ബോംബെ എസ് കമാൽ

Bombay S Kamal
Date of Death: 
തിങ്കൾ, 16 March, 2015
സംഗീതം നല്കിയ ഗാനങ്ങൾ: 15

ബോംബെ വിക്ലോറിയ ടെര്‍മിനസിനു സമീപം അബ്ദുല്‍ റഹ്മാന്‍ സ്ട്രീറ്റിലാണ് കമാല്‍ ജനിച്ചത്. പാട്ട് ഒരു ഹോബിയായി കണ്ട കമാലിനു പക്ഷേ തന്റെ മാതാപിതാക്കളെ ചെറുപ്പക്കാലത്ത് തന്നെ നഷ്ടപ്പെട്ടു. ചെറുപ്പകാലത്ത് ഉസ്താദ് മൊയ്തീൻ ഖാനെ പരിചയപ്പെട്ടത് കമാലിന്റെ ജീവിതത്തിലെ വഴിത്തിരിവായി. അദ്ധേഹത്തിന്റെ ഒപ്പം സംഗീതം അഭ്യസിച്ച കമാൽ പതിയെ സ്റ്റേജുകളിൽ പാടി തുടങ്ങി. ഏഴാംവയസ്സു മുതല്‍ മുഹമ്മദ്‌ റഫിയുടെ ഗാനങ്ങള്‍ ആലപിച്ച് സംഗീതാസ്വാദകര്‍ക്കിടയില്‍ അദ്ദേഹം ശ്രദ്ധേയനായി. നല്ല പാട്ടുകാരൻ എന്ന പേരു കിട്ടിയിട്ടും സിനിമയിൽ കോറസ്സ് പാടാൻ മാത്രമാണ് കമാലിനു അവസരം ലഭിച്ചത്. റാഫിയുടെ ശബ്ദത്തോടുള്ള സാമ്യം ലഭിച്ച ചാൻസുകൾ കൂടി നഷ്ടമാകാൻ കാരണമാക്കി. അവസരങ്ങൾ അധികം ലഭിക്കാതിരുന്നത് ജീവിതം തന്നെ വഴിമുട്ടിച്ചു, എന്നിട്ടും സംഗീതത്തെ വിട്ടു കളയാൻ കമാൽ ഒരുക്കമായിരുന്നില്ല. അങ്ങനെയിരിക്കെ ഒരിക്കല്‍ ബാബുരാജ് മുംബൈയില്‍ എത്തുകയും കമാലിനു ബാബുരാജിന്റെ മുന്നില്‍ പാടാന്‍ അവസരം ലഭിക്കുകയും ചെയ്തു. പാട്ട് കേട്ടിഷ്ടപ്പെട്ട ബാബുരാജ്,  കമാലിനെ കേരളത്തിലേക്ക് ക്ഷണിച്ചെങ്കിലും, കമാൽ അത് ഗൌരവമായി എടുത്തില്ല. കമാൽ തന്റെ കൂട്ടുകാർക്കൊപ്പം മദ്രാസിൽ ഖവ്വാലി നടത്തുവാൻ പോയ, മടക്കയാത്രക്കിടയിൽ പോക്കറ്റടിക്കപ്പെടുന്ന കമാൽ അവിചാരിതമായി കേരളത്തിൽ എത്തിപ്പെടുകയും ചെയ്യുകയായിരുന്നു. ഭാഷയറിയാതെ കഷ്ടപ്പെട്ട കമാലിനെ അന്ന് സഹായിച്ചത് തബലിസ്റ്റ് ബാബുവാണ്. അദ്ദേഹം കമാലിനെ ഒരാളുടെ ഒപ്പം കല്ലായിയിലേക്ക് ബാബുരാജിനെ കാണുവാൻ അയച്ചു. എവറസ്റ്റ് മ്യൂസിക് ഹൗസിൽ വച്ചാണ് കമാൽ ബാബുരാജിനെ കണ്ടത്. പിന്നീട് ബാബുരാജിനോപ്പം കുറെ വർഷങ്ങൾ മലബാറിലെ മിക്ക തട്ടിന്‍പുറങ്ങളില്‍പ്പോലും മെഹഫിൽ അവതരിപ്പിച്ചു.

