ദീപ്തി സതി

Deepthi
Date of Birth: 
Sunday, 29 January, 1995
ദീപ്തി

1995 ജനുവരി 29 -ന് നൈനിറ്റാൾ സ്വദേശിയായ ദിവ്യേഷ് സതിയുടെയും മലയാളിയായ മാധുരി സതിയുടെയും മകളായി മുംബൈയിൽ ജനിച്ചു. കനോസ കോണ്വെന്റ് ഹൈസ്ക്കൂളിലായിരുന്നു ദീപ്തി സതിയുടെ പ്രാഥമിക വിദ്യഭ്യാസം. മുംബൈ സെന്റ് സേവിയർ കോളേജിൽ നിന്നും ബിസിനസ് അഡ്മിനിസ്റ്റ്രേഷനിൽ ബിരുദമെടുത്തു. വിദ്യാഭ്യാസത്തിനുശേഷം ദീപ്തി മോഡലിംഗ് പ്രൊഫഷനായി തിരഞ്ഞെടുത്തു. 2012 -ൽ മിസ് കേരളയായി തിരഞ്ഞെടുക്കപ്പെട്ട ദീപ്തി 2014 -ൽ ഫെമിന മിസ് ഇന്ത്യ ഫൈനലിസ്റ്റായി. കൂടാതെ 2013 -ലെ നേവി ക്യൂൻ ആയി തിരഞ്ഞെടുക്കപ്പെട്ടു, 2013 -ലെ ഇന്ത്യൻ പ്രിൻസസ് റണ്ണർ അപ്പ് ആയും തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

2015 -ൽ ലാൽജോസ് സംവിധാനം ചെയ്ത നീന എന്ന സിനിമയിൽ നായികയായിക്കൊണ്ടാണ് ദീപ്തി സതി അഭിനയരംഗത്തേയ്ക്കെത്തുന്നത്. നീനയിലെ അഭിനയത്തിന് ആ വർഷത്തെ മികച്ച പുതുമുഖ നടിയ്ക്കുള്ള ഫിലിംഫെയർ അവാർഡടക്കം നിരവധി പുരസ്ക്കാരങ്ങൾ ദീപ്തി കരസ്ഥമാക്കി.  അതിനുശേഷം 2016 -ൽ കന്നഡ,തെലുങ്കു ഭാഷകളിലെടുത്ത ജാഗ്വാർ എന്ന സിനിമയിലാണ് ദീപ്തി അഭിനയിച്ചത്. 2017 -ൽ മലയാളത്തിൽ മമ്മൂട്ടിയുടെ നായികയായി പുള്ളിക്കാരൻ സ്റ്റാറാ എന്ന സിനിമയിൽ അഭിനയിച്ചു. ഡ്രൈവിംഗ് ലൈസൻസ്,പത്തൊൻപതാം നൂറ്റാണ്ട് എന്നിവയുൾപ്പെടെ പത്തോളം മലയാളചിത്രങ്ങളിൽ ദീപ്തി സതി അഭിനയിച്ചിട്ടുണ്ട്. കൂടാതെ തമിഴ്,തെലുങ്ക്,കന്നഡ,മറാഠി സിനിമകളിലും അവർ അഭിനയിച്ചു. സിനിമകൾക്കുപുറമേ മോഡലിംഗ് രംഗത്തും സജീവമാണ് ദീപ്തി സതി.