നവജിത് നാരായണൻ

Navajith Narayanan

കാസർഗോഡ് ജില്ലയിലെ നീലേശ്വരം മടികൈ അടുക്കത്ത് പറമ്പിൽ 1988 ഫെബ്രുവരി 23 ന് നാരായണന്റെയും വത്സലയുടെയും മകനായി ജനിച്ചു. അമ്മ തീയറ്റർ ആർട്ടിസ്റ്റ് ആണ്. മടിക്കൈ ഗവണ്മെന്റ് എച് എസ് എസിലും പയ്യന്നൂർ കോളേജിലുമാണ് നവജിത് പഠിച്ചത്. 1999ൽ അമ്മയുടെ കൂടെ നാടകത്തിൽ അഭിനയിച്ചു കൊണ്ടാണ് തുടക്കം. 2019 ആയപ്പോഴേക്കും 2500ൽ പരം വേദികളിൽ നാടകം അവതരിപ്പിച്ചു. അമ്മയുടെ കൂടെ 250ൽ അധികം വേദികളിൽ നവജിത് അഭിനയിച്ച അഭയം എന്ന നാടകം ശ്രദ്ധിക്കപ്പെടുകയും മികച്ച നടനുള്ള പുരസ്‌കാരം ഈ നാടകത്തിലൂടെ ഇദ്ദേഹം കരസ്ഥമാക്കുകയും ചെയ്തു. ഭഗത് സിംഗ്  എന്ന ഒറ്റയാൾ നാടകം 500ൽ പരം വേദികളിൽ അവതരിപ്പിച്ചു കൊണ്ട് അഭിനയരംഗത്തു ചുവടുറപ്പിച്ചു. സുവീരൻ, മഞ്ജുളൻ, ഇ വി ഹരിദാസ്, അനിൽ നടക്കാവ്, പി ജി സുർജിത്, പ്രദീപ്‌ മണ്ടൂർ, ബാബു അന്നൂർ എന്നിവരുടെ കീഴിൽ ആയിരുന്നു നാടക പരിശീലനം. കണ്ണൂർ യൂണിവേഴ്സിറ്റി കലോത്സവത്തിൽ രണ്ടു തവണ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു. അങ്ങനെയാണ് സിനിമയിലേക്ക് എത്തുന്നത്. 

എന്നും എപ്പോഴും എന്ന സിനിമയിൽ ചെറിയൊരു വേഷം ചെയ്തു കൊണ്ടാണ് തുടങ്ങിയത്. ആർ എസ് വിമലിന്റെ എന്നു നിന്റെ മൊയ്‌ദീൻ, കമലിന്റെ ഉട്ടോപ്യയിലെ രാജാവ്, ലാൽ ജോസിന്റെ നീന, പ്രശോബ് വിജയൻ സംവിധാനം ചെയ്ത ലില്ലി എന്നി സിനിമയിൽ ചെറിയവേഷങ്ങൾ ചെയ്തു.

കമൽ സംവിധാനം ചെയ്ത ആമി എന്ന സിനിമയിൽ മലയാളത്തിന്റെ പ്രിയ കവി ചങ്ങമ്പുഴ കൃഷ്ണ പിള്ളയുടെ കഥാപാത്രം മികച്ച അഭിപ്രായം നേടികൊടുത്തു. ബിലഹരിയുടെ സംവിധാനത്തിൽ കുറഞ്ഞ ചിലവിൽ ചിത്രീകരിച്ച പോരാട്ടം എന്ന സിനിമയിലൂടെ നായകനായി മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചു. 2020 ൽ പുറത്തിറങ്ങിയ കോഴിപ്പോര് എന്ന സിനിമയിൽ നായകനായെത്തിയതും നവജിത് ആയിരുന്നു.

അഭിനയത്തിന് പുറമെ ഇരുപതോളം നാടകങ്ങളും ഇദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. മുണ്ട് എന്ന ഷോർട് ഫിലിം സംവിധാനം ചെയ്തു. അറിയപ്പെടുന്ന അഭിനയ പരിശീലകൻ കൂടെ ആയ നവജിത്, ചെന്നൈ കൂത്തുപട്ടരായിൽ അഭിനയ പരിശീലകൻ ആയിരുന്നു. ഇപ്പോൾ പടക്കളം എന്ന പേരിൽ സൗത്ത് ഇന്ത്യയിൽ ഒട്ടാകെ ആർട്ടിസ്റ്റുകൾക്കും പുതുമുഖ പ്രതിഭകൾക്കും അഭിനയപരിശീലനം നടത്തിവരുന്നു.

ഭാര്യ ഗ്രീഷ്മ നവജിത്. മകൻ നിധാഗ്ന്.

ഫെസ്ബുക്ക് പ്രൊഫൈൽ