ശ്രീരാജ് രവീന്ദ്രൻ

Sreeraj Raveendran

1991 ജൂൺ 20ന് തൃശൂർ ജില്ലയിലെ ഇരിഞ്ഞാലക്കുടയിൽ രവീന്ദ്രന്റെയും ജയശ്രീയുടെയും മകനായി ജനനം.

മൾട്ടി മീഡിയ & ആനിമേഷനിൽ ബിരുദം നേടിയ ശ്രീരാജ്, പഠന കാലത്ത് തന്നെ ചെറു സിനിമാ സംരംഭങ്ങളിൽ അസിസ്റ്റന്റ് എഡിറ്ററായി പ്രവർത്തിച്ചിരുന്നു. പിന്നീട് ചെന്നൈ മൈൻഡ് സ്‌ക്രീൻ ഇൻസ്റ്റിറ്റ്യൂട്ടിലെ സിനിമാറ്റോഗ്രാഫി പഠനത്തിനു ശേഷം ഹ്രസ്വ ചിത്രങ്ങളിലൂടെയും പരസ്യചിത്രങ്ങളിലൂടെയും ഛായാഗ്രഹണ രംഗത്തേക്ക് കടന്നുവന്നു.

 ഗോദ എന്ന ചിത്രത്തിൽ സിനിമാറ്റോഗ്രാഫർ വിഷ്ണുശർമയുമായി സഹകരിക്കുകയും 'പോരാട്ടം', ഇ ഫോർ എന്റർടൈൻമെന്റ്സ് നിർമ്മിച്ച 'ലില്ലി' എന്നീ സിനിമകൾക്ക് ചായാഗ്രഹണം നിർവഹിക്കുകയും ചെയ്തു.

 മലയാളത്തിനു പുറമേ കന്നഡ, തെലുഗ് എന്നീ ഭാഷകളിലും പ്രവർത്തിച്ചുവരുന്ന ശ്രീരാജ്, സെന്ന ഹെഗ്‌ഡെയുടെ സംവിധാനത്തിൽ 2018ൽ പുറത്തിറങ്ങിയ 'കഥയൊന്തു ശുരുവാഗിദേ' എന്ന ചിത്രത്തിലൂടെയാണ് കന്നഡയിൽ സാന്നിദ്ധ്യമറിയിച്ചത്. ശേഷം സെന്ന ഹെഗ്‌ഡെയുടെ തന്നെ ' തിങ്കളാഴ്ച നിശ്ചയം' എന്ന മലയാള സിനിമയിൽ സിനിമാറ്റോഗ്രാഫറായി പ്രവർത്തിച്ചു. 2021 ലെ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം കരസ്ഥമാക്കിയ ഈ സിനിമയുടെ തിരക്കഥാരചനയിൽ സെന്ന ഹെഗ്‌ഡെയോടൊപ്പം പങ്കാളിയായിക്കൊണ്ട് തിരക്കഥാ രംഗത്തും തുടക്കമിട്ടു.

സാന്റോ മോഹൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത 'സ്റ്റാൻഡ് അപ്പ്‌ രാഹുൽ' എന്ന തെലുങ്ക് ചിത്രമാണ് ശ്രീരാജിന്റെ ഛായാഗ്രഹണത്തിൽ പുറത്തിറങ്ങാനിരിക്കുന്ന അടുത്ത ചിത്രം.

 

Sreeraj Raveendran