പി എൻ സണ്ണി

P N Sunny
തൊരപ്പൻ ബാസ്റ്റിൻ
സണ്ണി

കോട്ടയം ജില്ലയിലെ വാകത്താനം സ്വദേശി. പോലീസ് സേനയിലായിരുന്നു പി എൻ സണ്ണി ജോലി ചെയ്തിരുന്നത്. ചെറുപ്പം മുതൽ തന്നെ ശരീരസൗന്ദര്യത്തിലും ആയോധന കലകളിലുമൊക്കെ താല്പര്യം പ്രകടിപ്പിച്ചിരുന്ന സണ്ണി മിസ്റ്റർ കേരള മത്സരത്തിൽ രണ്ടാമതെത്തിയിരുന്നു. ജിംനേഷ്യവും കളരിയുമൊക്കെ പരിശീലിപ്പിച്ചിരുന്ന സണ്ണി സ്ഫടികത്തിൽ പുലിക്കോടനെ അവതരിപ്പിച്ച ജോർജ്ജ് കോട്ടയം സി വി എൻ കളരിയിൽ പരിശീലനത്തിനെത്തിയപ്പോൾ  അദ്ദേഹത്തിനെ പരിശീലിപ്പിച്ചിരുന്നു. അങ്ങനെയാണ് അതേ സിനിമയിലേക്കുള്ള തൊരപ്പൻ ബാസ്റ്റിനെന്ന കഥാപാത്രത്തിലേക്ക് സണ്ണി എത്തിച്ചേർന്നത്. കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷണിൽ കോൺസ്റ്റബിൾ ആയിരിക്കുമ്പോഴാണ് സ്ഫടികത്തിൽ അഭിനയിക്കുന്നത്. തുടർന്ന് ‌ജയരാജിന്റെ ഹൈവേ, പിന്നീട് സ്വസ്ഥം ഗൃഹഭരണം, അൻവർ, അശ്വാരൂഢൻ, ഇയ്യോബിന്റെ പുസ്തകത്തിലെ താച്ചു, ഡബിൾ ബാരൽ എന്നീ ചിത്രങ്ങളിലൊക്കെ ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിച്ചു. ഏകദേശം 25 സിനിമകളിലദ്ദേഹം ചെറുവേഷങ്ങളും ശ്രദ്ധേയമായ വേഷങ്ങളും കൈകാര്യം ചെയ്തു. രാജ്യാന്തര ചലച്ചിത്ര മേളകളിൽ പ്രദർശിപ്പിച്ച സഞ്ജു സുരേന്ദ്രന്റെ  ‌"എദൻ" എന്ന സിനിമയിൽ മാനസാന്തരപ്പെട്ട ഗുണ്ട - മാടൻ തമ്പിയുടെ വേഷം ഏറെ വ്യത്യസ്തമായിരുന്നു. തുടർന്ന് പ്രണയപട്ടണമെന്ന സിനിമയിലും ജോസഫേട്ടനെന്ന കഥാപാത്രം വ്യത്യസ്തമായി അവതരിപ്പിച്ചിരുന്നു.

2021ൽ പുറത്തിറങ്ങിയ ജോജി എന്ന സിനിമയിൽ ഫഹദ് ഫാസിലിന്റെ അപ്പൻ കഥാപാത്രമായ പനച്ചേൽ കുട്ടപ്പനെന്ന വേഷമാണ് ഒടുവിൽ പുറത്തിറങ്ങിയത്.