ബിജു ചാലക്കുടി

Biju Chalakudy

മിമിക്രി രംഗത്തു നിന്നും സിനിമയിലെത്തിയ കലാകാരനാണ് ബിജു ചാലക്കുടി. ബാലു കിരിയത്ത് സംവിധാനം ചെയ്ത മിമിക്സ് സൂപ്പർ 1000 എന്ന ചിത്രത്തിലൂടെയാണ് ബിജു ചാലക്കുടി എന്ന കലാകാരൻ മലയാള സിനിമയിലെത്തുന്നത്. ചിത്രത്തിൽ ജനാർദ്ദനൻ അവതരിപ്പിച്ച കഥാപാത്രത്തിന്റെ ഹോട്ടലിലെ പണിക്കാരനായ കഥാപാത്രത്തെ മലയാള സിനിമ പ്രേക്ഷകർ മറക്കാനിടയില്ല. മാള അരവിന്ദന്റ രൂപ ഭാവങ്ങളോടെയാണ് ബിജു ആ ചിത്രത്തിൽ വേഷമിട്ടത്.. 

മൂന്നു കോടിയും 300 പവനും എന്ന ചിത്രത്തിൽ മാള അരവിന്ദന്റെ മകനായും, കല്യാണപ്പിറ്റേന്ന് എന്ന സിനിമയിൽ ദിലീപ് നടത്തുന്ന കാമധേനു മിൽക്ക് ബാറിലെ തൊഴിലാളിയായും, മേരാ നാം ജോക്കർ എന്ന ചിത്രത്തിൽ സലിം കുമാർ- നാദിർഷ - ഷാജു എന്നിവർക്കൊപ്പം നായക തുല്യമായ വേഷത്തിലും അഭിനയിച്ചു. ഇരുപത്തിയഞ്ചോളം സിനിമകളിൽ ബിജു ചാലക്കുടി അഭിനയിച്ചിട്ടുണ്ട്.

കലാഭവൻ മണി പാടി 1999 -ൽ പുറത്തിറങ്ങിയ "കണ്ണിമാങ്ങ പ്രായത്തിൽ " എന്ന സൂപ്പർ ഹിറ്റ് ഗാനത്തിന് സംഗീതം നൽകിയിട്ടുള്ള ബിജു നിരവധി ഭക്തി ഗാനങ്ങൾക്കും സംഗീതം നൽകിയിട്ടുണ്ട്.. കൊച്ചിൻ ഹരിശ്രീ, ഗിന്നസ്, സാഗർ തുടങ്ങിയ പ്രശസ്ത മിമിക്രി ട്രൂപ്പുകൾക്കൊപ്പം അദ്ധേഹം പ്രവർത്തിച്ചിട്ടുണ്ട്.