കെ എൽ ആന്റണി

K L Antony

ചേർത്തല പൂച്ചാക്കൽ സ്വദേശി. 1950ൽ ബാലനടനായി നാടകവേദികളിലെത്തി. അഭിനയം ആവേശമായപ്പോൾ കലാകേന്ദ്ര എന്നൊരു നാടക സമിതി തുടങ്ങി. 25 ൽ പരം നാടകങ്ങൾ എഴുതി സംവിധാനം ചെയ്തു. അമച്വർ നാടകവേദിയിൽ വച്ചു പരിചയപ്പെട്ട ലീനയെ ജീവിത സഖിയാക്കി. പിന്നീട് അവർ നൂറു കണക്കിന് നാടക വേദികളിൽ ഒരുമിച്ച് അഭിനയിച്ചു. ഇടക്കാലത്ത് കുടുംബം പുലർത്താൻ, ആന്റണി സ്വന്തം നാടകങ്ങൾ വീടുവീടാന്തരം കയറിയിറങ്ങി വിറ്റിരുന്നു. സ്വന്തം നാടകങ്ങളുടെ 50000 ത്തിൽ അധികം കോപ്പികളാണ് അക്കാലത്ത് അദ്ദേഹം വിറ്റഴിച്ചത്. രണ്ടു പേർ മാത്രം കഥാപാത്രങ്ങളായി വരുന്ന അമ്മയും തൊമ്മനും എന്ന നാടകം ആന്റണിയും ലീനയും ചേർന്ന് അവതരിപ്പിച്ചത് കാണാനിടയായ ദിലീഷ് പോത്തൻ അവരെ മഹേഷിന്റെ പ്രതികാരത്തിലേക്ക് വിളിക്കുകയായിരുന്നു. ചാച്ചൻ എന്നാണ് നാട്ടിൽ അദ്ദേഹം അറിയപ്പെട്ടിരുന്നത്, ആദ്യ സിനിമയിലെ കഥാപാത്രത്തിന്റെ പേരും അത് തന്നെയായിരുന്നു. ഹൃദയാഘാതത്തേത്തുടർന്ന് കൊച്ചി ലേക്‌ഷോർ ആശുപത്രിയിൽ വച്ച് 2018 ഡിസംബർ 21ന് മരണമടഞ്ഞു

മക്കൾ: അമ്പിളി, ലാസർ ഷൈൻ, നാൻസി