ജയലളിത

Jayalalitha
Date of Birth: 
ചൊവ്വ, 24 February, 1948
Date of Death: 
തിങ്കൾ, 5 December, 2016
ജെ ജയലളിത
തമിഴ് നാട് മുഖ്യമന്ത്രി

തമിഴ് നാട് മുഖ്യമന്ത്രിയായിരുന്നു ജയലളിത ജയറാം. 1948 ഫെബ്രുവരി 24 ന് തമിഴ് നാട്ടിൽ നിന്നും മൈസൂറിൽ താമസമാക്കിയ അയ്യങ്കാർ കുടുംബത്തിലായിരുന്നു ജയലളിത ജനിച്ചത്. പിതാവ് അഭിഭാഷകനായിരുന്നു. അമ്മ വേദവല്ലി. അവർ സന്ധ്യ എന്ന പേരിൽ സിനിമയിൽ അഭിനയിച്ചിരുന്നു. മൈസൂർ രാജാവായിരുന്ന ജയചാമരാജേന്ദ്ര വൊഡയാറുമായുള്ള തങ്ങളുടെ അടുപ്പം സൂചിപ്പിക്കാനാണ് ജയലളിതയുടെ കുടുംബക്കാർ അവരുടെ പേരിന്റെ കൂടെ ജയ എന്നു ചേർത്തത്. സ്കൂളിൽ കോമളവല്ലി എന്നായിരുന്നു പേര്. ജയലളിതയുടെ മുത്തശ്ശൻ അക്കാലത്ത് മൈസൂർ രാജാവിന്റെ ഡോക്ടറായിരുന്നു. സ്‌കൂൾ വിദ്യാഭ്യാസം ചർച്ച് പാർക്ക് കോൺവെന്റ് സ്കൂളിലായിരുന്നു.

പത്താം ക്ലാസ് പരീക്ഷയിൽ സംസ്ഥാനത്തു തന്നെ ഒന്നാമതെത്തിയ ജയലളിത പതിനഞ്ചാമത്തെ വയസിൽ 'പ്രായപൂർത്തിയാകാത്തവർക്കുള്ള' സിനിമയിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് പ്രവേശിച്ചത്. മൂന്നാം വയസിൽ തന്നെ ഭരതനാട്യം പഠിച്ചിട്ടുണ്ട്. ജയലളിത ആദ്യം അഭിനയിച്ച സിനിമ പ്രായപൂർത്തിയായവർക്ക് മാത്രമുള്ള ചിത്രങ്ങളുടെ വിഭാഗത്തിലുള്ളതായിരുന്നതിനാൽ ജയലളിതയ്ക്ക് താൻ അഭിനയിച്ച സിനിമ അന്ന് കാണാൻ കഴിഞ്ഞിരുന്നില്ല.1964 ൽ ചിന്നഡ കൊംബെ എന്ന കന്നഡ ചലച്ചിത്രത്തിൽ എം.ജി.രാമചന്ദ്രനോടൊപ്പമാണ് അവരുടെ സിനിമാജീവിതം ആരംഭിച്ചത്. ആ ബന്ധം പിന്നീട് കൂടുതൽ ദൃഢമായി.  