ബാബുരാജിന്റെ ശിഷ്യനായതോടെ അദ്ദേഹത്തിന്റെ ഒപ്പം സഞ്ചരിക്കാനും മലയാളികളെ തന്റെ പാട്ടുകൾ കൊണ്ട് ആനന്ദിപ്പിക്കുവാനും കമാലിനു കഴിഞ്ഞു. അതിനിടയിൽ സംഗീത സംവിധാനം ബാബുരാജിൽ നിന്ന് തന്നെ അഭ്യസിച്ചു. ആദ്യമാദ്യം ബാബുരാജിനെ തേടിയെത്തിയ നാടകഗാനങ്ങളാണ് കമാൽ സംഗീതം ചെയ്തത്. പിന്നീട് സ്വന്തമായി കുറെയധികം നാടക ഗാനങ്ങൾ അദ്ദേഹം സംഗീതം ചെയ്തു. ഇടക്ക് ബോംബയിലേക്ക് തിരിച്ചു പോയ കമാൽ തിരിച്ചു വന്ന്, മ്യുസിക് ഡയറക്ടര്‍ രവീന്ദ്രന്റെ ട്രൂപ്പില്‍ ചേർന്നു. മുഹമ്മദ്‌ റഫി ഗാനങ്ങള്‍ സ്ഥിരമായി പാടിയിരുന്നത് കമാൽ ആയിരുന്നു. കിളിമാനൂര്‍ രമാകാന്തന്‍ എഴുതിയ 'സ്വപ്നം കാണാത്ത രാത്രിയിലെ' എന്ന ഗാനം കമ്പോസ് ചെയ്യാന്‍ അവസരം ലഭിച്ചു. അത് ഹിറ്റായപ്പോൾ കമാൽ എന്ന സംഗീത സംവിധായകനെ ആളുകൾ ശ്രദ്ധിച്ചു തുടങ്ങി. ഒടുവിൽ ഡോ. ബാലകൃഷ്ണന്റെ 'എവിടെ എന്‍ പ്രഭാതം' എന്ന ചിത്രത്തിന് സംഗീതം നൽകി കൊണ്ട് കമാൽ ചലച്ചിത്ര രംഗത്ത് എത്തിച്ചേർന്നു. ബാലു കിരിയത്തും മുല്ലക്കൽ റഷീദുമായിരുന്നു ഗാനങ്ങൾ എഴുതിയത്. ബാലു കിരിയത്തിന്റെ ആദ്യ ചിത്രവും അതായിരുന്നു. "നിലവിളക്ക്" എന്ന ചിത്രത്തില്‍ പാടാം ഞാന്‍ പാടാം ഒരു സാന്ത്വനം എന്ന പാട്ട് ഹിറ്റായി. മലയാളത്തിലെ പ്രഗത്ഭ ഗായകർ എല്ലാം കമാലിനു വേണ്ടി പാടിയിട്ടുണ്ട്, എന്നിരുന്നാലും കൂടുതൽ പാട്ടുകൾ പാടിയത് യേശുദാസ് ആയിരുന്നു. അതിനിടയിൽ ചില ആൽബങ്ങൾക്കും സംഗീതം ചെയ്തു കമാൽ, യേശുദാസിന്റെ "ശരത്കാല പുഷ്പങ്ങള്‍" എന്ന ആല്‍ബത്തിന്റെ സംഗീതം നിർവഹിച്ചത് കമാലാണ്. ഇടയ്ക്ക് അവസരങ്ങൾ കുറഞ്ഞപ്പോൾ വോയിസ് ഓഫ് യൂത്ത് എന്ന ട്രൂപ്പിൽ ഗായകനായി ചേർന്നു. അതിനിടയിൽ കുറെയധികം സിനിമകളിൽ അഭിനയിക്കുവാനുള്ള അവസരം കമാലിനെ തേടിയെത്തി. കൊച്ചിൻ ഹനീഫയാണ് ആദ്യമായി, മൂന്നു മാസങ്ങൾക്ക് മുൻപേ എന്ന ചിത്രത്തിൽ കമാലിന് അവസരം ഒരുക്കിയത്. മീനമാസത്തിലെ സൂര്യൻ, മുഖ്യമന്ത്രി, ഹലോ മൈഡിയർ റോംഗ് നമ്പർ, ഭൂമിയിലെ രാജാക്കന്മാർ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു. ഒടുവിൽ ഭരത് ചന്ദ്രൻ ഐ.പി.എസ്സിലും ഒരു ചെറു വേഷം ചെയ്തിട്ടുണ്ട് കമാൽ. മേജർ രവിയുടെ കുരുക്ഷേത്ര എന്ന ചിത്രത്തിന്റെ ടൈറ്റിൽ സോംഗ് എഴുതിയത് കമാലാണ്.  

ആറു ദശാബ്ദക്കാലത്തെ സംഗീത രംഗത്തിനുള്ള സംഭാവനകൾ മാനിച്ച് അദ്ദേഹത്തിന് 2012 -ൽ സ്വരലയ-ഈണം ഗുരുവന്ദന പുരസ്കാരം നൽകി ആദരിക്കുകയുണ്ടായി. നടനായും ഗായകനായും സംഗീത സംവിധാകനായും മലയാളികൾക്ക് മുന്നിലെത്തിയ ബോംബെ എസ് കമാൽ ഇപ്പോഴും ഗസൽ പരിപാടികളിലൂടെയും മറ്റു സംഗീത പരിപാടികളിലൂടെയും സംഗീത ലോകത്ത് തന്റെ സപര്യ തുടർന്നിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന അദ്ദേഹം 2015 മാർച്ച് 16നു ഈ ലോകത്തോട് വിട പറഞ്ഞു.

അവലംബം: അമൃത ടിവിയുടെ ഇന്നലെത്തെ താരം എന്നാ പ്രോഗ്രാം. മാതൃഭൂമിയിൽ വന്ന കമാൽ ഹേ സാഹിബ് എന്ന കുറിപ്പ്