമടുപ്പും. മേള കലാകാരനെന്ന നിലയില്‍ നേരിടേണ്ടി വന്ന കയ്പ്പേറിയ ജീവിതാനുഭവങ്ങളും കാരണം പ്രവീണിന്റെ അച്ചൻ മകൻ തിമില പഠിയ്ക്കുന്നതിനോട് താത്പര്യം കാണിച്ചിരുന്നില്ല. പ്രവീൺ പന്ത്രണ്ടാംക്ലാസ്സിൽ പഠിയ്ക്കുമ്പോൾ അച്ഛന് പക്ഷാഘാതം വന്ന് കിടപ്പിലായതോടെ അച്ഛന്റെ ജോലി, തിമില പഠിച്ചിട്ടില്ലാത്ത മകൻ ഏറ്റെടുക്കേണ്ടതായി വന്നു. പിന്നീട് പുസ്തകങ്ങളിൽ നിന്നും ഓരോ താളങ്ങളെക്കുറിച്ചും, പ്രയോഗ രീതികളെ പറ്റിയുമൊക്കെ വായിച്ചും പഠിച്ചും കൊട്ടിയുമൊക്കെ ശീലിച്ചുകൊണ്ട് സ്വയം തിരുത്തലുകള്‍ വരുത്തി. അസുഖം മാറിയതിനുശേഷം അച്ഛനിൽ നിന്നും തിമിലയെക്കുറിച്ച് കൂടുതൽ അറിവ് നേടിയ പ്രവീൺ മേളം കലാകാരനായി വളർന്ന് പ്രശസ്തമായ അമ്പലങ്ങളിലും, പല സ്ഥലങ്ങളിലും മേളം അവതരിപ്പിച്ചു.

പ്രവീണിന്റെ കുട്ടിക്കാലത്ത് തന്റെ അച്ഛനിൽ നിന്നും സിനിമയുടെ കഥ കേൾക്കലും അച്ഛനോടൊപ്പമുള്ള സിനിമാക്കാഴ്ച്ചകളുമൊക്കെ സിനിമയോട് ആദ്യം മുതലേ താല്പര്യമുണ്ടാക്കി..വര്‍ഷത്തില്‍ ഏകദേശം നാല് മാസം മാത്രമേ ക്ഷേത്രവാദ്യ കലാകാരന്മാര്‍ക്ക് അവസരം ഉണ്ടാവുകയുള്ളൂ എന്നതിനാലും ബാക്കി സമയമൊക്കെ വേറെ എന്തെങ്കിലും ജോലി നോക്കണം എന്ന അവസ്ഥയായിരുന്നതിനാലും ബാങ്കിലെ ലോണ്‍ എക്സിക്യുട്ടീവ്, ഇന്‍ഷൂറന്‍സ് എക്സിക്യുട്ടീവ് അങ്ങനെ പല പല ജോലികള്‍ അദ്ധേഹം ചെയ്തിരുന്നു. അമൃത ചാനൽ ആരംഭിച്ചപ്പോൾ അവിടെ ജോലി ചെയ്തിരുന്ന സുഹൃത്തുക്കൾ മുഖേന അവിടെ ചില പ്രോഗ്രാമുകള്‍ക്ക് സ്‌ക്രിപ്റ്റ് ചെയ്യാനുള്ള അവസരം കരസ്ഥമാക്കി. 

അവിടെ നിന്നാണ് മറ്റ് മീഡിയയിലുള്ള സുഹൃത്തുക്കളുമായി ബന്ധം വളരുന്നത്. അത്തരം ബന്ധങ്ങളാല്‍ മറ്റ് പല ചാനലുകളുമായും സഹകരിക്കാന്‍ സാധിച്ചു. കളേഴ്സ്, സോണി, ബി.ബി.സി തുടങ്ങി പല മുന്‍ നിര ചാനലുകള്‍ക്കു വേണ്ടി ജോലിചെയ്യാന്‍ സാധിച്ചു. ഇടക്ക് രണ്ട് സീരിയലുകളില്‍ അസിസ്റ്റന്റ് ഡയറക്ടറായി പ്രവര്‍ത്തിച്ചു. കൂട്ടത്തില്‍ ചെറുതും വലുതുമായ പല പരസ്യങ്ങളും ചെയ്യാന്‍ സാധിച്ചു. അതിനിടയിൽ പ്രവീണിന് തന്റെ ഒരു സുഹൃത്തിന് വേണ്ടി സിനിമയുടെ സ്ക്രിപ്റ്റ് ചെയ്യാൻ അവസരം ലഭിയ്ക്കുന്നത്. എന്നാൽ അതിന്റെ കാര്യങ്ങള്‍ പുരോഗമിക്കവേ ഇടയ്ക്കു വച്ച് അത് മുടങ്ങിപ്പോയിരുന്നു അതിൽ നിന്നുണ്ടായ വിഷമവും നിരാശയും സ്വന്തമായി ഒരു സിനിമചെയ്യുക എന്ന ആശയത്തിലേയ്ക്ക് എത്തിച്ചു. അങ്ങിനെയാണ് പ്രവീൺ കഥയും തിരക്കഥയും രചിച്ച് സംവിധാനം ചെയ്ത "തമി" എന്ന ചിത്രത്തിന്റെ പിറവി കൊള്ളുന്നത്.

കെ ആർ പ്രവീണിന്റെ ഭാര്യ രേവതി, രണ്ടു പെണ്മക്കൾ സ്വരമേധ, ലയ മേധ.