1980ൽ ജയലളിത എം.ജി.ആറിന്റെ എ.ഐ.എ.ഡി.എം.കെ.യിൽ അംഗമായി. പിന്നീട് രാജ്യസഭാംഗവും. എം.ജി.ആറിന്റെ മരണത്തിന് ശേഷം രാജ്യസഭാംഗമെന്ന സ്ഥാനം രാജിവെച്ച ജയലളിത സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ചു വന്നു.  ഡി.എം.കെ.യുടെ ഭരണകാലത്തിനിടെ പാർട്ടിയെ തന്റെ അധികാരത്തിനു കീഴിലാക്കാൻ അവർക്ക് കഴിഞ്ഞു. 1991ലെ തിരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തോടെ ജയിച്ച ജയലളിത തമിഴ് നാട് മുഖ്യമന്ത്രിയായി. എന്നാൽ അഴിമതി ആരോപണങ്ങളുടെ ഒരു പരമ്പര ജയലളിതയുടെ ഭരണകാലത്തുണ്ടായി . തൻമൂലം അവർക്ക് അധികാരം നഷ്ടപ്പെട്ടു. ജയലളിതയുടെ ഭരണകാലത്ത് നടത്തിയ അഴിമതികളുടെ പേരിൽ 1997 ഒക്ടോബർ 21ന് ജയലളിത, വി.കെ ശശികല, വി.എൻ സുധാകരൻ, ജെ. ഇളവരശി എന്നിവർക്കെതിരെ കോടതി കുറ്റം ചുമത്തി. 2014 സെപ്റ്റംബർ 27ന് കേസ്സിൽ ബാംഗ്ലൂർ പാരപ്പന അഗ്രഹാര സെൻട്രൽ ജയിൽ വളപ്പിലെ പ്രത്യേക അപ്പീൽ കോടതി ജയലളിതയടക്കം നാലു പേർ കുറ്റക്കാരെന്നെ് കണ്ടെത്തി നാലു വർഷം തടവും 100 കോടി രൂപ പീഴയും വിധിച്ചു. ജോൺ മൈക്കൽ കുൻഹയാണ് വിധി പ്രസ്താവം നടത്തിയത്.  2014 സെപ്റ്റംബർ 29ന് ജാമ്യത്തിനായി ജയലളിത കർണാടക ഹൈക്കോടതിയെ സമീപിക്കയും ഒക്ടോബർ 18 ന് ജയിൽ മോചിതയാകയും ചെയ്തു . 2015 മേയ് 11ന് കർണ്ണാടക ഹൈക്കോടതി ജയലളിതയേയും കൂട്ടാളികളേയും കുറ്റവിമുക്തരാക്കി. പുരട്ച്ചി തലൈവി എന്നും അമ്മ എന്നും തമിഴ് ജനങ്ങൾ ആദരവോടെ ജയലളിതയെ കണ്ടിരുന്നു. സ്ത്രീകൾക്ക് വേണ്ടി നിരവധി നല്ല കാര്യങ്ങൾ ചെയ്തുകൂട്ടിയ ജയലളിതയെ എന്നും തമിഴ്‍നാട് സ്ത്രീകൾ നെഞ്ചിലേറ്റി.

ഇംഗ്ലീഷ് പുസ്തകങ്ങളോട് വലിയ താൽപര്യമാണ് ജയലളിതയ്ക്കുണ്ടായിരുന്നത്. സിനിമാതാരം, ഭരണകർത്താവ് എന്നതിലുപരി നല്ലൊരു എഴുത്തുകാരിയും ഗായികയുമായിരുന്നു ജയലളിത. അഭിനയിച്ച മിക്ക ചിത്രങ്ങളിലും ഗാനങ്ങൾ ജയലളിത തന്നെയാണ് പാടിയത്.  ഒരുകാലത്ത് പ്രശസ്തമായിരുന്ന 'തായ്' എന്ന തമിഴ് മാഗസിനിൽ ജയലളിത സ്ഥിരമായി എഴുതുമായിരുന്നു. ഏറ്റവുമധികം സിൽവർ ജൂബിലി ഹിറ്റുകൾ ജയലളിതയുടെ പേരിലാണ്. അഭിനയിച്ച 85 തമിഴ് സിനിമകളിൽ എൺപതും 28 തെലുങ്ക് സിനിമകളും ഈ പട്ടികയിൽ വരുന്നു. ജയലളിത അഭിനയിച്ച ഏക ഹിന്ദി സിനിമ ‘ഇസാത്, ഏക മലയാള ചിത്രം 'ജീസസ്'. മൂന്നു ദശാബ്ദക്കാലത്തോളം തമിഴ്നാട് രാഷ്ട്രീയത്തിന്റെ കേന്ദ്രബിന്ദുവായിരുന്ന ജെ. ജയലളിത 68 ആം വയസ്സിൽ ആണ് അന്തരിച്ചത് . 2016 സെപ്റ്റംബർ 22ന് ആശുപത്രിയിൽ പ്രവേശിച്ച ജയലളിത 2016 ഡിസംബർ 5 ന് മരണമടഞ്ഞു.