ദിവ്യപ്രഭ

Divyaprabha
Date of Birth: 
Saturday, 18 May, 1991
ദിവ്യ

മലയാള ചലച്ചിത്ര നടി. 1991 മെയ് 18 ന് പി എസ് ഗണപതി അയ്യരുടെയും ലീലാമണിയുടെയും മകളായി തൃശ്ശൂരിൽ ജനിച്ചു. ചേർപ്പ് ഹയർ സെക്ക്ന്ററി സ്ക്കൂൾ, കൊല്ലം ടി കെ എം കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. കൊല്ലം ടികെഎം കോളജിൽ നിന്നും ബിരുദം പൂർത്തിയാക്കിയശേഷം എംബിഎ പ്രവേശന പരീക്ഷയ്ക്കും മറ്റുമായി ദിവ്യ പ്രഭ എറണാംകുളത്തെത്തി. ഒരു ദിവസം രാവിലെ സുഭാഷ് പാർക്കിൽ ജോഗിങ്ങിനു പോയപ്പോൾ ലോക്പാൽ എന്ന സിനിമയുടെ സെറ്റിട്ടിരുന്നു. അതിലൊരു സീനിൽ നിൽക്കാമോ എന്ന് ആ സിനിമയുടെ അസോസിയേറ്റിൽ ഒരാൾ ദിവ്യയോട് ചോദിച്ചു. അത് സമ്മതിച്ചതോടെ ദിവ്യപ്രഭ ആദ്യമായി മുഖം കാണിച്ച സിനിമയായി ലോക്പാൽ.

പിന്നീട് പിയാനിസ്റ്റ്, മുംബൈ പോലീസ് തുടങ്ങിയ സിനിമകളിൽ ചെറിയ വേഷങ്ങൾ ലഭിച്ചു. സംവിധായകൻ കമലിന്റെ നടൻ എന്ന സിനിമയിൽ ഹസീന എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. 2014 ൽ ഇതിഹാസ എന്ന സിനിമയിൽ ഒരു പ്രധാന വേഷം ചെയ്തതോടെയാണ്  ദിവ്യപ്രഭ ശ്രദ്ധിയ്ക്കപ്പെടുന്നത്. 2015 ൽ സീരിയലിൽ അഭിനയിക്കാൻ തുടങ്ങി. കെ കെ രാജീവ് സംവിധാനം ചെയ്ത അമ്മ മാനസം, ഈശ്വരൻ  സാക്ഷി എന്നീ സീരിയലുകളിൽ അഭിനയിച്ചു. 2015 ലെ കേരള സ്റ്റേറ്റ് ടെലിവിഷൻ അവാർഡിൽ മികച്ച രണ്ടാമത്തെ അഭിനേത്രിക്കുള്ള അവാർഡും ലഭിച്ചു. 

ഈശ്വരൻ സാക്ഷിയായ് എന്ന സീരിയലിൽ ദിവ്യയോടൊപ്പം അഭിനയിച്ച പ്രേം പ്രകാശിന്റെ പക്കലുള്ള ദിവ്യയുടെ ഫോട്ടോകൾ കണ്ടാണ് സംവിധായകൻ മഹേഷ് നാരായണൻ താൻ സംവിധാനം ചെയ്യുന്ന ടേക്ക് ഓഫ് എന്ന സിനിമയിലേയ്ക്ക് വിളിയ്ക്കുന്നത്. ടേക്ക് ഓഫിൽ ദിവ്യപ്രഭ അവതരിപ്പിച്ച ജിൻസി എന്ന നേഴ്സിന്റെ വേഷം പ്രേക്ഷക പ്രീതി നേടി. വേട്ട, കമ്മാര സംഭവം, തമാശ.. എന്നിവയുൾപ്പെടെ ഇരുപതോളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. കയൽ എന്ന ഒരു തമിഴ് സിനിമയിലും ദിവ്യപ്രഭ അഭിനയിച്ചിട്ടുണ്ട്.