വിജിലേഷ് കാരയാട്

Vijilesh Karayad

കോഴിക്കോട് ജില്ലയിലെ കാരയാട് ജനിച്ചു.  സ്ക്കൂളിൽ പഠിയ്ക്കുന്ന കാലത്ത് കൂട്ടുകാരുമായി ചേർന്ന് മിമിക്രി ട്രൂപ്പുണ്ടാക്കി സ്ക്കിറ്റുകൽ കളിച്ചുകൊണ്ടായിരുന്നു വിജിലേഷിന്റെ കലാപ്രവർത്തനത്തിന്റെ തുടക്കം. കോളേജിൽ പഠിയ്ക്കുന്ന സമയത്താണ് നാടകങ്ങളിൽ അഭിനയിക്കാൻ തുടങ്ങുന്നത്. പിന്നീട്‌ കാലടി യൂണിവേഴ്‌സിറ്റിയിൽ നാടകം പഠിക്കാൻ പോകാൻ അത് പ്രേരണയായി. കാലടി യൂണിവേഴ്‌സിറ്റിയിൽ നാടകത്തിൽ എംഎ ചെയ്‌തു. അതിനുശേഷം എംജി യൂണിവേഴ്‌സിറ്റിയിൽ സ്‌കൂൾ ഓഫ്‌ ലെറ്റേഴ്‌സിൽ നാടകത്തിൽ എംഫിൽ ചെയ്തു. ജയപ്രകാശ് കുളൂരിന്റെ കണ്ണാടി, ജിലേബി എന്നീ നാടകങ്ങളിൽ ആയിരത്തോളം വേദികളിൽ വേഷമിട്ടു.

കാലടി ശ്രീ ശങ്കര സർവ്വകലാശാലയിൽ പഠിയ്ക്കുമ്പോൾ ജൂനിയറായി പഠിച്ചിരുന്ന ദിലീഷ് പോത്തൻ ആദ്യമായി സംവിധാനം ചെയ്ത മഹേഷിന്റെ പ്രതികാരം എന്ന സിനിമയിലൂടെയാണ് വിജിലേഷ് ചലച്ചിത്രലോകത്ത് തുടക്കം കുറിയ്ക്കുന്നത്. ആദ്യ സിനിമയിലെ വേഷം തന്നെ പ്രേക്ഷക പ്രീതിനേടി. തുടർന്ന് ഇരുപതിലധികം സിനിമകളിൽ വിജിലേഷ് അഭിനയിച്ചു. അമൽ നീരദ് സംവിധാനം ചെയ്ത വരത്തൻ എന്ന ചിത്രത്തിലെ വില്ലൻ വേഷം വിജിലേഷ് കാരയാടിന്റെ അഭിനയ ജീവിതത്തിലെ ഒരു നാഴികക്കല്ലാണ്. കൃഷ്ണൻകുട്ടി പണിതുടങ്ങി എന്ന സിനിമയിലും വളരെ ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചു.

2021 മാർച്ചിലായിരുന്നു വിജിലേഷിന്റെ വിവാഹം. ഭാര്യയുടെ പേര് സ്വാതി.